തിരുവനന്തപുരം: ഭരണം അവസാനിക്കും മുമ്പ് താമസിച്ച വീടിന്റ കഴുക്കോൽ പോലും അടിച്ചുമാറ്റി വില്ക്കുന്ന ആളെ പോലായാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും. തുടർഭരണം ഉറപ്പില്ലാത്തതു കൊണ്ട് പോകുന്ന വഴിയെ പരമാവധി പിൻവാതിൽ നിയമനം നടത്തി ആളുകളെ തിരുകി കയറ്റാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഇതിന് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടമൊന്നും ബാധമാകാതെ കള്ളക്കളി നടത്തുകയാണ് സർക്കാർ. തെരഞ്ഞെടുപ്പു പ്രഖ്യാപനം വരും മുമ്പ് പുതിയ തസ്തികകൾ സൃഷ്ടിച്ചതിന് പിന്നാലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന 51 പേരെ കരാർ ജീവനക്കാരായി നിയമിച്ചു കൊണ്ടും ഉത്തരവായി. അവിടം കൊണ്ടും തീർന്നില്ല, ഐഎഎസുകാരുടെ കുടുംബത്തിന്റെ ചികിത്സാ ചിലവുകളും സർക്കാർ വഹിക്കുമെന്നാണ് മുഖ്യമന്ത്രി തീരുമാനിച്ചത്. അത് വിദേശത്തായാലും സ്വദേശത്തായാലും. ഇങ്ങനെ ഖജനാവ് മുടിക്കാനുള്‌ല എല്ലാ വഴികളും ഈ സർക്കാർ ഉണ്ടാക്കിവെച്ചിട്ടുണ്ട്.

നിയമസഭയിൽ 20 തസ്തിക സൃഷ്ടിച്ചു

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു തൊട്ടു മുൻപായി നിയമസഭയിൽ ജോയിന്റ് സെക്രട്ടറി മുതൽ ഓഫിസ് അറ്റൻഡന്റ് വരെ 20 തസ്തിക സൃഷ്ടിച്ചു സ്പീക്കർ ഉത്തരവിട്ടു. 85,000 - 1,17,600 ശമ്പള സ്‌കെയിലുള്ള ജോയിന്റ് സെക്രട്ടറി, 77,400-1,15,200 ശമ്പള സ്‌കെയിലുള്ള ഡപ്യൂട്ടി സെക്രട്ടറി തസ്തികകൾ അടക്കം ഇതിൽ ഉൾപ്പെടുന്നു. സ്‌പെഷൽ സെക്രട്ടറി തസ്തിക അനുവദിക്കണമെന്ന നിർദ്ദേശം മുഖ്യമന്ത്രിയുടെ ഓഫിസ് നിരസിച്ചതിനാൽ നടന്നില്ല. നിയമസഭയിൽ സ്‌പെഷൽ സെക്രട്ടറി മുതൽ ഡപ്യൂട്ടി സെക്രട്ടറി തലം വരെയുള്ള തസ്തികകൾ അനുവദിക്കണമെങ്കിൽ മുഖ്യമന്ത്രി ഫയൽ കാണണം.

3 വർഷത്തിനിടെ നിയമസഭയിൽ തുടക്കമിട്ട നവീന ഉദ്യമങ്ങൾക്കും ഓരോ വകുപ്പിലും വർധിച്ചു വരുന്ന ജോലി ഭാരത്തിനും അനുസൃതമായാണു തസ്തിക അനുവദിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. അതേസമയം സർവീസ് സംഘടനകളെ തൃപ്തിപ്പെടുത്താനായി കൂടുതൽ ജീവനക്കാർക്കു സ്ഥാനക്കയറ്റം നൽകുന്നതിനാണു തസ്തിക സൃഷ്ടിച്ചതെന്നും ജോലിഭാരവുമായി ബന്ധമില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ കരാർ നിയമന മാമാങ്കം

ഈ സർക്കാറിന്റെ അവസാന കാലത്ത് ഏറ്റവും വിവാദമായിരുന്നത് കരാർ നിയമന വിവാദങ്ങളായിരുന്നു. ഇഷ്ടക്കാരെ തിരുകി കയറ്റാൻ യഥേഷ്ടം ഇത്തരം നിയമനങ്ങൾ സർക്കാർ നടത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും ഇത്തരം നിയമനങ്ങൾ ഉണ്ടായി. ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന 51 പേരെ കരാർ ജീവനക്കാരായി നിയമിച്ച് ഡയറക്ടറുടെ ഉത്തരവിറക്കി. സർക്കാരിന്റെയോ ഭരണ സമിതിയുടെയോ അനുമതിയില്ലാതെയാണു നിയമനങ്ങളെന്ന ആക്ഷേപം ഉണ്ടെങ്കിലും വേണ്ടവരുടെ അനുമതി ഉണ്ടെന്നാണ് സൂചനയ

മാർച്ച് 1 മുതൽ 51 പേർക്ക് കരാർ നിയമനം നൽകിയതായാണു തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് രണ്ടു ദിവസം മുൻപ് ഡയറക്ടർ പ്രഫ. വി.കാർത്തികേയൻ നായർ ഇറക്കിയ ഉത്തരവിൽ പറയുന്നത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് നിയമനങ്ങൾ. റിസർച് ഓഫിസർ, എഡിറ്റോറിയൽ അസിസ്റ്റന്റ്, എൽഡി ക്ലാർക്ക്, ക്ലറിക്കൽ അറ്റൻഡർ, ഡ്രൈവർ, പ്രിന്റർ, ബൈൻഡർ തുടങ്ങിയ തസ്തികകളിലാണു നിയമനം.

മാനുഷിക പരിഗണന, സ്വാഭാവിക നീതി, വിദ്യാഭ്യാസ യോഗ്യത, പരിചയ സമ്പന്നത തുടങ്ങിയവ പരിഗണിച്ചാണു കരാർ നിയമനമെന്നാണ് ഉത്തരവിൽ പറയുന്നത്. ഡയറക്ടറുടെ മകൾക്കു കിൻഫ്രയിൽ അസി. മാനേജർ തസ്തികയിൽ നിയമനം നൽകിയത് നേരത്തേ വിവാദമായിരുന്നു. ഈ നിയമനത്തിനുള്ള പ്രത്യുപകാരമായാണു സിപിഎം ബന്ധമുള്ള ഇത്രയേറെപ്പേർക്കു നിയമനം നൽകിയതെന്നാണ് ആരോപണം.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട് വിജ്ഞാപനം വന്നതാണെങ്കിലും സ്‌പെഷൽ റൂൾ അപ്രൂവൽ സർക്കാരിന്റെ പരിഗണനയിലാണ്. ഇപ്പോൾ നിയമിച്ചവരെല്ലാം വർഷങ്ങളായി സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണെന്നും ദിവസ വേതനക്കാർ നേരിടുന്ന വിവേചനം അവസാനിപ്പിക്കുന്നതിനാണു കരാർ നിയമനമെന്നും കാർത്തികേയൻ നായർ പറഞ്ഞു.

ഐഎഎസുകാർ ഇത്ര ദരിദ്ര്യരോ? കുടുംബത്തിന്റെ മുഴുവൻ ചികിത്സയും സർക്കാർ വക

സംസ്ഥാന ഖജനാവിൽ നിന്നും കോടികൾ ചെലവിട്ട് വിദേശ ചികിത്സ നടത്തുന്ന മന്ത്രിമാരെ കുറിച്ചുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നത്. ഇപ്പോഴിതാ മറ്റൊരു അധികബാധ്യത കൂടി സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്തു ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും സ്വദേശത്തും വിദേശത്തുമുള്ള ചികിത്സാ ചെലവു പൂർണമായും സർക്കാർ ഏറ്റെടുത്തു. ഇതിനായി പ്രത്യേക ചികിത്സാ ആനുകൂല്യങ്ങൾ അനുവദിച്ചു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന തീയതി വച്ചു സർക്കാർ ഉത്തരവിറക്കി. ഇതിനു കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ പ്രാബല്യവും നൽകിയിട്ടുണ്ട്.

എംഎൽഎമാർക്കും ജുഡീഷ്യൽ ഉദ്യോഗസ്ഥർക്കും നൽകുന്ന രീതിയിൽ തങ്ങൾക്കും മെഡിക്കൽ റീഇംപേഴ്‌സ്‌മെന്റ് ആനുകൂല്യങ്ങൾ നൽകണമെന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണു പദ്ധതി അംഗീകരിച്ചതെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. സ്വകാര്യ ആശുപത്രികളിലെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കണം. ആരോഗ്യ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ വിദേശത്തു ചികിത്സയ്ക്കു പോയാൽ അതിന്റെ ചെലവും വഹിക്കും.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു സർക്കാർ ജീവനക്കാരുടെ മെഡിക്കൽ റീഇംപേഴ്‌സ്‌മെന്റ് നിർത്തലാക്കി അവർക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ ആലോചിച്ചിരിക്കെയാണ് ഐഎഎസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമായി പ്രത്യേക ചികിത്സാ പദ്ധതി. ചികിത്സയ്ക്കും മരുന്നിനും മാത്രമല്ല സിറിഞ്ച്, സൂചി, മുറിവു തുടയ്ക്കുന്ന പഞ്ഞി, വൈറ്റമിൻ ഗുളികകൾ തുടങ്ങി എല്ലാ സാധനങ്ങളുടെയും വില അവർക്കു സർക്കാർ തിരികെ നൽകും. ഐഎഎസ് ഉദ്യോഗസ്ഥർ, ജീവിത പങ്കാളി, മക്കൾ, ദത്തെടുത്ത കുട്ടികൾ, മാതാപിതാക്കൾ എന്നിവരുടെ ചികിത്സാ ചെലവു പൂർണമായും സർക്കാർ വഹിക്കണം.

സർക്കാർ ജീവനക്കാരുടെ മെഡിക്കൽ റീഇംപേഴ്‌സ്‌മെന്റ് ആണ് ഇതുവരെ ഐഎഎസ് ഉദ്യോഗസ്ഥർക്കും ബാധകമായിരുന്നത്. നിശ്ചിത മരുന്നുകൾക്കും ചികിത്സയ്ക്കും മാത്രമേ റീഇംപേഴ്‌സ്‌മെന്റ് ലഭിച്ചിരുന്നുള്ളൂ. സ്‌കാനിങ്ങിനും മറ്റും നൽകിയിരുന്ന തുകയ്ക്കു പരിധി ഉണ്ടായിരുന്നു.

ഫെബ്രുവരിയിലെ ഭക്ഷ്യക്കിറ്റിൽ നിന്ന് ഖാദി മാസ്‌ക് അപ്രത്യക്ഷം

അതിനിടെ റേഷൻ കാർഡ് ഉടമകൾക്കു നൽകുന്ന ഫെബ്രുവരിയിലെ ഭക്ഷ്യക്കിറ്റിൽ നിന്നു ഖാദി മാസ്‌ക് 'അപ്രത്യക്ഷ'മായി. ആദ്യഘട്ടത്തിൽ എഎവൈ (മഞ്ഞ) കാർഡുകളെ ഉദ്ദേശിച്ചു വിതരണം ചെയ്ത കിറ്റുകളിൽ 2 മാസ്‌ക് വീതം ഉണ്ടായിരുന്നു. എന്നാൽ, ഈയാഴ്ച എത്തിയ കിറ്റുകളിൽ മാസ്‌ക് കാണാതായതോടെ കാർഡ് ഉടമകൾ അന്വേഷിച്ചു.

മാസ്‌ക് ഇല്ലാത്ത കിറ്റുകളാണു സപ്ലൈകോയിൽ നിന്നു ലഭിച്ചതെന്നു റേഷൻ കടക്കാർ അറിയിച്ചെങ്കിലും കാർഡ് ഉടമകൾ ബഹളമുണ്ടാക്കി. ആദ്യഘട്ടത്തിൽ വിതരണം ചെയ്ത കിറ്റുകളിലെ മാസ്‌കുകളുടെ നിലവാരത്തെക്കുറിച്ച് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണു രണ്ടാംഘട്ടത്തിലെ വിതരണത്തിൽ ഇവ അപ്രത്യക്ഷമായതെന്നു സൂചനയുണ്ട്. എന്നാൽ, ആവശ്യത്തിനു മാസ്‌ക് ലഭിക്കാത്തതിനാലാണ് ഉൾപ്പെടുത്താത്തതെന്ന് അധികൃതർ വ്യക്തമാക്കി.