ബംഗളൂരു: കർണാടകയിൽ യെദ്യൂരിയപ്പ സ്ഥാനമൊഴിയുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അതിന് എന്നാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കാത്തിരിക്കുന്നത്. യെദ്യൂരിയപ്പ സർക്കാരിന് രണ്ട് വർഷം പൂർത്തിയാകുന്ന ജൂലായ് 26 ന് ശേഷം മാത്രമെ അദ്ദേഹം സ്ഥാനമൊഴിയുകയുള്ളു എന്നാണ് പുറത്തുവരുന്ന സൂചനകൾ. പാർട്ടി നേതൃത്വം ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതായും പടിയിറങ്ങുന്നതിന് മുമ്പുള്ള 'ഡീലി'ന്റെ ഭാഗമായായിരുന്നു യെദിയൂരപ്പയുടെ ഡൽഹി സന്ദർശനമെന്നുമാണ് വിവരം. മക്കളായ ബി.വൈ. രാഘവേന്ദ്ര, ബി.വൈ. വിജയേന്ദ്ര എന്നിവർക്ക് പ്രധാന പദവികൾ ഉറപ്പാക്കിയതോടെയാണ് യെദിയൂരപ്പ പദവിയൊഴിയാൻ സന്നദ്ധനായത്. മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപിയിലെ തന്നെ മന്ത്രിമാരടക്കമുള്ള നേതാക്കൾ പരസ്യമായി രംഗത്തുവന്നിരുന്നു.

കർണാടകയിൽ ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കാൻ ആർ.എസ്.എസ് മുഖമുള്ള മുഖ്യമന്ത്രിയെയാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. എല്ലാ കാര്യത്തിലും യു.പി മോഡലാണ് കർണാടകയിലും പരീക്ഷിക്കുന്നത്. ദക്ഷിണേന്ത്യയിൽ ഒരിടത്തെങ്കിലും യുപി മോഡൽ വിജയിച്ചാൽ മറ്റ് സംസ്ഥാനങ്ങളിലും അതിന്റെ സ്വാധീനം ഉണ്ടാകുമെന്ന് ആർഎസ്എസ് നേതൃത്വം കരുതുന്നു. അതിന് ഏറ്റവും അനുയോജ്യമായ സംസ്ഥാനം കർണാടകയാണെന്നും അവർക്കറിയാം. എന്നാൽ ഇക്കാര്യത്തിൽ യെദിയൂരപ്പയുടെ സൗമ്യസമീപനം ദേശീയ നേതൃത്വത്തിന് ഉൾക്കൊള്ളാനായിട്ടില്ല.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നുപേർ പരിഗണനയിലുള്ളതായി കഴിഞ്ഞദിവസം പാർട്ടി സംസ്ഥാന അധ്യക്ഷന്റെതെന്ന പേരിൽ പുറത്തുവന്ന ശബ്ദസന്ദേശത്തിൽ വെളിപ്പെടുത്തിയിരുന്നു. അതിനിടെ കർണാടകയിലെ ലിംഗായത്ത് മഠാധിപതികൾ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയത് ഏറെ അഭ്യൂഹങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ബലെഹൊസുർ മഠാധിപതി ദിംഗലേശ്വര സ്വാമിയുടെ നേതൃത്വത്തിലുള്ള വീരശൈവ ലിംഗായത്ത് പ്രതിനിധി സംഘമാണ് ചൊവ്വാഴ്ച ഔദ്യോഗികമായി യെദിയൂരപ്പയുമായി ചർച്ച നടത്തിയത്.

ലിംഗായത്ത് നേതാവായ യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ ലിംഗായത്ത് നേതൃത്വം അതൃപ്തരാണ്. കർണാടകയിൽ ബിജെപിയുടെ നിർണായക വോട്ടുബാങ്കാണ് ലിംഗായത്തുകൾ. സംസ്ഥാനത്ത് ബിജെപിയുടെ ഭാവിയെ കുറിച്ച് ബിജെപി നേതൃത്വം ചിന്തിക്കണമെന്ന മുന്നറിയിപ്പും ലിംഗായത്ത് മഠാധിപതികൾ നൽകിയിട്ടുണ്ട്.

കർണാടകയിലെ 500 മഠാധിപതികളെ വിളിച്ചുചേർത്ത് യെദിയൂരപ്പക്ക് പിന്തുണ പ്രഖ്യാപിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾക്കും ലിംഗായത്ത് നേതൃത്വം ആലോചിക്കുന്നുണ്ട്. എന്നാൽ, മുഖ്യമന്ത്രി മാറ്റത്തെ കുറിച്ച് ഒന്നും സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബിജെപി നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കാൻ താൻ ബാധ്യസ്ഥനാണെന്നുമുള്ള മറുപടിയാണ് അദ്ദേഹം മഠാധിപതികൾക്ക് നൽകിയത്.

കഴിഞ്ഞദിവസം അഖില ഭാരതീയ വീരശൈവ മഹാസഭ അധ്യക്ഷൻ ഷാമന്നൂർ ശിവശങ്കരപ്പയും ലിംഗായത്ത് നേതാവായ മുൻ മന്ത്രി എം.ബി പാട്ടീലും യെദിയൂരപ്പയെ സന്ദർശിച്ചിരുന്നു. യെദിയൂരപ്പയെ മാറ്റിയാൽ സമുദായം കനത്ത മറുപടി നൽകുമെന്ന മുന്നറിയിപ്പും ഷാമന്നൂർ ശിവശങ്കരപ്പ നൽകി. കോൺഗ്രസ് നേതാക്കളായിരുന്നിട്ടും ഷാമന്നൂരും എം.ബി. പാട്ടീലും യെദിയൂരപ്പക്ക് പരസ്യമായി ലിംഗായത്ത് പിന്തുണ ഉറപ്പിക്കാൻ മുന്നിൽനിൽക്കുന്നതിലൂടെ അദ്ദേഹത്തിന് ലിംഗായത്ത് സമുദായത്തിലുള്ള സ്വാധീനമാണ് പ്രകടമാവുന്നതെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.