വാഷിങ്ടൺ: നൂറ് ദിവസത്തേക്ക് മാസ്‌ക് ധരിക്കണം എന്നാണ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കുന്ന ആദ്യ ദിവസം താൻ ജനങ്ങളോട പറയുക എന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.കോവിഡ് 19 പ്രതിരോധിക്കുന്നതിൽ ഡെമോക്രാറ്റിക് സർക്കാർ കൊടുക്കുന്ന പ്രാധാന്യം വ്യക്തമാക്കാനാണ് ബൈഡൻ അമേരിക്കക്കാരോട് 100 ദിവസത്തേക്ക് മാസ്‌ക് ധരിക്കണമെന്ന് പറയുന്നതെന്നാണ് വിലയിരുത്തൽ.എന്നാൽ താനൊരിക്കലും മാസ്‌ക് ധരിക്കില്ലെന്ന ട്രംപിനുള്ള മറുപടിയായി കൂടിയാണ് ജോ ബൈഡന്റെ നിർദ്ദേശം എന്നും വിലയിരുത്തപ്പെടുന്നുണ്ട്.
സി.എൻ.എൻ അവതാരകൻ ജെയ്ക്ക് ടാപ്പറുമായുള്ള സംഭാഷണത്തിലാണ് ജനുവരി 20ന് വൈറ്റ് ഹൗസിൽ വെച്ച് അമേരിക്കൻ ജനതയോട് 100 ദിവസത്തേക്ക് എങ്കിലും നിങ്ങൾ നിർബന്ധമായി മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ബൈഡൻ പറഞ്ഞത്. മാസ്‌ക് ധരിക്കുകയാണെങ്കിൽ കൊറോണ വൈറസ് പടരുന്നത് വലിയ അളവിൽ കുറക്കാൻ സാധിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

എന്നാൽ മാസ്‌ക് നിർബന്ധമാക്കണമെന്ന് പറയുന്നത് പ്രസിഡന്റിന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് പറഞ്ഞ് ബൈഡന്റെ ആവശ്യത്തിനെതിരെ വിമർശനവും ഉയർന്നിരുന്നു.അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്ന് ജോ ബൈഡൻ പറഞ്ഞിരുന്നു.ഇതിനോടകം 275,000 പേരാണ് അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്.

വൈറ്റ് ഹൗസിലെ അവസാന ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും. അതിനിടെ തെരഞ്ഞെടുപ്പിലേറ്റ പരാജയം ട്രംപ് ഇതുവരെയും പൂർണമായി അംഗീകരിച്ചിട്ടില്ല.