തലശേരി: ബലി പെരുന്നാൾ ദിവസം തലേന്ന് തലശേരി നഗരത്തിൽ വാഹനാഭ്യാസ പ്രകടനം നടത്തുന്നതിനിടെ സ്‌കൂട്ടർ യാത്ര കാരനായ എൻജിനിയറിങ് വിദ്യാർത്ഥി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ മുൻകൂർ ജാമ്യ ഹരജി നാളത്തേക്ക് മാറ്റി. താഴെചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിന്റെ (19) അപകട മരണത്തിനിടയാക്കിയ കേസിൽ പ്രതിചേർക്കപ്പെട്ട യുവാവിന്റെ മുൻകൂർ ജാമ്യഹരജിയിലെ വിധിയാണ് നാളത്തേക്ക് മാറ്റിയത്.

കതിരൂർ ഉക്കാസ്മെട്ട ഉമ്മേഴ്സിൽ റൂബിന്റെ ജാമ്യഹരജിയിൽ വിധി പറയുന്നതാണ് തലശേരി ജില്ലാസെഷൻസ് കോടതി മാറ്റിയത്. റൂബിൻ സാഹസികമായി വാഹനം ഓടിച്ചതിനെ തുടർന്നായിരുന്നു അഫ്ലാഹ് തലശേരി ജൂബിലി റോഡിലുണ്ടായ അപകടത്തിൽ മരിക്കാനിടയായത്. റൂബിൻ ഓടിച്ച പജേറോ ജീപ്പ് അഫ്ലഹ് സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഒളിവിലുള്ള റൂബിനായി തലശേരി പൊലിസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസിനു ലഭിച്ചിരുന്നു. തലശേരി എ.സി.പി മൂസവള്ളിക്കാടന്റെ നേതൃത്വത്തിലാണ് റൂബിനായുള്ള അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ റൂബിനെ കണ്ടെത്താൻ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.