തിരുവനന്തപുരം: കഞ്ചാവ് കടത്ത് പൊലീസിന് ഒറ്റിക്കൊടുത്ത പകയിൽ തലസ്ഥാനത്തെ ചാക്ക ഊബർ ടാക്‌സി ഡ്രൈവർ സമ്പത്തിനെ മുഖവും ശരീരവും കുത്തിക്കീറി മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യമില്ല. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നിരസിച്ചത്. സി. ഡി. ഫയലും പൊലീസ് റിപ്പോർട്ടും പരിശോധിച്ചതിൽ ഗൗരവമേറിയ കൃത്യത്തിൽ പ്രതികളുടെ പങ്കും പങ്കാളിത്തവും പ്രഥമദൃഷ്ട്യാ വ്യക്തമാകുന്ന തെളിവുകൾ ഉണ്ട്. ക്രൂരവും മൃഗീയവുമായ രീതിയിലാണ് കൃത്യം ചെയ്തതായി കാണുന്നത്.

അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികളെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെയും കേസിന്റെ വസ്തുത അറിയാവുന്നവരേയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തിക്കാൻ സാധ്യതയുണ്ട്. ശിക്ഷ ഭയന്ന് ഒളിവിൽ പോകാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി. കൃഷ്ണകുമാർ പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജൂൺ 29 മുതൽ റിമാന്റിൽ കഴിയുന്ന കഞ്ചാവ് കടത്തു കേസ് പ്രതികളായ കഠിനംകുളം പുതുക്കുറിച്ചി സ്വദേശികളായ സനൽ മുഹമ്മദ് ഖനി (29) , സജാദ് (26) എന്നിവർ സമർപ്പിച്ച ജാമ്യ ഹർജികളാണ് കോടതി തള്ളിയത്.

2021 ജൂൺ 28 നാണ് തലസ്ഥാനം നടുങ്ങിയ അരും കൊലപാതകം നടന്നത്. തിങ്കളാഴ്ച പുലർച്ചെ ഊബർ ടാക്‌സി ഡ്രൈവർ പേട്ട സ്വദേശി സമ്പത്തിനെ ചാക്കയിലെ വാടക വീട്ടിനുള്ളിൽ മുഖം തിരിച്ചറിയാനാവാത്ത വിധം ശരീരത്തിൽ 60 ഓളം മുറിവുകളോടെ രക്തം വാർന്ന് മൃഗീയമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ക്രൂര കൊലപാതകത്തിനിടെ ഒന്നാം പ്രതിയായ സനൽ മുഹമ്മദിന് കൈക്ക് പരിക്കേറ്റിരുന്നു.

സനൽ ചികിത്സ തേടി സ്വകാര്യ ആശുപത്രിയിലെത്തി. ബൈക്കിൽനിന്ന് വീണെന്നായിരുന്നു ആശുപത്രിയിൽ പറഞ്ഞത്. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. സനലിനെ അന്വേഷിച്ച് ആശുപത്രിയിലെത്തിയപ്പോഴാണ് സജാദ് പിടിയിലായത്.