കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട കവി ബാലചന്ദ്രൻ ചുള്ളിക്കാടിനുനേരെയും സൈബർ ആക്രമണം. രണ്ടു വർഷംമുമ്പ് മാതൃഭൂമിയുടെ സാഹിത്യേൽസവമായ 'ക' ഫെസ്റ്റിവിലിൽ ചുള്ളിക്കാട് നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തിയെടുത്ത് അദ്ദേഹത്തിൽ അഹങ്കാരവും ജാഡയും ആരോപിച്ചാണ് പ്രചാരണം നടക്കുന്നത്. മാതൃഭൂമി ഫെസ്റ്റിവലിലെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

താൻ കഴിഞ്ഞ ആഴ്ചയും എഴുതിയ കവിതകൾ വായിക്കാതെ ഇപ്പോൾ ഒന്നും എഴുതിന്നില്ലല്ലോ, സിനിമയുടെ കപടലോകത്തുനിന്ന് കവിതയിലേക്ക് മടങ്ങിവന്നുകുടെ തുടങ്ങിയ ചോദ്യങ്ങൾക്കാണ് ചുട്ട മറുപടി ചുള്ളിക്കാട് കൊടുക്കുന്നത്. ഇതിൽ എവിടെയും അദ്ദേഹം ചോദ്യ കർത്താക്കളെ ആക്ഷേപിക്കുന്നില്ല. എന്റെ ജീവിതം എന്റെ സ്വാതന്ത്ര്യമാണെന്നും, ഒന്നും വായിക്കാതെ വെറുതെ വാചകമടിക്കുകയും ചെയ്യുന്ന മലയാളിയുടെ പൊതുനിലപാടിനെയുമാണ് സിനിമാ- സീരിയൽ നടൻ കൂടിയായ ചുള്ളിക്കാട് വിമർശിക്കുന്നത്.

പക്ഷേ ഇത് മനസ്സിലാക്കാതെ ചുള്ളിക്കാട് ചോദ്യകർത്താക്കളെ അപമാനിച്ചുവെന്ന രീതിയിലാണ് സൈബർ ലോകത്ത് പ്രചാരണം നടക്കുന്നത്. അതേസമയം ആശേകാൻ ചരുവിൽ, സുധാമേനോൻ തുടങ്ങിയ നിരവധി എഴുത്തുകാരും സോഷ്യൽമീഡിയ ആക്റ്റീവിസ്റ്റുകളും ചുള്ളിക്കാടിനെ അനുകൂലിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

നവമാധ്യമങ്ങളിൽ വൈറലായ വീഡിയോ ഇങ്ങനെയാണ്. '

ചോദ്യം: 'കവിതയിൽനിന്ന് സിനിമയിലേക്കുള്ള ദൂരം, തിരിച്ചിനി കവിതയിലേക്ക് മടങ്ങി വരുമോ. നല്ല കവിതകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകൾ ഇന്നുണ്ട്. സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങി വന്നുകൂടെ.

ചുള്ളിക്കാട്: സൗകര്യമില്ല. (മെക്ക് താഴെവെക്കുന്നു. ഒരു സെക്കൻഡ് മൗനത്തിനുശേഷം വീണ്ടും മൈക്ക് എടുക്കുന്നു)

ഞാൻ പറഞ്ഞല്ലോ. എനിക്ക് തോനുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. മറ്റുള്ളവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാറില്ല. ഞാൻ എന്റെ ജീവിതമാണ് ജീവിക്കുന്നത്. മറ്റുള്ളവരുടെ ജീവിതം ജീവിക്കാൻ എനിക്ക് സൗകര്യമില്ല. ഞാൻ ഈ അരനൂറ്റാണ്ടിനിടെ ആകെ 140 താഴെ കവികൾ മാത്രമേ എഴുതിയിട്ടുള്ളൂ. വല്ലപ്പോഴും എഴുതാൻ തോന്നുമ്പോൾ എഴുതുന്നു. അല്ലാതെ ഞാൻ മലയാളത്തിലെയോ മറ്റ് ഭാഷകളിലേയൊ ഒന്നും കവിതാ മൽസരത്തിൽ പങ്കെടുക്കുന്ന ആളല്ല.

( ഇതിനുശേഷം മറ്റൊരു സ്ത്രീ മൈക്ക് എടുത്ത് ചോദിക്കുന്നു)

ചോദ്യം: അങ്ങയോട് തരിച്ച് കവിതയിലേക്ക് വരാമോ എന്ന് ചോദിക്കുമ്പോൾ മനസ്സില്ല എന്ന് അങ്ങ് പറയുന്നു. പക്ഷേ കവിത ചൊല്ലുമ്പോൾ, അങ്ങയുടെ കണ്ഠമിടറിയതും, കണ്ണുകൾ നിറഞ്ഞതും അങ്ങയിലെ കവി ജീവിച്ചിരിക്കുന്നു എന്നത് ഞങ്ങൾ അഭിമാനത്തോടെ സ്വീകരിക്കുന്നു ( ആളുകൾ കൈയടിക്കുന്നു)

ചുള്ളിക്കാട്: 'രണ്ടാഴ്ച മുമ്പാണ് എന്റെ ഒരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അടിച്ചുവന്നത്. അതിന് രണ്ടാഴ്ച മുമ്പാണ് വേറൊരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അടിച്ചുവന്നത്. ഇങ്ങനെ ദിവസവും ഞാൻ പത്രത്തിൽ എഴുതിക്കൊണ്ടിരിക്കണോ. എന്റെ കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അടിച്ചുവന്ന അതേ ദിവസം, ഞാൻ മഹാരാജാസ് കോളജിൽ കൂടി വരുമ്പോൾ ഒരു അദ്ധ്യാപകൻ എന്നോട് ചോദിച്ച് ഇപ്പോൾ ഒന്നും കാണാറില്ലല്ലോ എന്ന്. വിനയത്തോട് ഞാൻ മറുപടി പറഞ്ഞത് 'ഞാൻ ഇപ്പോൾ ഒന്നും ആരെയും കാണിക്കാറില്ല സാറേ' എന്നായിരുന്നു.

എല്ല എന്താ ചെയ്യാ. ഇതൊക്കെ കള്ളത്തരമാണ്. ഒരു ആത്മാർഥതയും ഇല്ലാതെയാണ് ഈ ചോദിക്കുന്നത്. ഞാൻ ഇത്തരം ചോദ്യങ്ങളൊക്കെ ഒരുപാട് നേരിട്ടിട്ടുള്ളതാണ്. അതുകൊണ്ട് എനിക്ക് പരിഭവമില്ല അങ്ങനെ ചോദിക്കുന്നതിൽ. കഴിഞ്ഞതിന്റെ മുൻപിലത്തെ ആഴ്ചപ്പതിപ്പിൽ എന്റെ കവിത വായിച്ചിട്ടില്ലെങ്കിൽ അത് വായിച്ചിട്ടില്ല അത്രയേ ഉള്ളൂ. എഴുതാത്തത് എന്താണെന്ന് ചോദിച്ചാൽ എന്തു പറയും. എല്ലാ ആഴ്ചപ്പതിപ്പിലും ഞാൻ എഴുതിക്കൊണ്ടിരിക്കണോ. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർക്ക് മറ്റുള്ളവരുടെ കവിത പ്രസിദ്ധീരിക്കേണ്ടെ. എന്റെ മാത്രം കവിത പ്രസിദ്ധീകരിച്ച് കൊണ്ടിരുന്നാൽ മതിയോ. പിന്നെ എന്റെ കവിതകൂടി വായിച്ചിട്ട് ചാവാനിരിക്കയല്ലേ ഇവിടെ ആളുകൾ. ( സദസ്സിൽ കൈയടി)

ഒരു മനുഷ്യൻ പത്ത് ജന്മം കൊണ്ട് വായിച്ചാൽ തീരാത്ത അത്ര കവിതകൾ ഈ ലോകത്തുണ്ട്. പത്തു ജന്മം. ഒരു കവിത പത്തു ജന്മം വായിച്ചാൽ തീരില്ല. അതൊന്നും വായിക്കാതെ ഉപരിവിപ്ലവമായി എന്തെങ്കിയും പറയുന്ന ആളുകളെ ഞാൻ വകവെക്കാറേയില്ല. എന്റെ അവസാനത്തെ കവിതയും വായിച്ചിട്ട് ചാവാനിരിക്കയല്ലേ ഇവരൊക്കെ'.- ബാലചന്ദ്രൻ ചൂള്ളിക്കാട് പറഞ്ഞു.