ഇടുക്കി: രസികന്മാരാണ് ഇടുക്കിക്കാരനെന്ന് പറയേണ്ടതില്ലല്ലോ. സ്ഥലപ്പേര് കേട്ടാലറിയാം ഇടുക്കിക്കാരുടെ മനസ്സിലിരുപ്പ്. കൊച്ചിയും തിരുവനന്തപുരവുമൊന്നുമല്ല ഇടുക്കിക്കാർക്ക് സിറ്റികൾ. കുരുവിള സിറ്റി, എൻആർ സിറ്റി, ബാലൻ പിള്ള സിറ്റി, മൈക്ക് സിറ്റി അങ്ങനെ പേരുകൊണ്ട് സിറ്റികളായ സ്ഥലങ്ങൾ ഇനിയുമുണ്ട്.ഈ സിറ്റികൾക്ക് പിന്നിൽ ഒരുകഥയുമുണ്ട്. ചിലതൊക്കെ സിനിമകളിലൂടെ പേരുകേട്ടു. എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെ ബാലൻപിള്ള സിറ്റി കൂടുതൽ പ്രശസ്തമായി. മൈക്ക് സിറ്റി മമ്മൂട്ടിയുടെ ലൗഡ്‌സ്പീക്കറിലൂടെയും. ഇപ്പോഴത്തെ സംസാരവിഷയം ബാലൻ പിള്ള സിറ്റിയാണ്. കാരണം ഈ സ്ഥലനാമ കൗതുകത്തിന്റെ ആശാൻ ബാലൻ പിള്ള 96 ാം വയസിൽ വിടവാങ്ങി. രാമക്കൽമേടിന് അടുത്താണ് 'ബാലൻ പിള്ള സിറ്റി'

ആലപ്പുഴ മാതിരപ്പള്ളിയിൽ മകളുടെ വസതിയിൽ വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്നായിരുന്നു ബാലൻ പിള്ളയുടെ അന്ത്യം. നെടുങ്കണ്ടം മേഖലയിലെ ആദ്യ കുടിയേറ്റക്കാരനാണ് ബാലൻ പിള്ള. 1957 ൽ ആലപ്പുഴയിൽ നിന്ന് ഹൈറേഞ്ചിലെത്തിയ ബാലൻപിള്ള ഇവിടെ ഒരു ചായക്കട തുടങ്ങി. അതിനെ ചുറ്റിപ്പറ്റിയാണ് പിന്നെ ആ നാട് വളർന്നത്. മൂന്ന് പതിറ്റാണ്ടിന്റെ ഹൈറേഞ്ച് ജീവിതത്തിന് ശേഷം 1988ൽ ബാലൻപിള്ള ആലപ്പുഴയിലേക്ക് മടങ്ങിപ്പോയി. എന്നാൽ ഇടയ്‌ക്കൊക്കെ ബാലൻ പിള്ള സിറ്റിയിലേക്ക് വരുമായിരുന്നു. ഏറ്റവും ഒടുവിൽ വന്നത് നാല് കൊല്ലം മുമ്പ് രാമക്കൽമേട് ഫെസ്റ്റിന്റെ ഭാഗമായി നാട് നൽകിയ ആദരമേറ്റുവാങ്ങാനായിരുന്നു.

ലാൽ ജോസിന്റെ എൽസമ്മയെന്ന ആൺകുട്ടി എന്ന ചിത്രത്തിൽ ജനാർദ്ദനന്റെ കഥാപാത്രത്തിനും സ്ഥലത്തിനും പ്രചോദനമായതും ബാലൻപിള്ളയും അദ്ദേഹത്തിന്റെ പേരിലുള്ള സിറ്റിയുമായിരുന്നു. കരുണാപുരം പഞ്ചായത്തിലെ 4, 5, 6 വാർഡുകൾ ബാലൻപിള്ളസിറ്റി കേന്ദ്രീകരിച്ചാണ് അതിർത്തി പങ്കിടുന്നത്.

എൽസമ്മ എന്ന ആൺകുട്ടി സിനിമയുടെ ഷൂട്ടിങ് ഇവിടെയല്ല നടന്നതെങ്കിലും ബാലൻപിള്ള സിറ്റി എന്ന കൊച്ചു ഗ്രാമത്തിലെ കഥയായാണു സങ്കൽപ്പിച്ചിട്ടുള്ളത്. പല തരം സിറ്റികളുള്ള ഇടുക്കിയിൽ ഏറ്റവും പെരുമ ബാലൻപിള്ള സിറ്റിക്കാണ്.

സിറ്റികളുടെ നാട്

സിറ്റിയെന്ന പേരിലുള്ള ചെറുകവലകൾ ഇടുക്കി ജില്ലയുടെ പ്രത്യേകതയാണ്. അഞ്ചോ പത്തോ കടകളുള്ള സ്ഥലം വരെ ഇവിടെ സിറ്റിയാണ്.ഇടുക്കി രൂപത ആസ്ഥാനമായ കരിമ്പനിലെ കുട്ടപ്പൻ സിറ്റി മുതൽ കുടിയേറ്റ കർഷകന്റെ ഈറ്റില്ലമായ മാങ്കുളത്തെ കുവൈറ്റ് സിറ്റി വരെയും നിരവധി സിറ്റികളാണ് ഇടുക്കിയിലുള്ളത്.

കുരുവിള സിറ്റി: ആദ്യകാല കുടിയേറ്റ കർഷകനായിരുന്ന തെക്കനാട്ട് കുരുവിളയുടെ പേരിലുള്ള ഈ സിറ്റി രാജകുമാരി എന്ന സ്ഥലത്താണ്.എൻ.ആർ.സിറ്റി: എൻ.ആർ. രാഘവൻ എന്ന നാട്ടുപ്രമാണിയുടെ പേരിലുള്ള ഈ സിറ്റിയും രാജകുമാരിയിലാണ്.

മൈക്ക് സിറ്റി: ലൗഡ് സ്പീക്കർ എന്ന സിനിമയിലൂടെ മലയാളക്കര കണ്ട സിറ്റി, ഉച്ചത്തിൽ സംസാരിക്കുന്ന നാട്ടുകാരനായ തൊമ്മിക്കുഞ്ഞിന്റെ വട്ടപ്പേരിൽ അറിയപ്പെടുന്ന സിറ്റി തോപ്രാംകുടിക്ക് സമീപമാണ്.

തൊമ്മൻ സിറ്റി: കൊന്നത്തടി പഞ്ചായത്തിലെ പൊന്മുടിയിൽ വ്യാപാരിയായിരുന്ന തോമസ് എന്നയാളുടെ പേരിൽ നിന്നാണ് തൊമ്മൻ സിറ്റിയുടെ പിറവി.

പള്ളി സിറ്റി: കൊന്നത്തടിക്ക് സമീപം പൊന്മുടി സെന്റ് മേരീസ് പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം.

ഇലപ്പള്ളി സിറ്റി: മൂലമറ്റത്തു നിന്ന് വാഗമൺ റൂട്ടിൽ ഇവിടെ എത്താം

കഞ്ഞിക്കുഴിയിലെ നങ്കി സിറ്റി, കട്ടപ്പനയിലെ നിർമ്മല സിറ്റി, രാജകുമാരിയിലെ കടുക്കാ സിറ്റി, ഉപ്പുതോട്ടിലെ ചാലിസിറ്റി, തോപ്രാംകുടിയിലെ സ്‌കൂൾ സിറ്റി, സേനാപതിയിലെ ആത്മാവ് സിറ്റി, രാജാക്കാട്ടെ വാക്ക സിറ്റി -കലുങ്ക് സിറ്റി, ശാന്തമ്പാറയിലെ വാക്കോടൻ സിറ്റി, ആനച്ചാലിലെ ഈട്ടി സിറ്റി, ഓടക്കാ സിറ്റി .പ്രകാശ്, കാമാക്ഷി, തങ്കമണി ഇങ്ങനെ സിറ്റികളുടെ പേരുകൾ നീളുന്നു. ഈ പേരുകളിൽ പോസ്റ്റോഫീസുകളും ഉണ്ട്.