തളിപ്പറമ്പ്: കോവിഡ് രണ്ടാം തരംഗം പടർന്നതോടെ പകച്ചുപോയ വടക്കെ മലബാറിനെ ഓക്സിജൻ നൽകി രക്ഷിക്കുന്നത് ആന്തൂർ ധർമശാലയിലെ ബാൽകോ എയർ പ്രോഡക്ട്സ് എന്ന സ്ഥാപനമാണ് കഴിഞ്ഞ 15 വർഷമായി ധർമശാലയ്ക്കു സമീപം പ്രവർത്തിച്ചിരുന്ന ബാൽകോ കോവിഡ് വ്യാപകമായ സാഹചര്യത്തിലാണ് ശ്രദ്ധിക്കപ്പെടുന്നത്. സർക്കാരിന്റെ കീഴിൽ ഇതുപോലൊരു സ്ഥാപനമില്ലാത്തതിനാൽ സർക്കാർ ആശുപത്രികളിലടക്കം ഇവരാണ് ഓക്‌സിങ് വിതരണം ചെയ്യുന്നത്.

കണ്ണൂർ, കാസർകോട് ജില്ലകളിലെ ആശുപത്രികളിൽ ഓക്സിജൻ കാത്തു കഴിയുന്ന കോവിഡ് പോസിറ്റീവുകാരുടെയും മറ്റു രോഗികളുടെയും ജീവൻ രക്ഷിക്കുക എന്ന ദൗത്യമാണ് ബാൽകോ നടത്തി വരുന്നത്. മണിക്കൂറും കഠിനാധ്വാനം ചെയ്ത് ഈ ജില്ലകളിലേക്ക് ആവശ്യമായ ഓക്സിജൻ ഉൽപാദിപ്പിച്ച് സിലിണ്ടറുകളിൽ നിറച്ച് എത്തിക്കാൻ കഷ്ടപ്പെടുകയാണ് ബാൽകോയിലെ 30 ഓളം ജീവനക്കാർ. ഈ രണ്ടു ജില്ലകളിലേക്കുമായി ഓക്സിജൻ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന ഏക കമ്പനിയാണ് ഇത്. നേരത്തേ കോഴിക്കോട് പ്രവർത്തിച്ചിരുന്ന ബാൽകോ 2007 മുതലാണ് ധർമശാലയിലെ വ്യവസായ പ്ലോട്ടിലേക്കു വരുന്നത്.

അന്തരീക്ഷത്തിൽ 21 % മാത്രമുള്ള ഓക്സിജൻ വേർതിരിച്ചെടുത്താണ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ശേഖരിക്കുന്നത്.ഒട്ടേറെ വാതകങ്ങളുടെ സംയുക്തമായ വായുവിൽ നിന്ന് പ്രത്യേക കംപ്രസറുകൾ ഉപയോഗിച്ചാണ് ഇവ വേർതിരിക്കുന്നത്. ഒടുവിൽ ഓക്സിജനും നൈട്രജനും മാത്രമുള്ള സംയുക്തം ലഭിക്കുന്നു. ഇതിൽ നിന്നാണ് ഓക്സിജൻ മാത്രമായി വേർതിരിച്ചെടുക്കുന്നത്.

ഇതോടെ ജീവൻ രക്ഷാ ഔഷധമായി മാറുന്ന ഓക്സിജൻ 7000 ലീറ്റർ ശേഷിയുള്ള വലിയ സിലിണ്ടറുകളിൽ നിറച്ചാണു പ്രധാനമായും ആശുപത്രികളിൽ നൽകുന്നത്.ഇത്തരം സിലിണ്ടറുകളാണ് വെന്റിലേറ്ററിലും ഐസിയുവിലുമെല്ലാം ഉപയോഗിക്കുന്നത്. കണ്ണൂരിലെ ചില പ്രമുഖ ആശുപത്രികൾ പാലക്കാട് നിന്നെത്തുന്ന ദ്രവീകൃത ഓക്സിജൻ ടാങ്കുകളിൽ സ്വീകരിക്കുന്നുണ്ട്. വെൽഡിങ്ങിനും മറ്റും ഉപയോഗിക്കുന്ന ഇൻഡസ്ട്രിയൽ ഗ്യാസും ബാൽകോയിൽ ഉൽപാദിപ്പിക്കുന്നുണ്ട്.

പ്രതിദിന ശേഷി 300 സിലിണ്ടർ ബാൽകോയിൽ ഒരു ദിവസം 300 സിലിണ്ടറുകളിൽ ഓക്സിജൻ നിറയ്ക്കാനുള്ള ശേഷിയാണുള്ളത്. 3 തരത്തിലുള്ള ചെറിയ സിലിണ്ടറുകളും ഇവിടെ ഉൽപാദിപ്പിക്കുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യം ഇരട്ടിയോളമായിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള ഓക്സിജൻ സിലിണ്ടറുകളുടെ വരവു നിന്നതോടെ കാസർകോടിനും ജീവവായുവിന് ആവശ്യമേറി. ഇവിടെയുള്ള ആശുപത്രികളും കാത്തിരിക്കുന്നത് ബാൽകോയുടെ ഓക്സിജൻ സിലിണ്ടറുകളാണ്. ബാൽകോയുടെ ഉൽപാദന ശേഷി വർധിപ്പിക്കാനുള്ള സഹായം സർക്കാർ നൽകുമെന്ന് കഴിഞ്ഞ ദിവസം ഇവിടെ സന്ദർശനം നടത്തിയ എം വി ഗോവിന്ദൻ എംഎൽഎയും പറഞ്ഞിരുന്നു.

കോവിഡ് വർധിച്ചതോടെ സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് 24 മണിക്കൂറും സ്ഥാപനം പ്രവർത്തിച്ചു വരികയാണെന്ന് വിതരണ വിഭാഗം തലവൻ പി മധു പറഞ്ഞു. 60 കിലോ ഭാരമുള്ള സിലിൻഡറിൽ ഏകദേശം 1.5 ക്യുബിക്ക് മീറ്റർ അളവിലാണ് ഓക്‌സിജൻ നിറച്ചു നൽകുന്നത്. ഇത് രോഗിക്ക് നേരിട്ട് നൽകാം കഴിയും. ഗതാഗത ചെലവ് അടക്കം 250 രൂപ മുതൽ 300 രൂപ വരെ നിരക്കിലാണ് ഒരു സിലിൻഡറിന് വാങ്ങുന്നത്.