ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ നിയുക്ത ബിജെപി എംഎ‍ൽഎമാർക്ക് കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട്. പുതുതായി തെരഞ്ഞെടുത്ത 77 ബിജെപി എംഎ‍ൽഎമാരുടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേകം സുരക്ഷ ഏർപ്പെടുത്തുന്നത്. ബംഗാളിൽ ആക്രമണങ്ങൾ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

സായുധ സേനകളായ സിഐ.എസ്.എഫും സി.ആർ.പി.എഫുമാണ് ബിജെപി എംഎ‍ൽഎമാർക്ക് സുരക്ഷയൊരുക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം നടക്കുന്നുണ്ടെന്ന് കേന്ദ്ര സുരക്ഷാ ഏജൻസികളും ഉന്നത ഉദ്യോഗസ്ഥ സംഘവും തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷയ്ക്ക് അനുമതി നൽകിയിരിക്കുന്നത്.

61 എം എൽ.എമാർക്ക് എക്സ് കാറ്റഗറി സുരക്ഷയായിരിക്കും നൽകുക. സിഐ.എസ്.എഫ് ആയിരിക്കും സുരക്ഷ നൽകുകയെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ബാക്കിയുള്ളവർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന വൈ കാറ്റഗറി സുരക്ഷയായിരിക്കും ഏർപ്പെടുത്തുക. പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിക്ക് ഇസഡ് കാറ്റഗറി സുരക്ഷയും നൽകും.

തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ വലിയ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇരുപതോളം പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകൾ. പുറത്തുവരുന്ന റിപ്പോർട്ടുകളിലെല്ലാം തൃണമൂൽ പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് വ്യക്തമാക്കുന്നത്.

എന്നാൽ ബംഗാളിലെ ഹിന്ദുക്കളയെല്ലാം തൃണമൂലും തൃണമൂലിലെ മുസ്ലിം പ്രവർത്തകരും ആക്രമിക്കുകയാണെന്ന രീതിയിലാണ് ബിജെപി നേതാക്കളെല്ലാം പ്രചാരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ബിജെപി പുറത്തുവിടുന്ന പല ചിത്രങ്ങളും വ്യാജമാണെന്ന റിപ്പോർട്ടുകൾ വന്നു കഴിഞ്ഞു.