ധാക്ക: 1500-ൽപ്പരം റോഹിങ്ക്യൻ അഭയാർഥികളെ ഭാഷൻ ചാർ ദ്വീപിലേക്ക് മാറ്റിപ്പാർപ്പിച്ച് ബംഗ്ലാദേശ്. മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പുകളെ അവഗണിച്ചാണ് ബം​ഗ്ലാദേശിന്റെ നടപടി. 1,642 അഭയാർഥികളുമായി ബംഗ്ലാദേശ് നാവികസേനയുടെ ഏഴ് കപ്പലുകളാണ് ചിറ്റഗോങ് തുറമുഖത്ത് നിന്ന് ഭാഷൻ ചാർ ദ്വീപിലേക്ക് പുറപ്പെട്ടത്. ഏകദേശം മൂന്നുമണിക്കൂറോളം നീണ്ട യാത്രക്കൊടുവിലാണ് അഭയാർഥികൾ ദ്വീപിലെത്തിയത്.

ബംഗ്ലാദേശിൽ നിന്ന് 21 മൈൽ (34 കിലോമീറ്റർ) അകലെയാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. 20 വർഷം മുൻപ് മാത്രം രൂപപ്പെട്ട, വെള്ളപ്പൊക്ക സാധ്യതയുള്ള ദ്വീപാണ് ഇതെന്ന വിമർനം ഉയരുന്നതിനിടെയാണ് ബംഗ്ലാദേശിന്റെ നടപടി. മൺസൂൺ കാലത്ത് വെള്ളപ്പൊക്കമുണ്ടാകുന്ന ദ്വീപിൽ ബംഗ്ലാദേശ് നാവികസേന അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചിരുന്നു. വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷനേടുന്നതിനായുള്ള തടയണകളുടെ നിർമ്മാണം, വീടുകൾ, ആശുപത്രികൾ, പള്ളികൾ തുടങ്ങി 112 ദശലക്ഷം ഡോളറിന്റെ വികസനമാണ് ഇവിടെ നടത്തിയത്. ഒരുലക്ഷത്തോളം പേരെ ഇവിടെ ഉൾക്കൊള്ളാനാവും.

അഭയാർഥികളുടെ സുരക്ഷയെ കുറിച്ചോർത്ത് അന്താരാഷ്ട്ര സമൂഹം ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് ഭാഷൺ ചാറിന്റെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പമെന്റ് ഡയറക്ടർ കൊമോഡോർ അബ്ദുല്ല അൽ മാമുൻ ചൗധരി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ദ്വീപ് സന്ദർശനം നടത്തുന്നതോടെ ദ്വീപിൽ ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ ഐക്യരാഷ്ട്രസഭയ്ക്കും മറ്റും ബോധ്യപ്പെടുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനായുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ദ്വീപിലെത്തിയ ഉടൻ എല്ലാവരുടേയും താപനില ആരോഗ്യപ്രവർത്തകർ പരിശോധിച്ചിരുന്നു. ഇവർക്ക് ഉച്ചഭക്ഷണത്തിന് ചോറും മുട്ടയും കോഴിയിറച്ചിയും അധികൃതർ വിതരണം ചെയ്തതായി അഭയാർഥികൾക്കൊപ്പം ദ്വീപിലേക്ക് തിരിച്ച ഒരു മാധ്യമപ്രവർത്തകൻ അറിയിച്ചു. കപ്പലിൽ കയറുന്നതിന് മുമ്പ് കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇവർക്ക് മാസ്‌കുകൾ വിതരണം ചെയ്തിരുന്നു.