ധാക്ക: ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശിന് 60 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് മാത്രമെടുത്തപ്പോൾ ഓസ്‌ട്രേലിയ 13.4 ഓവറിൽ 62 റൺസിന് ഓൾ ഔട്ടായി. നാല് വിക്കറ്റുകൾ വീഴ്‌ത്തിയ ഷാക്കിബാണ് ഓസിസ് നിരയെ തകർത്തത്.

ജയത്തോടെ പരമ്പര 4-1ന് ബംഗ്ലാദേശ് സ്വന്തമാക്കി. ട്വന്റി 20 ക്രിക്കറ്റിൽ ഓസ്‌ട്രേലിയയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. 79 റൺസായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്‌കോർ.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി ഓപ്പണർ മുഹമ്മദ് നയീമും(23) മെഹ്ദി ഹസനും(13) ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാൽ പിന്നീട് വന്നവർക്കാർക്കും വലിയ സ്‌കോർ കണ്ടെത്താനായില്ല. ഷാക്കിബ് അൽ ഹസൻ(11), സൗമ്യ സർക്കാർ(16), ക്യാപ്റ്റൻ മെഹമ്മദുള്ള(19), ആഫിഫ് ഹൊസൈൻ(10) എന്നിവരുടെ ഭേദപ്പെട്ട ബാറ്റിംഗിൽ ബംഗ്ലാദേശ് 20 ഓവറിൽ 122 റൺസിലെത്തി. ഓസീസിനായി ഡാൻ ക്രിസ്റ്റ്യനും നഥാൻ എല്ലിസും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

മറുപടി ബാറ്റിംഗിൽ ഓസീസിനായി ക്യാപ്റ്റൻ മാത്യു വെയ്ഡും(22), ബെൻ മക്ഡർമോർട്ടും(17) മാത്രമെ രണ്ടക്കം കടന്നുള്ളു. ഡാൻ ക്രിസ്റ്റ്യൻ(3), മിച്ചൽ മാർഷ്(4), അലക്‌സ് ക്യാരി(3), മോയിസസ് ഹെന്റിക്കസ്(3), ആഷ്ടൺ ടർണർ(1), ആഷ്ടൺ ആഗർ(2) എന്നിവരെല്ലാം നിരാശപ്പെടുത്തി. ബംഗ്ലാദേശിനായി ഷാക്കിബ് നാലും മൊഹമ്മദ് സൈഫുദ്ദീൻ മൂന്നും നാസും അഹമ്മദ് രണ്ടും വിക്കറ്റെടുത്തു. ഷാക്കിബാണ് കളിയിലെയും പരമ്പരയിലെയും താരം.