ശ്രീനഗർ: ജമ്മു കാശ്മീരിനെ നടക്കുന്ന കൊലപാതക പരമ്പരകളാണ് നടക്കുന്നത്. കാശ്മീരി പണ്ഡിറ്റുകളെ തിരഞ്ഞു പിടിച്ചു കൊലപ്പെടുത്തുന്ന അവസ്ഥയാണുള്ളത്. കാശ്മീരിലുള്ള പണ്ഡിറ്റുകൾ നാട്ടിലേക്ക് പലായനം ചെയ്യാനും ശ്രമിക്കുന്ന അവസ്ഥയും നിലനിൽക്കുന്നു. ഇതിനിടെയാണ് ഇന്ന് നടുക്കുന്ന കൊലപാതകവും നടന്നത്. കുൽഗാമിൽ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടന രംഗത്തുവന്നു.

കശ്മീർ ഫ്രീഡം ഫൈറ്റേഴ്‌സാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. കൊലപാതകത്തിന് പിന്നിൽ തങ്ങളാണ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഭീകരസംഘടന രംഗത്തെത്തിയത്. മോഹൻപുര ജില്ലയിലെ എലാക്കഹി ദഹാത്തി ബാങ്കിന്റെ മാനേജരും രാജസ്ഥാൻ സ്വദേശിയുമായ വിജയ്കുമാറിനാണ് വ്യാഴാഴ്ച രാവിലെ വെടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ കുറച്ചു മാസങ്ങളായി കശ്മീരിൽ വളരെ അധികം സജീവമായ സംഘടനയാണ് കശ്മീർ ഫ്രീഡം ഫൈറ്റേഴ്‌സ്. നേരത്തെ നാല് പേരുടെ മരണത്തിനിടയാക്കിയ ബസ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വവും കശ്മീർ ഫ്രീഡം ഫൈറ്റേഴ്‌സ് ഏറ്റെടുത്തിരുന്നു. കശ്മീരിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വെടിവെപ്പാണിത്. കഴിഞ്ഞ ദിവസം സ്‌കൂൾ ടീച്ചറായ ജമ്മു സാംബ സെക്ടർ സ്വദേശിനി രജ്നി ബാല വെടിയേറ്റ് മരിച്ചിരുന്നു.

അതേസമയം കശ്മീരിൽ നിരന്തരമുണ്ടാകുന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രദേശത്ത് നിരന്തരം അനിഷ്ടസംഭവങ്ങൾ വർധിച്ചതോടെ ഒരു വിഭാഗം ആളുകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ, കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവർ അടിയന്തര ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.

16 കശ്മീരി പണ്ഡിറ്റുകളാണ് ഈ വർഷം കശ്മീരിൽ കൊല്ലപ്പെട്ടത്. പൊലീസുകാരും അദ്ധ്യാപകരും ഗ്രാമത്തലവന്മാരും ഇതിൽ ഉൾപ്പെടും. ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്നും അടർത്തിമാറ്റാൻ തന്ത്രങ്ങൾ മെനയുന്ന രാജ്യവിരുദ്ധ ശക്തികളാണ് സാധാരണക്കാർക്കെതിരെ ഇത്തരം ആക്രമണങ്ങൾ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നത്. കശ്മീർ ഡിജിപി ദിൽബാഗ് സിങ് ആണ് ഇക്കര്യം അറിയിച്ചത്.

കശ്മീർ താഴ്‌വരയിലെ വിവിധ ഇടങ്ങളിൽ ആക്രമണങ്ങൾ നടത്തുന്നതിലൂടെ തങ്ങളുടെ സാന്നിദ്ധ്യം തെളിയിക്കാനാണ് ഭീകരർ ശ്രമിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യം വെച്ച് നടത്തുന്നത്. നിരായുധരായ പൊലീസുകാരെയും നിരപരാധികളായ പൗരന്മാരെയും രാഷ്ട്രീയക്കാരെയും, സ്ത്രീകൾ ഉൾപ്പെടെ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള നിരപരാധികളെയുമാണ് ഭീകരർ ഇപ്പോൾ ലക്ഷ്യമിടുന്നത്. പിസ്റ്റൾ പോലെ കയ്യിൽ കൊണ്ട് നടക്കാൻ പറ്റുന്ന ആയുധങ്ങളാണ് ഇതിന് ഉപയോഗിക്കുക. പരിശീലനം ലഭിച്ച് പുറത്തിറങ്ങിയ തീവ്രവാദികളായിരിക്കും ഇത്തരം പ്രവർത്തനങ്ങൾ നടത്തുക എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ വർഷം ആദ്യം മുതലുള്ള കണക്ക് പ്രകാരം മൂന്ന് സർപഞ്ചുമാർ ഉൾപ്പെടെയുള്ള പഞ്ചായത്ത് അംഗങ്ങൾ വെടിയേറ്റ് മരിച്ചിരുന്നു. ഏപ്രിൽ 4 ന്, കശ്മീരി പണ്ഡിറ്റായ ബാല് കൃഷ്ണനെ, ചൗതിഗാം ഷോപ്പിയാനിലെ വീടിന് സമീപത്ത് വെച്ച് തീവ്രവാദികൾ കൊലപ്പെടുത്തി. ജമ്മു കശ്മീരിന് പുറത്ത് നിന്നുള്ള തൊഴിലാളികൾക്കും ആക്രമണത്തിൽ പരിക്കേറ്റു. പ്രധാനമന്ത്രി പുനരധിവാസ പാക്കേജിന് കീഴിൽ പ്രവർത്തിക്കുന്ന ജമ്മു കശ്മീർ റവന്യൂ വകുപ്പിലെ ഒരു കശ്മീരി പണ്ഡിറ്റ് ജീവനക്കാരനെ, ബുദ്ഗാമിലെ ചദൂരയിലുള്ള അദ്ദേഹത്തിന്റെ ഓഫീസിനുള്ളിൽ വെടിവെച്ച് കൊന്നു. ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.