തൃശ്ശൂർ: ബാങ്കിൽ നിന്നും ജപ്തിനോട്ടീസ് ലഭിച്ചതിനെ തുടർന്ന് മുൻപഞ്ചായത്തംഗം ആത്മഹത്യ ചെയ്തു എന്ന വാർത്ത തള്ളി കരുവന്നൂർ ബാങ്ക് അധികൃതർ. പ്രചരിക്കുന്ന വാർത്തകൾ സത്യത്തിന് നിരക്കാത്തതാണെന്നം വാസ്തവ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി അധികൃതർ രംഗത്തെത്തി.

മുൻ പൊറത്തിശ്ശേരി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും,കോൺഗ്രസ്സ് നേതാവുമായിരുന്ന ടി എം മുകുന്ദൻ, തന്റെ വീടും പറമ്പും ബാങ്കിന് ഈട് നൽകി 2018 മാർച്ച് 3 ന് 50 ലക്ഷം രൂപയും,19-3-2019 ന് ടിയാൻ ജാമ്യക്കാരനായി കക്ഷിചേർന്ന് 30 ലക്ഷം രൂപയുടെ മറ്റൊരുവായ്പയും ബാങ്കിൽ നിലവിൽ കുടിശ്ശികയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് 2021 ഫെബ്രുവരി മാസം വായ്പാ കുടിശ്ശിക അടച്ചുതീർക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ടിയാന് നോട്ടീസ് അയച്ചിരുന്നത്. നോട്ടിസ് ലഭിച്ചത് പ്രകാരം ഇയാൾ ബാങ്കിൽ ഹാജരായിരുന്നു.

ബാങ്കിൽ നേരിട്ടെത്തിയ ഇദ്ദേഹം കുടിശ്ശിക അടച്ചുതീർക്കാമെന്ന് സമ്മതിക്കുകയും അല്പം സാവകാശം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം ടിയാനോ, മറ്റുകക്ഷികൾക്കോ ബാങ്ക് നാളിതുവരെ യാതൊരുവിധത്തിലുള്ള നോട്ടീസ് അയക്കുകയോ, സഹകരണ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരോ, ബാങ്ക് ജീവനക്കാരോ ടിയാന്റെ വീട്ടിൽ ജപ്തി നടപടികൾക്കായി പോകുകയോ ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

വസ്തുതകൾ ഇതായിരിക്കെ ബാങ്ക് ജപ്തി നോട്ടീസ് നൽകിയതിനെ തുടർന്ന് മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു എന്ന് പ്രചരിക്കുന്ന വാർത്ത സത്യവിരുദ്ധമാണെന്നും പ്രസ്തുത വാർത്ത മാധ്യമങ്ങൾ പിൻവലിക്കണമെന്നും കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ആവശ്യപ്പെട്ടു.

കരുവന്നൂർ സഹകരണ സഹകരണ ബാങ്കിൽ നടന്ന ക്രമക്കേട് 300 കോടി രൂപയോളം വരുമെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾക്കിടെയാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കി ഇങ്ങനെ ഒരു ആരോപണം കോൺഗ്രസിന്റെ മുൻ പഞ്ചായത്ത് അംഗമായിരുന്ന മുകുന്ദനെ വ്യാഴാഴ്ച പുലർച്ചെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇപ്പോൾ 80 ലക്ഷം രൂപ തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ജപ്തി നോട്ടീസ് ലഭിച്ചിരുന്നുവെന്നാണ് പറയുന്നത്.

വായ്പാ തിരിച്ചടവിനായി ബാങ്കിന്റെ ഭാഗത്തുനിന്ന് നിരന്തരം സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ പേരിൽ മുകുന്ദൻ മാനസികമായി പ്രയാസങ്ങൾ അനുഭവിച്ചിരുന്നതായി സഹോദരി പറഞ്ഞു.കരുവന്നൂർ ബാങ്ക് സാമ്പത്തിക ക്രമക്കേടിനെ തുർന്ന് ബാങ്ക് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വായ്പാ തിരിച്ചടവ് മുടങ്ങിയവർക്ക് ബാങ്ക് വ്യാപകമായി ജപ്തി നോട്ടീസ് നൽകിയത്. നിരവധി പേർക്ക് ജപ്തി നോട്ടീസ് ലഭിച്ചതായി നേരത്തേ വാർത്തകൾ ഉണ്ടായിരുന്നു.