കോട്ടയം: ഇന്നുമുതൽ നാലു ദിവസത്തേക്ക് ബാങ്ക് അവധി. ശനിയും ഞായറും കൂടാതെ, 15, 16 തീയതികളിലെ പണിമുടക്കാണ് തുടർച്ചയായ നാലു ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കാൻ കാരണം. പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ നടക്കുന്ന ഈ പണിമുടക്കിൽ ജീവനക്കാരുടെ സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. 9 ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്.

നാലു ദിവസം തുടർച്ചയായി മുടങ്ങുന്നതിനാൽ എടിഎമ്മുകളിൽ പണം തീർന്നുപോകുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയുണ്ട്. എന്നാൽ ഈ ആശങ്ക വേണ്ടെന്നാണ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്.

പുറത്തുനിന്നുള്ള ഏജൻസികൾ പണം നിറയ്ക്കുന്ന എടിഎമ്മുകളിൽ പണം തീർന്നുപോകാനിടയില്ല. എന്നാൽ ബാങ്കുകൾ നേരിട്ടു പണം നിറയ്ക്കുന്ന എടിഎമ്മുകളിൽ പണത്തിന് ദൗർലഭ്യം നേരിട്ടേക്കാമെന്നു വിലയിരുത്തപ്പെടുന്നു.