പത്തനംതിട്ട: ലോക്ഡൗൺ മൂലം ബിവറേജസും ബാറുകളും അടഞ്ഞതോടെ വാറ്റു ചാരായം പിടികൂടാനുള്ള ശ്രമത്തിലാണ് എക്സൈസും പൊലീസും. അതേ സമയം, ബാറുകളിൽ നിന്ന് ഏജന്റുമാർ മുഖേനെ വിദേശമദ്യംവില കൂട്ടി വിൽക്കുന്നത് ശ്രദ്ധിക്കുന്നില്ല. വിപണിയിൽ പ്രിയം കുറഞ്ഞ ബ്രാൻഡുകളാണ് കൊള്ളവിലയ്ക്ക് വിൽക്കുന്നത്. കരിഞ്ചന്ത കച്ചവടം നടത്താൻ ഏജന്റുമാരെയാണ് ഉപയോഗിക്കുന്നത്. കിളിവാതിൽ കച്ചവടമില്ല.

കിളിവാതിലിലൂടെ വിൽക്കുന്നത് പരാതിക്ക് ഇടയാക്കുമെന്ന് കണ്ടാണ് ഏജന്റുമാർ മുഖേനെ വിൽപന നടത്തുന്നത്. 18 കുപ്പികൾ കൊള്ളുന്ന ഒരു കാർട്ടൺ ആണ് ഏജന്റുമാർക്ക് നൽകുന്നത്. മൊത്തവിലയ്ക്ക് നൽകുന്ന കുപ്പി ഏജന്റുമാർ കൊള്ളലാഭത്തിനാണ് വിറ്റഴിക്കുന്നത്. വിപണിയിൽ അരലിറ്ററിന് 400 രൂപ മാത്രം വിലയുള്ള കൂപ്പർ ബ്രാണ്ടി 1200 രൂപയ്ക്ക് വിൽക്കുന്നു.

ലിറ്ററിന് 800 രൂപ വിലയുള്ള റെയർ ഹോണർ ബ്രാണ്ടി 2600 രൂപയ്ക്കാണ് നൽകുന്നത്. മധ്യതിരുവിതാംകൂറിലാണ് കച്ചവടം പൊടിപൊടിക്കുന്നത്. ചെങ്ങന്നൂർ കേന്ദ്രീകരിച്ചാണ് മദ്യം എത്തുന്നത്. പത്തനംതിട്ട, ഇലവുംതിട്ട, കോഴഞ്ചേരി, കുമ്പഴ, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിൽ മദ്യക്കച്ചവടം പൊടിപൊടിക്കുകയാണ്. ബാറുടമകളുമായി ബന്ധം സ്ഥാപിക്കുന്ന ഏജന്റുമാർ ഒറ്റ കാർട്ടൺ ആയിട്ടാണ് മദ്യം വാങ്ങുന്നത്. 9 ലിറ്റർ കൂപ്പർ ബ്രാണ്ടി 13,000 രൂപയ്ക്ക് നൽകുന്നു.

അതേ സമയം, ഇത്തരം മദ്യം സെക്കൻഡ്സ് ആണെന്ന് പറയുന്നു. ബാറുടമകളുമായി ബന്ധമുള്ളവർ സ്വയം തയാറാക്കുന്നതാണ് മദ്യമെന്നും പറയുന്നു. ഇതേ മദ്യം വാങ്ങി കുടിച്ചവരും ഈ സംശയം പ്രകടിപ്പിക്കുന്നു. ചെങ്ങന്നൂരിന് സമീപമുള്ള ഗ്രാമപ്രദേശത്ത് നിന്ന് തയാറാക്കി കുപ്പികളിലാറ്റി സ്റ്റിക്കറും പതിച്ചാണ് ഇവ എത്തുന്നത് എന്നും പറയുന്നു.

അതേ, സമയം ഗോവയിൽ നിന്ന് കൊണ്ടു വന്നതാണ് ഈ ബ്രാൻഡ് എന്നാണ് ഒരു വിഭാഗം ബാർ ജീവനക്കാർ പറയുന്നു. ഈ കുപ്പികളിലൊന്നും തന്നെ സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ ഹോളോഗ്രാമോ സീലോ സ്റ്റിക്കറോ പതിപ്പിച്ചിട്ടില്ല എന്നതും ദൂരൂഹത വർധിപ്പിക്കുന്നു.

സ്പിരിറ്റ് കളറും ഫ്ളേവറും ചേർത്ത് ഉൽപാദിപ്പിക്കുന്ന മദ്യം ആരോഗ്യത്തിനും ഭീഷണിയാണ്. ഇതേപ്പറ്റി എക്സൈസിനും പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്. എങ്കിലും പരിശോധനയ്ക്ക് അവർ തയാറാകുന്നില്ല.