കാബൂൾ: രണ്ടു പതിറ്റാണ്ടിന് ശേഷം അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുക്കുന്നത് 'പുതിയ താലിബാൻ' ആണെന്ന വാദത്തിന് വിരുദ്ധമായി രാജ്യത്തെ ജനസമൂഹം നേരിടുന്ന ക്രൂരകൃത്യങ്ങളുടെ കാഴ്ചകൾ പുറത്ത്. അഫ്ഗാനിസ്ഥാൻ പതാക വീശിയ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത താലിബാൻ ഭീകരർ ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ വെടിവച്ചു കൊലപ്പെടുത്തിയതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമേറ്റെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെ രാജ്യത്തുനിന്നു പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. കാർ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരാളുടെ ദേഹത്ത് ടാർ ഒഴിക്കുന്നതും ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ വെടിവച്ചു വീഴ്‌ത്തിയെന്നും ഉൾപ്പെടെയുള്ള വാർത്തകളാണ് അഫ്ഗാനിസ്ഥാനിൽനിന്നു വരുന്നത്. ചിത്രങ്ങൾ സഹിതം ബ്രിട്ടിഷ് മാധ്യമമായ 'ഡെയ്ലി മേയിൽ' ആണ് ഇക്കാര്യങ്ങൾ റിപ്പോർട്ടു ചെയ്തത്.

കാർ മോഷ്ടാവെന്ന് ആരോപിക്കപ്പെട്ടയാളുടെ ദേഹത്ത് ടാർ ഒഴിച്ച സംഭവം കാബൂളിലാണ്. ഇയാളെ കൈകൾ കൂട്ടിക്കെട്ടി ആൾക്കൂട്ടം ചുറ്റും നിൽക്കുന്നതും ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ നിസ്സാഹയനായി നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. താഖർ പ്രവിശ്യയിലെ തലോഖാനിലാണ് ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ താലിബാൻ വെടിവച്ചു കൊലപ്പെടുത്തിയത്. സ്ത്രീയുടെ മൃതദേഹത്തിനു സമീപം രക്തം തളംകെട്ടി കിടക്കുന്നതും മാതാപിതാക്കൾ സമീപം ഇരിക്കുന്നതിന്റെയും ചിത്രം പോളണ്ടിലെ അഫ്ഗാൻ അംബാസഡർ താഹിർ ഖാദ്രി പങ്കുവച്ചു.



രാഷ്ട്രീയ എതിരാളികളെ അവരുടെ വീടുകളിൽനിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി തൂക്കിക്കൊല്ലുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ മാധ്യമപ്രവർത്തകരെയും വിദ്യാഭ്യാസ പ്രവർത്തകരെയും അർധരാത്രിയിൽ വീടുകളിൽനിന്നു ഇറക്കിവിടുന്നുണ്ട്.

നാല് മക്കളുടെ അമ്മയായ സ്ത്രീയെ മകളുടെ മുന്നിൽവച്ച് തല്ലിക്കൊന്ന ശേഷം വീട്ടിലേക്ക് ഗ്രനേഡ് എറിഞ്ഞതായും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. താലിബാൻ അംഗങ്ങൾ സമീപത്തെ വീടുകളിൽ റെയ്ഡ് നടത്തുന്നതിനാൽ 'സ്വന്തം വീട്ടിൽ തടവുകാരിയാണെന്ന്' 21കാരിയായ മുൻ അദ്ധ്യാപിക റേഡിയോയിൽ പറഞ്ഞു.


അഫ്ഗാനിസ്ഥാനിലെ ജലാലബാദ് നഗരത്തിൽ നടന്ന പ്രതിഷേധക്കാർക്ക് നേരെയാണ് താലിബാൻ സൈന്യം വെടിയുതിർത്തത്. വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് വിവരം. എട്ട് പേർക്ക് പരിക്കേറ്റതായും ഇക്കണോമിക്‌സ് ടൈംസ് റിപ്പോർട്ട് ചെയ്തു. 

താലിബാന്റെ മുൻ നിലപാടുകളിൽ മാറ്റമില്ലെന്ന് വ്യക്തമാക്കുന്നതാണ് അഫ്ഗാനിലെ പ്രതിഷേധ പ്രകടനത്തിന് നേരെ നടന്ന വെടിവയ്പ്. ബുധനാഴ്ചയാണ് വെടിവയ്പുണ്ടായത്. താലിബാൻ പതാക അംഗീകരിക്കാതെ സർക്കാർ ഓഫീസുകളിൽ അഫ്ഗാന്റെ പതാക വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടന്നത്.

ഞായറാഴ്ച കാബൂളിൽ പ്രവേശിച്ച താലിബാൻ കാബൂൾ കൊട്ടാരത്തിൽ നിന്ന് അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേർന്ന പതാക താലിബാൻ നീക്കം ചെയ്തിരുന്നു, പകരം താലിബാന്റെ കൊടി നാട്ടുകയും ചെയ്തിരുന്നു. ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാൻ മാറ്റിയിരുന്നു.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാൻ എന്നായിരിക്കും പുതിയ പേരെന്ന് താലിബാൻ വക്താവ് സ്ഥിരീകരിച്ചിരുന്നു. 1990ലെ പ്രത്യയശാസ്ത്രത്തിൽ നിന്നോ വിശ്വാസത്തിൽ നിന്നോ യാതൊരു വ്യത്യാസവുമില്ലെന്നും എന്നാൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും താലിബാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

കാബൂൾ വിമാനത്താവളത്തിനു പുറത്തു താലിബാൻ സംഘം എകെ 47 തോക്ക് ഉൾപ്പെടെ ഉപയോഗിച്ച് ആകാശത്തേക്കു വെടിവയ്ക്കുന്നതും ജനക്കൂട്ടം ഭയന്ന്, നിലവിളിച്ച് ഓടുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു.

താലിബാൻ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിൽനിന്നു രക്ഷപ്പെടാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. വിമാനത്താവളത്തിനു പുറത്ത് താലിബാൻ സംഘം നിരന്തരം ആകാശത്തേയ്ക്ക് വെടിവയ്പ് നടത്തുന്നുണ്ട്. കൂടാതെ പലായനത്തിനു ശ്രമിക്കുന്നവരെ മർദിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ചയും ആയിരങ്ങളാണ് കാബൂൾ വിമാനത്താവളത്തിൽ രക്ഷ തേടിയെത്തിയത്. യുകെ ഇന്ന് ആയിരത്തോളം പേരെ അഫ്ഗാനിസ്ഥാനിൽനിന്നു പുറത്തെത്തിച്ചപ്പോൾ യുഎസിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ നടപടിയുണ്ടാകുന്നില്ലെന്നാണു വിമർശനം.



പൗരന്മാരെ പുറത്തെത്തിക്കുമെന്ന് യുഎസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. കാബൂൾ വിമാനത്താവളത്തിന്റെ മതിലിനു പുറത്ത് ആളുകളെ നീക്കാൻ താലിബാൻ ആകാശത്തേക്കു വെടിയുതിർത്തപ്പോൾ അഫ്ഗാൻ വനിത കരുണയ്ക്കായി യുഎസ് സൈനികരോടു യാചിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഫ്ഗാനു പുറത്തെത്താനുള്ള ആളുകളുടെ ശ്രമങ്ങളുടെ ഭാഗമായി നിലവിളികളാണ് കാബൂൾ വിമാനത്താവളത്തിൽനിന്ന് ഉയരുന്നത്. യുഎസ് സൈനികരോടു വിമാനത്തിൽ തന്നെയും കയറ്റണമെന്ന് ഒരു സ്ത്രീ കരഞ്ഞ് അപേക്ഷിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. 'താലിബാൻ വരുന്നുണ്ടെന്നാണ്' യാചിക്കുന്നതിനിടെ അവർ പറയുന്നത്.

കാബൂൾ വിമാനത്താവളം വളഞ്ഞ താലിബാൻ സേന അവിടെയെത്തുന്നവരുടെയെല്ലാം രേഖകൾ പരിശോധിക്കുന്നുണ്ട്. ഇതിനു ശേഷം മാത്രമാണ് ആളുകളെ കടത്തിവിടുന്നത്. ഓരോ തവണ ഗേറ്റു തുറക്കുമ്പോഴും ആളുകൾ കടന്നുകയറാൻ ശ്രമിക്കും, ഇവരെ ഒഴിവാക്കാനായി താലിബാൻ വെടിയുതിർക്കുകയും ചെയ്യുന്നു.

ഏഴു വിമാനങ്ങളിലായി ആയിരം പേരെ അഫ്ഗാന് പുറത്തെത്തിക്കാനാണ് ബ്രിട്ടന്റെ ശ്രമം. 25,000 അഫ്ഗാൻ അഭയാർഥികളെ സ്വീകരിക്കുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചിട്ടുണ്ട്. കാനഡ 20,000 പേരെയും ജർമനി 10,000 പേരെയും സ്വീകരിക്കുമെന്നും അറിയിച്ചു. 80,000 വീസകൾ നൽകുമെന്ന് യുഎസ് പറയുന്നുണ്ടെങ്കിലും എന്ന് ഇതു പൂർത്തിയാകുമെന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. നിലവിലെ ഒഴിപ്പിക്കൽ പ്രക്രിയ വച്ച് ദിവസം നൂറുകണക്കിനു പേരെയാണു അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസ് കൊണ്ടുപോകുന്നത്. ഈ കണക്കിലാണെങ്കിലും ഒഴിപ്പിക്കൽ പൂർത്തിയാക്കാൻ മാസങ്ങളെടുക്കും.



രേഖകളുമായി വിമാനത്താവളത്തിൽ എത്തുന്നവരിൽ അധികവും ഗൾഫ് രാജ്യങ്ങളിലേക്കു പോകാനുള്ളവരാണ്. പക്ഷേ യുഎസിന്റെ രക്ഷാപ്രവർത്തന വിവരങ്ങൾ അറിഞ്ഞ് എത്തുന്നവരാണു കൂടുതലും. ഭയന്നു മറ്റു രക്ഷാമാർഗങ്ങളില്ലാതെ എത്തുന്ന അഫ്ഗാൻ പൗരന്മാരുടെ കയ്യിൽ രേഖകളൊന്നും ഉണ്ടാകാറില്ലെന്നും വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥൻ രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു.

യുഎസ് പൗരന്മാർക്കും വീസയുള്ളവർക്കും ഓഗസ്റ്റ് 31ന് മുൻപ് അഫ്ഗാൻ വിടാനാകുമോയെന്ന് ഉറപ്പില്ലെന്നാണു വൈറ്റ് ഹൗസ് വക്താവ് ജെൻ സാകി പറയുന്നത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ 370 ഓളം പേരെ മാത്രമാണു രക്ഷപെടുത്താനായതെന്ന് ബ്രിട്ടൻ അറിയിച്ചു. താലിബാനുമായി സഹകരിച്ചുമാത്രമേ ആയിരങ്ങളേ പുറത്തെത്തിക്കാൻ സാധിക്കൂവെന്നും ബ്രിട്ടൻ സമ്മതിച്ചു.