ഈയടുത്ത കാലത്ത് ശശികലയേക്കാൾ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ വർഗ്ഗീയ വിഷം കുത്തിവെക്കാൻ ഓടിനടന്നിരുന്ന ഒരാളെയാണ് ഇപ്പോൾ യു ഡി എഫ് അവരുടെ രക്ഷകനായി എഴുന്നള്ളിച്ചു കൊണ്ട് വരാൻ പോകുന്നത്. കേരളത്തിലെ നാല് ജില്ലകളിൽ മുസ്ലിം പേരുള്ള കളക്ടർമാർ വന്നപ്പോഴും ഒരു സർവകലാശാലയിൽ ഒരു മുസ്ലിം വി സി വന്നപ്പോഴും ക്രിസ്തീയ സമൂഹത്തിനിടയിൽ അതിന്റെ പേരിൽ വലിയ ആശങ്കകൾ സൃഷ്ടിക്കാൻ വിഷം ചീറ്റുകയായിരുന്നു ഇയാൾ.

അവിചാരിതമായി പുറത്ത് വന്ന ഏതാനും വീഡിയോ ക്ലിപ്പുകളിലും ടെലിഫോൺ സംഭാഷണങ്ങളിലും അത്രയും വിഷം ചീറ്റിയിട്ടുണ്ടെങ്കിൽ പുറത്ത് വരാത്ത എത്രയെണ്ണം വേറെ രഹസ്യമായി നടന്നിട്ടുണ്ടാകും. ഒരു പ്രദേശത്തെ മുസ്ലിം സമൂഹത്തെക്കുറിച്ച് അയാൾ നടത്തിയ പരാമർശം ഇവിടെ എഴുതാൻ പോലും കൊള്ളില്ല.

ജനസംഖ്യയിൽ പതിനാല് ശതമാനമുള്ള മുസ്ലിംകൾക്ക് ഇന്ത്യൻ ബ്യൂറോക്രസിയിലെ പ്രാതിനിധ്യം വെറും രണ്ടര ശതമാനമാണ് എന്നതാണ് ഗ്രൗണ്ട് റിയാലിറ്റി, അതാണ് സച്ചാർ കമ്മീഷൻ കണ്ടെത്തിയത്. കേരളത്തിലാകട്ടെ ജനസംഖ്യയിൽ ഇരുപത്തിയേഴ് ശതമാനമുള്ള ഒരു സമൂഹത്തിൽ നിന്ന് പതിനാല് ജില്ലകളിൽ ഏതാനും കളക്ടർമാർ ഉണ്ടായാൽ, പല യൂണിവേഴ്സിറ്റികളിൽ ഒന്നിൽ ആ സമുദായത്തിൽ നിന്നൊരാൾ വൈസ് ചാൻസലറായി വന്നാൽ, ഇതുപോലെ കലിയിളകാൻ മാത്രം വിഷം ഉള്ളിലുണ്ടെങ്കിൽ എത്ര അപകടകരമായ രാഷ്ട്രീയത്തിന്റെ വക്താവായിരിക്കും അയാൾ?

ഓരോ സ്ഥാനത്തുമെത്തുന്ന മനുഷ്യരുടെ ജാതിയും മതവും നോക്കി ഇങ്ങനെ കണക്ക് പറഞ്ഞു സമുദായങ്ങളെ തമ്മിൽ അകറ്റി നിർത്തുന്ന രാഷ്ട്രീയ വിഷങ്ങളെ ആട്ടിയോടിക്കുന്നതിന് പകരം വീണ്ടും സ്ഥാനമാനങ്ങൾ നൽകി എഴുന്നള്ളിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇപ്പോൾ മാപ്പ് പറഞ്ഞു നടക്കുകയാണ് കക്ഷി.. കേരളത്തിലെ ഏറ്റവും അവസരവാദിയായ രാഷ്ട്രീയ നേതാവ് ആരെന്ന് ചോദിച്ചാൽ വേറെ ഒരാളെ ഇതുപോലെ ചൂണ്ടിക്കാണിക്കാൻ കഴിയില്ല. രാഷ്ട്രീയ രംഗത്ത് ഏതാണ്ടെല്ലാവരും അവസരവാദികളാണെങ്കിലും ഇതുപോലെ നിമിഷങ്ങൾക്കകം നിറം മാറാനും വായിൽ തോന്നിയത് വിളിച്ചു പറയാനും കഴിയുന്ന വേറൊരാൾ ഉണ്ടെന്ന് തോന്നുന്നില്ല.

കേരളത്തിന്റെ ചീഫ് വിപ്പാക്കി, ക്യാബിനറ്റ് പദവിയും നൽകി ബഹുമാനിച്ചിരുത്തിയപ്പോഴും യുഡിഎഫിനെ നിരന്തരം ആക്രമിച്ചും മാധ്യമകൂട്ടുകെട്ടുകളിലൂടെ വിവാദ വാർത്തകൾ തുടരെത്തുടരെ സൃഷ്ടിച്ചും ആ മുന്നണിയെത്തന്നെ തകർക്കാൻ ശ്രമിച്ച ആളാണത്രെ ഇനി അവരുടെ രക്ഷകൻ.. അതും പൂഞ്ഞാറിനപ്പുറത്ത് ഒരു നയാപ്പൈസയുടെ സ്വാധീനമില്ലാത്ത ഒരാൾ.. എന്തൊക്കെ കാണണം നമ്മൾ..

ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യുന്ന പൗരത്വബില്ലിനെതിരെയുള്ള ശക്തമായ നിലപാടുകളിലൂടെ മുസ്ലിം സമൂഹത്തിന്റെ മനസ്സിലേക്ക് ഇടതുപക്ഷവും ഈ സർക്കാരും കൂടുതൽ വേരോട്ടം നടത്തുകയും സമസ്ത പോലെയുള്ള മതസംഘടനകൾ പോലും വിമർശനാത്മകമായ ഒരു സമീപനം യുഡിഎഫിനോട് സ്വീകരിക്കുകും ചെയ്യുന്ന രാഷ്ട്രീയ കാലാവസ്ഥയിലും സംഘ്പരിവാറിനേക്കാൾ കടുത്ത രൂപത്തിൽ വർഗ്ഗീയ വിഷം കേരളത്തിൽ വിതച്ചുകൊണ്ടിരിക്കുന്ന ഒരാളെ രക്ഷകനായി എഴുന്നള്ളിക്കണമെങ്കിൽ ഇവരുടെയൊക്കെ തലയിലെ രാഷ്ട്രീയവിവേകം എന്താണെന്നാണ് ഞാൻ ആലോചിക്കുന്നത്.

ഒരു ഭരണത്തുടർച്ചക്ക് വേണ്ടി ഇടതുപക്ഷം നിരന്തരം സ്‌കോറടിച്ചു മുന്നേറിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ കൂടെ ഇതുപോലെ സെൽഫ് ഗോളുമടിച്ച് അവരെ സഹായിച്ചുകൊണ്ടിരിക്കുന്ന ഒരു ടീമിനെക്കുറിച്ച് എന്ത് പറയാനാണ്.