ആലപ്പുഴ: അന്തരിച്ച ബാസ്‌കറ്റ്‌ബോൾ പരിശീലകൻ തോമസ് ജെ.ഫെന്നിന് വിട. ഒരു കാലത്ത് കേരളത്തിന്റെ ബാസ്‌കറ്റ്‌ബോൾ താരമായും പരിശീലകനായും റഫറിയായും തിളങ്ങിയ തോമസ് ജെ. ഫെൻ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെയാണ് മരിച്ചത്. 84 വയസ്സായിരുന്നു. രാജ്യാന്തര, ദേശീയ ബാസ്‌കറ്റ്ബോൾ റഫറിയും പരിശീലകനുമായിരുന്ന ആലപ്പുഴ ജില്ലാ കോടതി വാർഡ് ചുനങ്ങാട്ടിൽ തോമസ് ജെ.ഫെന്നിന്റെ സംസ്‌കാരം പിന്നീട് നടക്കും.

കേരള സർവകലാശാലയ്ക്കും കേരള ടീമിനും വേണ്ടി ഒട്ടേറെ മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. അരനൂറ്റാണ്ടോളം ബാസ്‌കറ്റ്ബോൾ പരിശീലകനായിരുന്ന അദ്ദേഹം ഒരു വർഷം കേരള ടീം ക്യാപ്റ്റനുമായിരുന്നു. പട്യാലയിൽ കായികാധ്യാപക പരിശീലനം പൂർത്തിയാക്കിയ ശേഷം കേരള സ്പോർട്സ് കൗൺസിലിൽ പരിശീലകനായി. ജൂനിയർ, സീനിയർ ടീമുകളുടെ പരിശീലകനായിരുന്നു. 27 വർഷത്തെ സേവനത്തിനു ശേഷമാണ് വിരമിച്ചത്. 1970ൽ ഇന്ത്യയുടെ ദേശീയ ബാസ്‌കറ്റ്ബോൾ റഫറിയായി. 1975ൽ രാജ്യാന്തര റഫറിയായി ഫെഡറേഷൻ ഇന്റർനാഷനൽ ബാസ്‌കറ്റ് ബോൾ അമച്വർ (ഫിബ) തിരഞ്ഞെടുത്തു.

ഭാര്യ: അക്കാമ്മ ഫെൻ (റിട്ട.അദ്ധ്യാപിക, ആലപ്പുഴ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ) ചേന്നങ്കരി പാറശേരിൽ പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മകൻ: ജേക്കബ് ഫെൻ, മരുമകൾ: കുറിയന്നൂർ വല്യകാലായിൽ ഡോ. നിഷ (ഇരുവരും ദുബായ്).