ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ നടക്കുന്ന കശ്മീർ പ്രീമിയർ ലീഗിനെതിരെ നിലപാട് കടുപ്പിച്ച് ബിസിസിഐ. കശ്മീർ പ്രീമിയർ ലീഗിൽ പങ്കാളിയാവുന്നവരെ ഇന്ത്യയിലെ എല്ലാ വിധ ക്രിക്കറ്റ് സംബന്ധമായ കാര്യങ്ങളിൽ നിന്നും വിലക്കുമെന്നാണ് വിവിധ ക്രിക്കറ്റ് ബോർഡുകൾക്ക് ബിസിസിഐ മുന്നറിയിപ്പ് നൽകുന്നത്.

കശ്മീർ പ്രീമിയർ ലീഗിൽ കളിക്കാൻ കളിക്കാരെ അനുവദിച്ചാൽ ഇന്ത്യയുമായി ബന്ധപ്പെട്ട ക്രിക്കറ്റ് മത്സരങ്ങളിൽ അവർക്ക് പങ്കെടുക്കാൻ സാധിക്കില്ലെന്ന് വിവിധ ക്രിക്കറ്റ് ബോർഡുകളെ ബിസിസിഐ അറിയിച്ചതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ആര് കളിച്ചാലും ഞങ്ങൾക്ക് പ്രശ്നമില്ല. എന്നാൽ ഇത് പാക് അധിനിവേശ കശ്മീരിലാണ് നടക്കുന്നത്, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കശ്മീർ പ്രീമിയർ ലീഗിൽ കളിക്കുന്നതിൽ നിന്ന് തന്നെ തടയാൻ ബിസിസിഐ ശ്രമിക്കുന്നു എന്ന് ആരോപിച്ച് സൗത്ത് ആഫ്രിക്കൻ മുൻ താരം ഗിബ്സ് എത്തിയിരുന്നു. ഇതോടെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കുന്നത്.

കശ്മീർ പ്രീമിയർ ലീഗിൽ കളിച്ചാൽ ക്രിക്കറ്റ് സംബന്ധമായ കാര്യങ്ങൾക്ക് ഇന്ത്യയിൽ പ്രവേശനം അനുവദിക്കില്ലെന്ന് ബിസിസിഐ ഭീഷണി മുഴക്കുന്നതായും ഗിബ്സ് ട്വീറ്റ് ചെയ്തു. ക്രിക്കറ്റിന് അപമാനമുണ്ടാക്കുന്ന പ്രവർത്തിയാണ് ബിസിസിഐയുടേത് എന്ന് കുറ്റപ്പെടുത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും എത്തിയിരുന്നു.