മുംബൈ: ഐപിഎൽ സംപ്രേഷണവകാശം റെക്കോർഡ് തുകക്ക് വിറ്റതിന് പിന്നാലെ മുൻ താരങ്ങളുടെയും അമ്പയർമാരുടെയും പ്രതിമാസ പെൻഷൻ തുക ഇരട്ടിയാക്കി ഉയർത്തി ബിസിസിഐ. 75 ശതമാനം പേർക്കും ഇരട്ടിയായാണ് പെൻഷൻ ഉയർത്തിയിരിക്കുന്നത്. 900ത്തോളം കളിക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നതാണ് പെൻഷൻ വർധന.

മുൻ താരങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ പരിഗണിക്കേണ്ടത് അനിവാര്യമായ കാര്യമാണെന്ന് ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞു. വാഴ്‌ത്തപ്പെടാത്ത നായകന്മാരാണ് അമ്പയർമാർ. അവരുടെ ക്ഷേമവും ബിസിസിഐയുടെ ഉത്തരവാദിത്വമാണെന്നും ഗാംഗുലി പറഞ്ഞു.

നിലവിൽ 15000 രൂപ പ്രതിമാസ പെൻഷനായി ലഭിക്കുന്നവർക്ക് 30000 രൂപയായി ഉയർത്തി. 22500 രൂപ പെൻഷൻ ലഭിക്കുന്ന മുൻ താരങ്ങൾക്കും അമ്പയർമാർക്കും ഇനിമുൽ 45000 രൂപ പെൻഷനായി ലഭിക്കും. 30000 രൂപ ലഭിച്ചിരിക്കുന്നവർക്ക് 52,500 രൂപയും 37,500 രൂപ ലഭിച്ചിരുന്നവർക്ക് 60000 രൂപയും 50000 രൂപ പെൻഷനായി ലഭിച്ചിരുന്നവർക്ക് 70000 രൂപയും ഇനി മുതൽ പെൻഷനായി ലഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

നിലവിലെ താരങ്ങളായാലും മുൻ താരങ്ങളായാലും അവരുടെ ക്ഷേമത്തിന് മുന്തിയ പരിഗണന നൽകേണ്ടതാണ്. ആ അർത്ഥത്തിലാണ് പെൻഷൻ വർദ്ധിപ്പിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. അതുല്യമായ സേവനം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ അന്തസ്സ് ഉയർത്തിയവരാണ് അമ്പയർമാരെന്നും ജയ് ഷാ കൂട്ടിച്ചേർത്തു.

അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണാവകാശം 44,075 കോടി രൂപക്കാണ് ബിസിസിഐ ലേലം ചെയ്തതെന്നാണ് റിപ്പോർട്ട്. 2023-27 കാലത്തെ 410 മത്സരങ്ങൾക്ക് ടി.വി. സംപ്രേഷണാവകാശം സോണി പിക്‌ചേഴ്‌സ് 23,575 കോടിക്കും ഡിജിറ്റൽ അവകാശം റിലയൻസ് ഗ്രൂപ്പിന്റെ വയാകോം 18 20,500 കോടി രൂപയ്ക്കും സ്വന്തമാക്കിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.