കൊൽക്കത്ത: ബി.സി.സിഐ. പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായി സൗരവ് ഗാംഗുലിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗലക്ഷണത്തെത്തുടർന്ന് ഗാംഗുലിയെ കൊൽക്കത്തയിലെ വുഡ്ലാൻഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗാംഗുലിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ബി.സി.സിഐ. വൃത്തങ്ങൾ അറിയിച്ചു. ഡിസംബർ 27 ന് നടത്തിയ പരിശോധനാഫലമാണ് പോസിറ്റീവായത്.

ഈ വർഷം ജനുവരിയിൽ ഹൃദയാഘാതത്തെത്തുടർന്ന് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിലെ ജിംനേഷ്യത്തിൽ പരിശീലനം നടത്തുന്ന സമയത്താണ് ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം 48 കാരനായ ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.