തിരുവനന്തപുരം: വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ഐഎഫ്എഫ്കെയിൽ കിം കി ഡുക്കിന്റെ മോബിയസ് എന്ന ചിലച്ചിത്രം പ്രദർശിപ്പിക്കുന്ന സമയം. അതിലെ അക്രമരംഗം കണ്ട് ഒരു ചെറുപ്പക്കാരൻ നിലവിളിച്ചു ബോധംകെട്ട് വീഴുകയായിരുന്നു. ഗുണപാഠകഥകൾപോലെയുള്ള മലയാള ചലച്ചിത്രങ്ങൾ കണ്ട് ശീലിച്ചവർക്ക് പാകപ്പെടുന്നത് ആയിരുന്നില്ല, ചോരയും ചലവും ഒലിക്കുന്ന കിം കി ഡുക്കിന്റെ ചിത്രങ്ങൾ. ഇന്ന് അന്തരിച്ച വിശ്രുത കൊറിയൻ സംവിധായകൻ കിം കി ഡുക്കിനെ വയലൻസിന്റെ സൗന്ദര്യം എന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

എന്തുകൊണ്ടാണ് താങ്കളുടെ സിനിമയിൽ ഇത്രയും വയലൻസ് എന്ന് ചോദിച്ചാൽ കിമ്മിന് മറുപടിയൊന്നും ഇല്ലായിരുന്നു. ആ കഥാപാത്രങ്ങൾ അങ്ങനെയാണ് എന്ന് പറഞ്ഞാണ് അദ്ദേഹം ഒഴിയുക. ദ ഐൽ എന്ന കിമ്മിന്റെ വിഖ്യാത ചിത്രത്തിൽ യോനിയിൽ ചൂണ്ട കൊരുത്ത് അത്മഹത്യചെയ്യാൻ പോകുന്ന യുവതിയുടെ രംഗങ്ങൾ രക്തം ഉറയിപ്പിക്കുന്നതാണ്. ഭയവും വെറുപ്പും സൃഷ്ടിക്കുന്ന അക്രമരംഗങ്ങൾ ഡുക്കിന്റെ ശൈലിയായിരുന്നു. ദ ഐലിൽ എന്ന സിനിമ ഹിംസയുടെ അങ്ങേയറ്റമായിരുന്നു. മൃഗങ്ങളോടും മനുഷ്യരോടും കാട്ടിയ ക്രൂരതകളുടെ പേരിൽ ഈ സിനിമ പ്രദർശനത്തിനു മുൻപേ ഒരുപാടു മുറിച്ചുനീക്കേണ്ടിവന്നു.അതുപോലെ 'ഹ്യൂമൻ സ്പേസ് ആൻഡ് ടൈം ' എന്ന ചിത്രത്തിലെ മനുഷ്യൻ മനുഷ്യനെ തിന്നുന്ന രംഗങ്ങളും കരളുറപ്പുള്ളവർക്ക് മാത്രമാണ് കണ്ടുനിൽക്കാൻ കഴിയുക. കൂർപ്പിച്ച കടലാസ്സ് ഒരു കത്തിയായി ഉപയോഗിച്ച് ഒരാൾ എതിരാളിയെ കൊല്ലുന്ന രംഗം ഡുക്കിന്റെ ഒരു ചിത്രത്തിലുണ്ട്.

സമരിറ്റൻ ഗേൾ എന്ന വിഖ്യാതമായ ചിത്രത്തിന്റെ കഥ നോക്കുക. യൂറോപിലെത്താനുള്ള പണം സ്വരൂപിക്കാനായി രണ്ട് പെൺകുട്ടികൾ ശരീര വിൽപ്പനക്കൊരുങ്ങുന്നു. ഒരാൾ കൂട്ടിക്കൊടുപ്പുകാരിയായും മറ്റേയാൾ ലൈംഗികത്തൊഴിലാളിയായും പ്രവർത്തിക്കുന്നു. കൂട്ടിക്കൊടുപ്പുകാരിയുടെ ഒരു കൈപ്പിഴവു മൂലം മറ്റേയാൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നു. അതിനു ശേഷം കുറ്റബോധം തീർക്കാൻ ആദ്യത്തെയാളും ലൈംഗികത്തൊഴിലാളിയായി മാറുന്നു. ആത്മഹത്യ ചെയ്ത പെൺകുട്ടി ബന്ധപ്പെട്ടിരുന്ന ആളുകളുടെ കൂടെ ശയിച്ച ശേഷം അവരിൽ നിന്ന് ആദ്യം വാങ്ങിയ പണം അവൾ തിരിച്ചു നൽകുന്നു. പൊലീസ് ഡിറ്റക്റ്റീവ് ആയ തന്റെ അച്ഛൻ തന്നെ നിരീക്ഷിക്കുന്നത് അവൾ അറിയുന്നില്ല. കൂടെ ശയിച്ചവരെയെല്ലാം വേട്ടയാടി അയാൾ എത്തുന്നു. ഈ പ്രമേയ വൈവിധ്യം തന്നെയാണ് കിം കി ഡുക്കിനെ ശ്രദ്ധേയനാക്കുന്നതും.

ആദ്യ ചിത്രമായ ക്രൊക്കോഡയിൽ തൊട്ട് 59ാമത്തെ വയസ്സിൽ വിടപറയുന്നത്വരെ കിം എടുത്ത ചിത്രങ്ങൾ നോക്കുക. സംഭാഷണം തീരെ കുറവായ കഥാപാത്രങ്ങൾ, പലരും വിഷാദ രോഗികളും സെമി സൈക്കോകളും, ചിലർ ബുദ്ധനെപ്പോലെ, ചിലർ രാക്ഷസനെപ്പോലെ. 'ഉന്മാദവും വിഷാദവും മാറിമാറി നിറയുന്ന സിനിമകൾ' എന്നായിരുന്നു കിം കി ഡുക്കിനെ കുറിച്ച് വാഷിങ്് ടൺ പോസ്റ്റിൽ വന്ന തലക്കെട്ട്.ബുദ്ധദർശനങ്ങളോടാണ് തനിക്ക് അടുപ്പമെന്നു പ്രഖ്യാപിക്കുമ്പോഴും താൻ ജീവിച്ച കാലത്തിന്റെ ഹിംസകളായിരുന്നു കിം കി ഡുക് സിനിമയിലൂടെ കാണിച്ചത്. പക്ഷേ ഇതിന്റെ പേരിൽ അദ്ദേഹം കൊറിയയിൽ വ്യാപകമായി വിമർശിക്കപ്പെട്ടു. ജന്മനാടിനെ സെക്സിന്റെയും വയലൻസിന്റെയും കേന്ദ്രമായി ചിത്രീകരിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ആയിരുന്നു, ആദ്യകാലത്ത് കിമ്മിനുനേരെ ഉയർന്നിരുന്നത്. എന്നാൽ യുവ തലമമുറ ഇത് തള്ളിക്കളയുകയായിരുന്നു. ലോകത്തിൽ എവിടെ പോയാലും നിങ്ങൾ കിമ്മിന്റെ നാട്ടുകാർ ആണെന്ന് ചോദിക്കുന്നത് തങ്ങൾക്ക് അഭിമാനം ആണെന്നാണ് ചെറുപ്പക്കാർ പറയഞ്ഞിരുന്നത്്. അങ്ങനെ 2010നുശേഷമാണ് ജന്മനാട്ടിൽ കിം അംഗീകരിക്കപ്പെടുന്നത്.

സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ എന്നതടക്കമുള്ള പല ചിത്രങ്ങളിലും ലൈഗികതക്ക് പുറത്തുനിന്നുകൊണ്ട് കിം മനുഷ്യബന്ധങ്ങളെ വ്യാഖ്യാനിച്ചിരുന്നു. അതുപോലെ അക്രമങ്ങളുടെയും വന്യമായ ലൈംഗികതയുടെയും നിശിതമായ ആവിഷ്‌കാരങ്ങൾക്കിടയിലും കിം കി ഡുക്കിന്റെ ലോകത്തെ കാൽപനിക മനോഹരമായ സിനിമയാണ് 3അയേൺ (2004). ഒഴിഞ്ഞ വീടുകളിൽ കടന്നുകയറി അവിടെ രാത്രി പാർക്കുന്ന ആ സിനിമയിലെ ചെറുപ്പക്കാരന് അലയുന്ന ബുദ്ധഭിക്ഷുവിന്റെ ആത്മാവാണുള്ളതെന്നു നമുക്കു തോന്നും. സംഭാഷണങ്ങൾ തീരെയില്ലാത്ത സിനിമയാണത്. പ്രേമം അതിഭൗതികതയിലേക്കു കൂടുമാറുന്ന രംഗത്തോടെയാണ് ഈ സിനിമ പൂർണമാകുന്നത്. സ്വയം അപ്രത്യക്ഷനാകുന്ന കൺകെട്ടു വിദ്യയിലൂടെ ജയിലിൽനിന്നു കടക്കുന്ന നായകൻ അയാളുടെ കാമുകിയുടെ വീട്ടിൽ അദൃശ്യസാന്നിധ്യമാകുന്നു.

ഇത്തരം വയലൻസുകൾ ചിത്രീകരിക്കുമ്പോഴും സ്വകാര്യ ജീവിതത്തിൽ അത്രക്കൊന്നും ധൈര്യമില്ലാത്ത വ്യക്തിയായിരുന്നു ഈ വിശ്വ ചലച്ചിത്രകാരൻ. ഒരു വയലൻസ് രംഗത്തിന്റെ ചിത്രീകരണം കിം കി ഡുക്കിന്റെ സമനില തെറ്റിച്ചതും ചരിത്രം. 2008ൽ ഇറങ്ങിയ ഡ്രീം എന്ന ചിത്രത്തിലെ നായിക തൂങ്ങിമരിക്കാനൊരുങ്ങുന്ന ഒരു രംഗമുണ്ട്. എന്തോ പാളിച്ച പറ്റി. തൂങ്ങിമരിക്കാനിരുന്ന നായിക ശ്വാസം കിട്ടാതെ കുരുക്കിൽ കിടന്നു പിടഞ്ഞു. കിം തന്നെയാണ് ചാടി വീണ് കുരുക്കറുത്ത് അവരെ രക്ഷിച്ചത്. ബോധക്ഷയം സംഭവിച്ചു വീണ ആ നടി രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. എന്നാൽ ആ കാഴ്ച മനുഷ്യന്റെ നശ്വരതയെപ്പറ്റിയുള്ള കിമ്മിന്റെ കാഴ്ചപ്പാടുകളെയെല്ലാം മാറ്റിക്കളയാൻ പ്രാപ്തമായിരുന്നു.

'ഡ്രീം' ലോകം മുഴുവൻ പ്രേക്ഷകശ്രദ്ധ നേടി മുന്നേറി. ഐഎഫ്എഫ്കെയിലും എത്തിയിരുന്നു ചിത്രം. എന്നാൽ ഒരു നാൾ ആരോടും പറയാതെ സോളിൽ നിന്ന് ഏറെ ദൂരെയുള്ള അറിറാങ് കുന്നുകളിലേക്കു പോകുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ അരനൂറ്റാണ്ടു പിന്നിട്ട പിറന്നാൾ കിം ആഘോഷിച്ചതും ആ അജ്ഞാതവാസക്കാലത്തായിരുന്നു. മരങ്ങൾക്കും മഞ്ഞിനും മരക്കൂടാരത്തിലെ യന്ത്രങ്ങൾക്കുമൊപ്പമുള്ള തന്റെ ജീവിതം അദ്ദേഹം ക്യാമറയിൽ പകർത്തി, എല്ലാം ഒറ്റയ്ക്ക്. ചിത്രത്തിലെ നായകനും കഥയുമെല്ലാം കിം കിം ഡുക് മാത്രം. ജീവിതത്തെ മുഴുവൻ വെറുപ്പോടെ നേരിട്ട മൂന്നു വർഷങ്ങൾ. ജീവിതത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ട വർഷങ്ങൾ. പക്ഷേ തിരിച്ചു വരവിന്റെ വിളംബരമായി കിം അതെല്ലാം ചേർത്ത് ഒരു ഡോക്യുമെന്ററിയാക്കി.പേര് ആരിരാംങ്. അതും ലോക പ്രശസ്തമായതും ചരിത്രം.