തിരുവനന്തപുരം: കോവളത്ത് സ്വകാര്യ ഹോട്ടൽ മുറിയിൽ അവശനിലയിൽ വിദേശ പൗരനെ കണ്ടെത്തി. അമേരിക്കൻ പൗരനായ എഴുപത്തിയേഴ് വയസ്സുള്ള ഇർവിൻ ഫോക്സിനെയാണ് ഹോട്ടൽ മുറിയിൽ കണ്ടെത്തിയത്.

കോവളം ബീച്ചിനു സമീപത്തുള്ള ഒരു സ്വകാര്യ ഹോട്ടൽ മുറിക്കുള്ളിലാണ് ഇർവിനെ കണ്ടെത്തിയത്. മലമൂത്രവിസർജ്ജ്യങ്ങൾക്കിടയിൽ കടുത്ത അവശതയിലായിരുന്നു ഇർവിൻ. ശരീരത്തിലെ മുറിവുകളിൽ ഉറുമ്പരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

കോവളം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജു, സി.പി. ഒ പ്രീതാ ലക്ഷ്മി എന്നിവർ ബീറ്റിനിടയിൽ മുറിയിൽ നിന്നും ശബ്ദം കേട്ടതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ആഹാരമോ പരിചരണമോ ലഭിക്കാതെ അവശ നിലയിലായിരുന്നു വിദേശി. ആരോഗ്യനില മോശമായ നിലയിൽ കണ്ടെത്തിയ ഇർവിനെ ആശുപത്രിയിലേക്ക് മാറ്റി.

കോവളം എസ്.എച്ച്.ഒ എഫ്.ആർ.ആർ.ഒ യ്ക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് വിദേശിക്കു വേണ്ട നിയമസഹായവും വൈദ്യസഹായവും നൽകാൻ തീരുമാനിച്ചുവെന്ന് കോവളം പൊലീസ് അറിയിച്ചു.

ഹോട്ടൽ മുറിയിൽ ഒറ്റപ്പെട്ട വിദേശിക്ക് ചികിത്സയോ പരിചരണമോ ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു. ചികിത്സ നൽകാതിരുന്ന ഹോട്ടൽ ഉടമയ്‌ക്കെതിരെയും നിയമനടപടി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പാലിയം ഇന്ത്യ പ്രവർത്തകർ എത്തി പരിചരണം നൽകി. റൂമിൽ തുടരുന്ന വിദേശിയെ എത്രയും വേഗം ആശുപത്രിയിൽ എത്തിച്ച് അടിയന്തിര ചികിത്സ നൽകണമെന്ന് ഹോട്ടൽ ഉടമയോട് പൊലീസ് കർശന നിർദ്ദേശം നൽകിയിരുന്നു

ആരോഗ്യ പ്രവർത്തകർ മുറിക്കുള്ളിൽ കണ്ടത് ദയനീയ കാഴ്ചകളായിരുന്നു. ഒരു വർഷമായുള്ള കിടപ്പിൽ മുതുകിനും പൃഷ്ഠഭാഗത്തിനും ഇടയ്ക്ക് രണ്ട് വലിയ വൃണങ്ങൾ ഉണ്ടായിരുന്നു. മലം കെട്ടി കിടക്കുന്ന അവസ്ഥയിൽ അനങ്ങാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു. പാലിയം ഇന്ത്യ പ്രവർത്തകർ ഇത് വൃത്തിയാക്കിയതോടെ വിദേശിക്ക് അല്പം ആശ്വാസം കിട്ടിയെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

ഒരു വർഷം മുൻപാണ് ഇയാൾ കോവളത്ത് എത്തിയത്. വീഴ്ചയിൽ പരിക്ക് പറ്റിയതിനെ തുടർന്ന് കിടപ്പിലായിരുന്നു. പരിക്ക് പറ്റിയതിനെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇയാൾക്ക് സഹായിയായി ഉണ്ടായിരുന്നയാൾ ഇർവിന്റെ പാസ്പോർട്ട് ഉൾപെടെയുള്ള രേഖകളുമായി ശ്രീലങ്കയിലേക്ക് പോയതോടെ തുടർ ചികിത്സയും പരിചരണവും മുടങ്ങി.

ഈ വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകർക്കു നേരെ ഹോട്ടലുടമ തട്ടിക്കയറിയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ജയചന്ദ്രൻ പറഞ്ഞു. ഡോ. അഞ്ജലി, സിസ്റ്റർമാരായ ഭിനു, അക്ഷയ, മനീഷ എന്നിവരുടെ സംഘമാണ് വിവരമറിഞ്ഞ് എത്തിയത്.