മാഞ്ചെസ്റ്റർ: ആംബുലൻസിനായി ഒരു മണിക്കൂറിലേറെ കാത്തിരുന്നതിനു ശേഷം ഇന്ത്യൻ വംശജയായ വീട്ടമ്മ ബ്രിട്ടനിൽ മരണം വരിച്ചു. ശ്വാസം കിട്ടാതെ വിഷമിച്ച ബീന പട്ടേൽ എന്ന 56 കാരിക്കാണ് ഈ ദുര്യോഗമുണ്ടായത്. ഗ്രെയ്റ്റർ മാഞ്ചസ്റ്ററിലെ ടെയ്ംസൈഡിലെ അഷ്ടോൺ-അണ്ടൽ ലെയ്നിലുള്ള ഇവരുടെ വസതിയിൽ ആംബുലൻസുമായി പാരാമെഡിക്സ് എത്തിയപ്പോഴേക്കും അവരുടെ നാഢിസ്പന്ദനം നിലച്ചതായി മക ആഷ്‌കേ പറഞ്ഞു. നോർത്ത് വെസ്റ്റ് ആംബുലൻസ് സർവ്വീസിന്റെ പേഷ്യന്റ് റിപ്പോർട്ട് പ്രകാരം ഹൃദയാഘാതത്തെ തുടർന്നാണ് ഇവർ മരണമടഞ്ഞത്.

ബ്രിട്ടനിലെ ആരോഗ്യരംഗം കടന്നുപോകുന്ന പ്രതിസന്ധിയെ കുറിച്ച് കഴിഞ്ഞദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ തുടർച്ചയാണ് ഈ സംഭവവും. തന്റെ അമ്മയുടേ നില ഗുരുതരമായതോടെ ഒക്ടോബർ 11 ന് അതിരാവിലെ ഏഴുതവണയാണ് മകൻ ആഷ്‌കെ ആംബുലൻസ് സർവ്വീസിനെ വിളിച്ചത്. പിന്നീട് നിസ്സഹായനായ ആ മകന് സ്വന്തം അമ്മയ്ക്കരികിലിരുന്ന അമ്മ അന്ത്യശ്വാസം വലിക്കുന്നതും കാണേണ്ടിവന്നു. നിസ്സഹായനായ ആ 27 കാരൻ തന്റെ അമ്മയുടെ മരണത്തിന് ഉത്തരവാദിയായി ചൂണ്ടിക്കാണിക്കുന്നത് നോർത്ത് വെസ്റ്റ് ആംബുലൻസ് സർവ്വീസിനെയാണ്.

കഠിനമായ ശ്വാസം മുട്ടലുമായി മല്ലടിച്ച് തന്റെ അമ്മ ഏകദേശം ഒരു മണിക്കൂറിലധികം ആംബുലൻസിനായി കാത്തിരുന്നു എന്നാണ് അയാൾ പറയുന്നത്. സമയത്ത് ആംബുലൻസ് എത്തിയിരുന്നെങ്കിൽ അമ്മയുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്നും അയാൾ പറഞ്ഞു. എൻ എച്ച് എസിനു മേൽ സമ്മർദ്ദമേറിയതോടെ ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർക്ക് പോലും ആംബുലൻസും അടിയന്തര ശുശ്രൂഷയും ലഭിക്കാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്.

പട്ടണത്തിലെ അസ്ഡയിൽ കഴിഞ്ഞ 15 വർഷമായി കാഷ്യർ ആയി ജോലി നോക്കുകയായിരുന്നു ബീന പട്ടേൽ. ഒക്ടോബർ 10 ൻ ലെസ്റ്ററിലുള്ള സുഹൃത്തിനെ കാണാൻ പോയി വന്നിട്ട് തന്റെ കിടപ്പുമുറിയിലേക്ക് പോയതായിരുന്നു അവർ. ആ സമയം അവർ തികഞ്ഞ സന്തോഷവതിയായിരുന്നു എന്ന് മകൻ പറയുന്നു. എന്നാൽ, അതിരാവിലെ അവരുടെ അലർച്ചയും കരച്ചിലും കേട്ട് ഞെട്ടിയുണർന്ന മകൻ കാണുന്നത് ശ്വാസം കിട്ടാതെ വിഷമിക്കുന്ന അമ്മയേയാണ്. ദീർഘകാലമായി പ്രമേഹ രോഗിയായിരുന്നെങ്കിലും ബീനയ്ക്ക് മറ്റ് ഗുരുതര രോഗങ്ങളൊന്നുമില്ലായിരുന്നു എന്നും മകൻ പറയുന്നു.

ആഷ്‌കെയുടെ പിതാവിന്റെ മരണശേഷം ഇവർ ഇരുവരുമൊരുമിച്ചാണ് വീട്ടിൽ താമസിക്കുന്നത്. മകൻ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. അതിനിടയിൽ ഏഴു തവണയാണ് ആഷ്‌കെ ആംബുലൻസിൽ വിളിച്ചത്. ആംബുലൻസ് വന്നുകൊണ്ടിരിക്കുകയാണെന്നും അതുവരെ രോഗിയെ സമാശ്വസിപ്പിക്കുവാനുമായിരുന്നു ഫോൺ എടുത്തയാൾ ആഷ്‌കെയോട് പറഞ്ഞത്. നേരമേറെ കഴിഞ്ഞിട്ടും ആംബുലൻസ് കാണാതായപ്പോൾ വീണ്ടും വിളിച്ചു. പിന്നീടുള്ള വിളികളിലാണ് തനിക്ക് ശ്വാസം മുട്ടുകയാണെന്നും മരണത്തിൽ നിന്നും രക്ഷിക്കണമെന്നും ഈ അമ്മ കരനു പറഞ്ഞത്. ഈ സംസാരം 999 എന്ന നമ്പറിൽ കോളിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുമുണ്ട്. അത് ലഭിക്കുവാൻ ആംബുലൻസ് സർവ്വീസിന് അപേക്ഷ നൽകിയ ആഷ്‌കേക്ക് അത് അവർ നൽകിയിട്ടുണ്ട്.

ഇവർ കരഞ്ഞ് അപേക്ഷിക്കുമ്പോഴും ആംബുലൻസ് വരാൻ ഇനിയും ഒന്നരമണിക്കൂർ എടുക്കുമെന്ന് ഫോൺ ഒപ്പറേറ്റർ പറയുന്നതും അതിലുണ്ട്. പിന്നീട് 3.17 ന് വിളിച്ച കോളിൽ അമ്മയുടെ ശ്വാസം പൂർണ്ണമായും നിലച്ചു എന്ന് ആഷ്‌കെ പറയുന്നുണ്ട്. അപ്പോൾ ആഷ്‌കെയ്ക്ക് ചെയ്യുവാൻ ഒന്നുമില്ലെന്നും ആംബുലൻസിനായി കാക്കുവാനുമാണ് ഓപ്പറേറ്റർ പറയുന്നത്. പിന്നീട് 3.27 ആയപ്പോഴേക്കും പാരാമെഡിക്സ് സംഭവസ്ഥലത്ത് എത്തിച്ചേര്ന്നു. അപ്പോഴേക്കും 999 എന്ന നമ്പറിലേക്ക് ആദ്യ കോൾ ചെയ്തിട്ട് ഒരു മണിക്കൂർ ആയിരുന്നു. നോർത്ത് വെസ്റ്റ് ആംബുലൻസ് സർവ്വീസിനെതിരെ ആഷ്‌കെ പരാതി നൽകിയിട്ടുണ്ട്.