തിരുവനന്തപുരം: സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ സ്ഥാനത്തു നിന്നു നവംബറിൽ വിൻസന്റ് എം.പോൾ വിരമിക്കുമ്പോൾ ആ സ്ഥാനത്തേക്ക് ഡിജിപി ലോകനാഥ് ബെഹ്‌റ എത്തുമെന്ന് സൂചന.

2021 ജൂണിലാണു ബെഹ്‌റ സർവീസിൽ നിന്നു വിരമിക്കുന്നത്. ഈ സാഹചര്യത്തിലാണ് നീക്കം. പൊലീസ് മേധാവി പദവിയിൽ 3 വർഷത്തിലേറെയായി തുടരുന്നവരെ തിരഞ്ഞെടുപ്പു വേളയിൽ മാറ്റുന്ന രീതി തിരഞ്ഞെടുപ്പു കമ്മിഷനുണ്ട്. ബെഹ്‌റ ഈ പദവിയിൽ 4 വർഷത്തിലേറെയായി. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ബെഹ്‌റയെ മാറ്റാൻ സാധ്യതയുണ്ട്. പകരം ആളിനേയും കമ്മീഷൻ നിയോഗിക്കും. ഇത് മനസ്സിലാക്കിയാണ് സർക്കാരിന്റെ നീക്കം.

ബെഹ്‌റയെ മാറ്റി പുതിയൊരാളെ പൊലീസ് മേധാവായിയാക്കാനാണ് നീക്കം. അതിന് വേണ്ടിയാണ് മുഖ്യ വിവരാവകാശ കമ്മീഷർ സ്ഥാനം പരിഗണിക്കുന്നത്. നെതർലൻഡ്‌സിൽ അംബാസഡർ ആയ വേണു രാജാമണി സേവന കാലാവധി കഴിഞ്ഞെത്തുമ്പോൾ താൽപര്യം പ്രകടിപ്പിച്ചാൽ അദ്ദേഹത്തെ പരിഗണിക്കാനും സാധ്യത. നെതർലൻഡ്‌സിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ എല്ലാ സഹായവും ചെയ്തു നൽകിയത് രാജാമണിയാണ്. അങ്ങനെ വന്നാൽ കൊച്ചി ആസ്ഥാനമായി മറ്റൊരു ഉയർന്ന തസ്തികയിലേക്കും ബെഹ്‌റയെ പരിഗണിച്ചേക്കും.

2021 ജൂണിലാണു ബെഹ്‌റ സർവീസിൽ നിന്നു വിരമിക്കുന്നത്. ഇതിനിടെ കേന്ദ്രത്തിൽ ഉയർന്ന പദവിയിലേക്ക് പോകാനായില്ലെങ്കിൽ തിരഞ്ഞെടുപ്പു സമയത്ത് പൊലീസ് മേധാവി സ്ഥാനത്തു നിന്ന് അദ്ദേഹത്തിനു മാറേണ്ടിവരും. ഇതു മനസ്സിലാക്കിയാണ് ബെഹ്‌റയ്ക്ക് മറ്റൊരു പദവി പരിഗണിക്കുന്നത്. മുഖ്യമന്ത്രി ചെയർമാനും മുതിർന്ന മന്ത്രിസഭാംഗവും പ്രതിപക്ഷനേതാവും അംഗങ്ങളുമായ സമിതിയാണ് മുഖ്യവിവരാവകാശ കമ്മിഷണറുടെ പേര് ഗവർണറോട് നിർദ്ദേശിക്കുന്നത്. നിലവിൽ ഒരു വിവരാവകാശ കമ്മിഷണറുടെ തസ്തികയിലേക്ക് സർക്കാർ നടത്തിയ ശുപാർശ ഗവർണറുടെ പരിഗണനയിലാണ്.

ബെഹ്‌റ പൊലീസ് മേധാവി സ്ഥാനമൊഴിഞ്ഞാൽ ആ സ്ഥാനത്തേക്ക് 5 പേരുടെ പട്ടിക യുപിഎസ്‌സിക്ക് നൽകും. യുപിഎസ്‌സി മാനദണ്ഡങ്ങൾ പ്രകാരം സർക്കാരിനു നൽകുന്ന ചുരുക്കപ്പട്ടികയിൽ നിന്നാണ് സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കുന്നത്. ഡിജിപി പദവിയിലുള്ള ഋഷിരാജ് സിങ്, ടോമിൻ തച്ചങ്കരി എന്നിവരെ കൂടാതെ 3 പേരുടെ പട്ടികയും ചേർത്താണു യുപിഎസ്‌സിക്ക് നൽകേണ്ടത്. ഡിജിപി തസ്തികയിലുള്ള ആർ.ശ്രീലേഖ ഡിസംബറിൽ വിരമിക്കും. എഡിജിപിമാരയ സുദേഷ്‌കുമാർ, അനിൽകാന്ത്, ഡോ.ബി.സന്ധ്യ എന്നിവരാണു പിന്നീടു സീനിയോറിറ്റിയിൽ മുന്നിലുള്ളത്. ഇതിൽ രണ്ടു പേരേയും ഉൾപ്പെടുത്തും.

ഋഷിരാജ് സിംഗിന് അടുത്തവർഷം ജൂലൈ വരെ സർവ്വീസ് കാലാവധിയുണ്ട്. അതുകൊണ്ട് തന്നെ ഋഷിരാജ് സിംഗിനാണ് കൂടുതൽ സീനിയോറിട്ടി. എന്നാൽ സർക്കാരിന് ഋഷിരാജ് സിംഗിനെ താൽപ്പര്യമില്ല. ശ്രീലേഖയെ ഒരു മാസത്തേക്ക് പൊലീസ് മേധാവിയാക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കേരളത്തിൽ ഡിജിപിയാകുന്ന ആദ്യ വനിതയായി ശ്രീലേഖ മാറും. അതുകഴിഞ്ഞാൽ തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാനാണ് സർക്കാരിന് കൂടുതൽ താൽപ്പര്യം. ഋഷിരാജ് സിങ് സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുമെന്നതാണ് ഇതിന് കാരണം.

കേരളാ കേഡറിലെ സീനിയോറിട്ടി പ്രകാരം തച്ചങ്കരിക്ക് മുകളിൽ അരുൺകുമാർ സിൻഹയുണ്ട്. അദ്ദേഹം ജൂലൈ ഏഴുവരെ ഡെപ്യൂട്ടേഷനിലാണ്. അതുകെണ്ട് തന്നെ ഋഷിരാജ് സിങ് കഴിഞ്ഞാൽ കൂടുതൽ സാധ്യത തച്ചങ്കരിക്കാണ്. 2023 ജൂലൈ വരെ തച്ചങ്കരിക്ക് സർവ്വീസ് കാലാവധിയുണ്ട്. സുധേഷ് കുമാർ 2022 ഒക്ടോബറിലും ബി സന്ധ്യ 2022 മേയിലും വിരമിക്കും. അതുകൊണ്ട് തന്നെ 1987 ബാച്ചിലെ തച്ചങ്കരിക്ക് സാധ്യത ഏറെയാണ്. എന്നാൽ യുപിഎസ് സി തീരുമാനമാകും നിർണ്ണായകം.

നിലവിൽ ബെഹ്‌റയും ഋഷിരാജ് സിംഗും ശ്രീലേഖയും തച്ചങ്കരിയുമാണ് എക്‌സ് കേഡർ തസ്തികയിലുള്ള ഡിജിപിമാർ. ഇതിൽ ആദ്യ രണ്ടു പേർ 1985 ബാച്ചുകാരാണ്. തച്ചങ്കരിയും ശ്രീലേഖയും 1987ഉം. ഡെപ്യൂട്ടേഷനിലുള്ള അരുൺകുമാർ സിൻഹക്കും ഡി.ജി.പി പദവി ഉണ്ട്. സിൻഹയും 87 ബാച്ചാണ്. '86 ബാച്ചിലെ എൻ. ശങ്കർറെഡ്ഡി വിരമിച്ച ഒഴിവിലാണ് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നൽകിയത്. എസ്‌പി.ജി മേധാവിയായി കേന്ദ്ര സർവിസിലാണ് അരുൺകുമാർ സിൻഹ. ഐ.പി.എസിലെ 1987 ബാച്ചുകാരനായ ടോമിൻ തച്ചങ്കരിക്ക് മൂന്ന് വർഷം കൂടി സർവിസ് ബാക്കിയുണ്ട്.

അടുത്തവർഷം ജൂണിലാണ് സംസ്ഥാന പൊലീസ് മേധാവി പദവിയിൽനിന്ന് ലോക്‌നാഥ് ബെഹ്റ വിരമിക്കുന്നതെങ്കിൽ ആ സമയം സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനായിരിക്കും തച്ചങ്കരി. കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ ജില്ല പൊലീസ് മേധാവിയായിരുന്ന അദ്ദേഹം കണ്ണൂർ റേഞ്ച് ഐ.ജി, ഹെഡ് ക്വാർട്ടേഴ്സ് എ.ഡി.ജി.പി, ട്രാൻസ്പോർട്ട് കമീഷണർ, ഫയർ ഫോഴ്‌സ് മേധാവി, നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലവൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

കെ.എസ്.ആർ.ടി.സി മുൻ മാനേജിങ് ഡയറക്ടറായിരുന്നു. പരേതയായ അനിത തച്ചങ്കരിയാണ് ഭാര്യ. മേഘയും കാവ്യയും മക്കൾ.