ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ കലാപത്തിന് ഇനിയും ഒരു ശമനമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ടുണ്ടായ ചില അക്രമസംഭവങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേർക്ക് ഇന്നലെ ജാമ്യം നിഷേധിച്ചു. ഇവർ വീണ്ടും അക്രമങ്ങളിൽ ഏർപ്പെടും എന്ന കാരണത്താലാണ് ജാമ്യം നിഷേധിച്ചത്. ബെൽഫാസ്റ്റ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഇതിൽ മാത്യൊ ഷാ എന്ന 32 കാരനെ കലാപത്തിനിടയിലെ അക്രമസംഭവങ്ങൾക്കും ജോനാഥൻ മൈറ്റ്ലാൻഡ് എന്ന 25 കാരനെ പെട്രോൾ ബോംബ് കൈവശം വച്ചതിനുമായിരുന്നു അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്‌ച്ച രാത്രിയായിരുന്നു ഇവരെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് വെള്ളിയാഴ്‌ച്ച നടന്ന മറ്റൊരു അക്രമത്തിൽ 14 പൊലീസുകാർക്ക് പരിക്കേറ്റും ഇതോടെ ഈ കലാപത്തിനിടയിൽ പരിക്കേൽക്കുന്ന പൊലീസുകാരുടെ എണ്ണം 88 ആയി. മറ്റുള്ളവരുടെ പ്രേരണയാൽ സംഭവസ്ഥലത്തു വന്നു എന്നതല്ലാതെ കലാപത്തിൽ പങ്കില്ലെന്നായിരുന്നു ഷായുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എംപ്ലോയ്മെന്റ് ബെനെഫിറ്റുകൾ ലഭിക്കുന്ന മൈറ്റ്ലാൻഡിന് നിയമസഹായവും ഏർപ്പാടാക്കിയിരുന്നു. കലാപത്തിൽ പങ്കെടുത്തതിനൊപ്പം പെട്രോൾ ബോംബ് കൈവശം വച്ചതിനുമാണ് ഇയാൾക്കെതിരെ കേസുള്ളത്.

ഇയാളും മറ്റുള്ളവരുടെ പ്രേരണയാൽ സംഭവസ്ഥലത്ത് എത്തിയതാണെന്നും, വഴിയിൽ കിടന്നിരുന്ന പ്ലാസ്റ്റിക് ബാഗ്എടുക്കുക മാത്രമാണ് ചെയ്തതെന്നും അയാളുടെ അഭിഭാഷകൻ വാദിച്ചു. എന്നൽ വീണ്ടും അക്രമത്തിന് ഒരുങ്ങിയേക്കുമെന്ന സംശയത്തിന്റെ പുറത്താണ് ഇയാൾക്ക് ജാമ്യം നിഷേധിച്ചത്. വഴിയിൽ നിന്നും ലഭിച്ച പ്ലാസ്റ്റിക് ബാഗ് മറ്റൊരാൾ വന്ന് ചോദിച്ചപ്പോൾ അയാൾക്ക് കൈമാറിയെന്നും, തന്റെ കക്ഷി പെട്രൊൾ ബോംബ് എറിഞ്ഞു എന്ന പൊലീസിന്റെ ഭാഷ്യം നുണയാണെന്നും അഭിഭാഷകൻ പറഞ്ഞു.

അതേസമയം കൊല്ലപ്പെട്ട പത്രപ്രവർത്തകൻ ലൈറ മെക് കീയുടെ സഹോദരി നിക്കോള മെക് കീ ഇനിയൊരു മരണമുണ്ടാകുന്നതിനു മുൻപ് ലഹള അവസാനിപ്പിക്കുവാൻ ആവശ്യപ്പെട്ട് രംഗത്ത് വന്നു. ഫേസ്‌ബുക്ക് ഉൾപ്പടെയുള്ള വിവിധ സാമൂഹ്യമാധ്യമങ്ങളും ലഹളയെ പ്രോത്സാഹിപ്പിക്കുവാനായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. 12 വയസ്സ് മുതലുള്ളവരാണ് വ്യാജ പ്രചാരണങ്ങളിൽ നിന്നും ആവേശമുൾക്കൊണ്ട് പരസ്പരം പോരാടാനും പൊലീസിനെതിരെ അക്രമം അഴിച്ചുവിടാനും രംഗത്തെത്തുന്നത്.ബുധനാഴ്‌ച്ചയിലെ ഏറ്റവും ഭീകരമായ പ്രക്ഷോഭണത്തിനു തൊട്ടുമുൻപായിരുന്നു ഫേസ്‌ബുക്കിൽ, പോരാട്ടത്തിൽ അണിനിരക്കാനും ബ്രിട്ടീഷ്‌കാരായി തുടരാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റ് വന്നത്.

അന്ന് ഒരു ബസ്സിന് തീയിടുകയും ഒരു കാർ കത്തിച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു. ദേശീയവാദികളേയും ബ്രിട്ടീഷ് വാദികളേയും വിഭജിക്കുന്ന സമാധാനത്തിന്റെ മതിലിൽ ആയിരുന്നു ഈ സംഭവം നടന്നത്. ബെൽഫാസ്റ്റിനു പുറമെ ന്യു ടൗണബ്ബിയിലും , കാരിക്ക്ഫെർഗസിലും ബാല്ലിമെനയിലും ലണ്ടൻഡെരിയിലും പൊട്ടിപ്പുറപ്പെട്ട ഈ കലാപത്തിനു പിന്നിൽ മയക്കുമരുന്ന് കള്ളക്കടത്ത് മാഫിയ ആണെന്നാണ് സംശയിക്കുന്നത്.