കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയിൽ നിന്നുമുള്ള 'കൊഴിഞ്ഞ് പോക്ക്' തുടരുന്നു. ഒരു ബിജെപി എംഎൽഎ കൂടി പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കാളിയഗഞ്ച് എംഎൽഎ സൗമൻ റോയി ആണ് മന്ത്രി പാർത്ഥ ചാറ്റർജിയുടെ സാന്നിധ്യത്തിൽ ടിഎംസിയിൽ തിരികെയെത്തിയത്.

ഒരു പ്രത്യേകസാഹചര്യത്തിലാണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. എന്നാൽ തന്റെ ഹൃദയവും ആത്മാവും തൃണമൂൽ കോൺഗ്രസാണെന്ന് സൗമൻ റോയി പറഞ്ഞു. മുഖ്യമന്ത്രി മമതാബാനർജിയുടെ ശ്രമങ്ങൾക്ക് പിന്തുണനൽകുന്നതിനാണ് വീണ്ടും ടിഎംസിയിൽ ചേർന്നത്. പാർട്ടിയിൽ നിന്ന് രാജിവെച്ചതിൽ ക്ഷമചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പശ്ചിമബംഗാളിൽ മമതാ ബാനാർജി വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ, ടിഎംസി വിട്ട് ബിജെപിയിൽ ചേർന്നവർ പാർട്ടിയിലേക്ക് തന്നെ മടങ്ങിയെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നാല് ബിജെപി എംഎൽഎമാരാണ് പാർട്ടി വിട്ടത്. സൗമൻ റോയ് കൂടി പാർട്ടി വിട്ടതോടെ ബിജെപി എംഎൽഎമാരുടെ എണ്ണം 71 ആയി.