ന്യൂഡൽഹി: ബംഗാൾ അക്രമ കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഇന്ദിരാ ബാനർജി പിന്മാറി. ബംഗാളിലെ അക്രമങ്ങളിൽ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള കേസ് കേൾക്കുന്നതിൽ നിന്നാണ് സുപ്രീംകോടതി ജഡ്ജി പിന്മാറിയത്. മറ്റൊരു ബെഞ്ച് ഈ കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് മമത ബാനർജി നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ തൃണമൂൽ കോൺഗ്രസ് പ്രതിഷേധം നടത്തി. നന്ദിഗ്രാമിലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് കൗശിഖ് ഛന്ദ കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. തൊട്ടുപിന്നാലെ ഹൈക്കോടതി പരിസരത്ത് ജഡ്ജിക്കെതിരെ ഒരു വിഭാഗം അഭിഭാഷകർ പ്രതിഷേധം നടത്തി.

ജഡ്ജിയും ബിജെപി നേതാക്കളും പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് തൃണമൂൽ വക്താവ് കുനാൽ ഘോഷ് തന്നെ രംഗത്തെത്തിയതോടെ വലിയ വിവാദമായി. മമത നൽകിയ കേസ് ഇന്ന് പരിഗണിക്കാൻ ജഡ്ജി വിസമ്മതിച്ചത് ബിജെപിയെ സഹായിക്കാനെന്ന് തൃണമൂൽ ആരോപിക്കുന്നു