ബെംഗളൂരു: മയക്കുമരുന്ന് കേസിൽ പിടിയിലായ കന്നഡ നടി രാഗിണി ദ്വിവേദി ചില്ലറക്കാരിയല്ലെന്ന് സെൻട്രൽ ക്രൈംബ്രാഞ്ചിന് ബോധ്യമായി. മൂത്രസാമ്പിളിൽ വെള്ളം കലർത്തിയാണ് രാഗിണി ലഹരിമരുന്ന് പരിശോധകരെ കബളിപ്പിക്കാൻ നോക്കിയത്. സെപ്റ്റംബർ നാലിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മല്ലേശ്വരത്തെ കെസി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രാഗിണി ഡോക്ടർമാർക്ക് കൈമാറിയത് വെള്ളം കലർത്തിയ മൂത്രസാമ്പിൾ. എന്നാൽ, രാഗിണിയുടെ കള്ളി ഡോക്ടർമാർ പൊളിച്ചു. ഡെക്കാൻ ഹെറാൾഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഒരാൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് മൂത്രപരിശോധനയിലൂടെ അറിയാൻ കഴിയും. മൂത്രത്തിൽ വെള്ളം ചേർക്കുന്നതോടെ അതിന്റെ താപനില കുറയുകയും ശരീരോഷ്മാവിന് തുല്യമാവുകയും ചെയ്യും. ഇതോടെ, മയക്കുമരുന്ന് പരിശോധനയിൽ കബളിപ്പിക്കാൻ കഴിയും. എന്നാൽ, കള്ളി വെളിച്ചതായതോടെ രാഗിണിയെ കൂടുതൽ വെള്ളം കുടിപ്പിച്ച് വെള്ളം ചേർക്കാത്ത സാമ്പിൾ എടുപ്പിച്ചാണ് സിസിബി വിട്ടത്.

രാഗിണിയുടേത് നാണംകെട്ട പെരുമാറ്റം എന്നാണ് ഒരുസിസിബി ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്. വെള്ളിയാഴ്ച പൊലീസ് കസ്റ്റഡി നീട്ടിക്കിട്ടാൻ മജിസ്‌ട്രേറ്റിന് നൽകിയ അപേക്ഷയിൽ രാഗിണിയുടെ തട്ടിപ്പിനുള്ള ശ്രമവും പരാമർശിച്ചിരുന്നു. ഇതോടെ മൂന്നുദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

മയക്കുമരുന്ന് വീട്ടിൽ എത്തിച്ചുകൊടുത്തു

തന്റെ ഉറ്റസുഹൃത്തായ ബി.കെ.രവിശങ്കറിൽ നിന്ന് മാത്രമല്ല, ഒരുവിദേശിയിൽ നിന്നും രാഗിണി ലഹരിമരുന്ന് വാങ്ങിയെന്നാണ് ക്രൈംബ്രാഞ്ച് വിശ്വസിക്കുന്നത്. രാഗിണിയുടെ യെലഹങ്ക വസതിയിൽ എംഡിഎംഎ ഗുളികകൾ എത്തിച്ചുകൊടുത്തത് ആഫ്രിക്കക്കാരനായ സൈമൺ എന്നയാളാണ്. സൈമണിന് അയച്ച വാട്ടസാപ്പ് സന്ദേശങ്ങൾ കണ്ടെടുത്തിരുന്നു. എനിക്ക് കൂടുതൽ ഗ്രാം അയച്ചുതരൂ..എന്നാണ് സൈമണിന് രാഗിണി അയച്ച മെസേജ്. സൈമണിന്റെ പിന്നാലെയാണ് ഇപ്പോൾ സിസിബി.

സാംപിൾ നൽകാൻ വിസ്സമ്മതിച്ച് സഞ്ജന ഗൽറാണി

അറസ്റ്റിലായ മറ്റൊരു നടി സഞ്ജന ഗൽറാണിയാകട്ടെ പരിശോധനയ്ക്ക് തയ്യാറാകാതെ ഉദ്യോഗസ്ഥരുമായി തർക്കിച്ചു. ആവശ്യമായ ഉത്തരവുകൾ അഭിഭാഷകരെ കാട്ടിയ ശേഷമാണ് സഞ്ജന പരിശോധനയ്ക്കു തയാറായത്. പരിശോധനഫലത്തിനു കാത്തിരിക്കുകയാണു പൊലീസ്.

രാഗിണിയും ഇക്കാര്യത്തിൽ മോശമായിരുന്നില്ല. തന്റെ അഭിഭാഷകനുമായി സംസാരിക്കാതെ യൂറിൻ സാമ്പിൾ നൽകാനാവില്ലെന്നായിരുന്നു വാദം. പരിശോധന നടത്തിയാൽ ജയിലിൽ പോകേണ്ടി വരുമെന്നായിരുന്നു അവരുടെ ഭയം. തന്റെ ജീവിതം ആകെ നശിച്ചുപോയെന്നും അവർ പരിതപിച്ചു. അഭിഭാഷകനുമായി സംസാരിച്ച ശേഷമാണ് ഒടുവിൽ സാമ്പിൾ നൽകിയത്.