ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ ബെംഗളൂരു എഫ്.സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി ഹൈദരാബാദ് എഫ്.സി മുന്നോട്ട്. സൂപ്പർ താരം ബർത്തലോമ്യു ഒഗ്ബെച്ചെ ടീമിനായി വിജയഗോൾ നേടി. ഈ വിജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. നാല് മത്സരങ്ങളിൽ നിന്ന് ഏഴ് പോയന്റാണ് ടീമിനുള്ളത്.

മറുവശത്ത് സീസണിലെ മൂന്നാം തോൽവി ഏറ്റുവാങ്ങി ബെംഗളൂരു പോയന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് വീണു. സുനിൽ ഛേത്രിയടക്കമുള്ള മികച്ച മുന്നേറ്റനിരയുണ്ടായിട്ടും ബെംഗളൂരു നിറംമങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. ഹൈദരാബാദിന്റെ സൗവിക് ചൗധരി ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

തുടക്കം മുതൽ പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്ന ഹൈദരാബാദിനായിരുന്നു ആദ്യ പകുതിയിൽ ആധിപത്യം. ആദ്യ മിനിറ്റുകളിൽ തന്നെ ബെംഗലൂരു പ്രതിരോധത്തിൽ സമ്മർദ്ദം ചെലുത്തിയ ഹൈദരാബാദിന് വൈകാതെ ഫലം ലഭിച്ചു. ഏഴാം മിനിറ്റിൽ ആകാശ് മിശ്ര ഒരുക്കിക്കൊടുത്ത അവസരം പിഴുകളേതുമില്ലാതെ വലയിലാക്കി ഒഗ്‌ബെച്ചെ ഹൈദരാബാദിനെ മുന്നിലെത്തിച്ചു.

ആകാശ് മിശ്രയുടെ മികച്ച പാസ് സ്വീകരിച്ച ഒഗ്ബെച്ചെ ബോക്സിന് പുറത്തുനിന്ന് തൊടുത്തുവിട്ട ഉഗ്രൻ ഷോട്ട് ബെംഗളൂരു പ്രതിരോധതാരം പ്രതിക് ചൗധരിയുടെ കാലിലുരസി വലയിൽ കയറി. ഇതോടെ ഹൈദരാബാദ് ക്യാമ്പിൽ ആവേശമുണർന്നു. ബെംഗളൂരുവിന്റെ ആക്രമണങ്ങൾ വളരെ ദുർബലമായിരുന്നു. മികച്ച മുന്നേറ്റങ്ങൾ നടത്താൻ സുനിൽ ഛേത്രിക്കും സംഘത്തിനും സാധിച്ചില്ല.

31-ാം മിനിറ്റിൽ ലീഡുയർത്താൻ ഹൈദരാബാദിന് സുവർണാവസരം ലഭിച്ചെങ്കിലും ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം മുതലാക്കാൻ ജാവിയേർ സിവേറിയോക്ക് കഴിഞ്ഞില്ല. സമനില ഗോളിനായി ബെംഗലൂരു കിണഞ്ഞു ശ്രമിച്ചെങ്കിലും ഹൈദരാബാദ് പ്രതിരോധം വഴങ്ങിയില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലെ ആഷിഖ് കുരുണിയന്റെ മുന്നേറ്റത്തിനൊടുവിൽ സമനില ഗോൾ കണ്ടെത്താൻ ബെംഗലൂരുവിന് അവസരം ലഭിച്ചെങ്കിലും ക്ലൈറ്റൻ സിൽവയുടെ ഷോട്ട് ഹൈദരാബാദ് ഗോൾ കീപ്പർ കട്ടിമാണി തട്ടിയകറ്റി അപകടം ഒഴിവാക്കി.

56-ാം മിനിട്ടിൽ ഹൈദരബാദ് പോസ്റ്റിന്റെ തൊട്ടുമുന്നിൽ വെച്ച് സിൽവയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും ബെംഗളൂരു താരത്തിന്റെ ദുർബലമായ ഷോട്ട് കട്ടിമണി കൈയിലൊതുക്കി. 62-ാം മിനിട്ടിൽ വീണ്ടും മികച്ച അവസരം ലഭിച്ചെങ്കിലും ഇത്തവണയും സിൽവയെ ഭാഗ്യം തുണച്ചില്ല.

80-ാം മിനിട്ടിൽ ബെംഗളൂരുവിന്റെ സുരേഷ് വാങ്ജം ഒരു ലോങ്ഷോട്ട് ശ്രമിച്ചെങ്കിലും ഗോൾകീപ്പർ കട്ടിമണി അത് അനായാസം കൈയിലൊതുക്കി. മത്സരത്തിന്റെ അവസാന സെക്കൻഡുകളിൽ ബെംഗളൂരുവിന്റെ അജിത് കാമരാജിന് സുവർണവസരം ലഭിച്ചെങ്കിലും താരത്തിന്റെ കാലിലെത്തും മുൻപ് പന്ത് തട്ടിയകറ്റി ഗോൾകീപ്പർ കട്ടിമണി വലിയ അപകടം ഒഴിവാക്കി. വൈകാതെ മത്സരം ഹൈദരാബാദ് സ്വന്തമാക്കി.