തിരുവനന്തപുരം: മദ്യം ഹോം ഡെലിവറി നടത്താനുള്ള ബിവറേജസ് കോർപറേഷന്റെ നീക്കം നടപ്പാകില്ല. നിയമസാധുത നൽകാൻ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നാണ് എക്‌സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചതെങ്കിലും സംഘടനകളുടെ എതിർപ്പ് ഭയന്ന് സർക്കാർ പിന്മാറുന്നതായാണ് സൂചനകൾ. ഇതുസംബന്ധിച്ച നിയമസാധുതയും സർക്കാർ പരിശോധിച്ചിട്ടുണ്ട്.

മദ്യത്തിന്റെ ഹോം ഡെലിവറിക്കായി കേരള എക്‌സൈസ് നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട്. എന്നാൽ കർണ്ണാടകയിലെ ഓൺലൈൻ മദ്യവിൽപ്പന നീക്കം മുമ്പ് ഹൈക്കോടതി തടഞ്ഞ ചരിത്രം ഇതിന് തടസമായിട്ടുണ്ട്. മാത്രമല്ല ഈ നീക്കം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുള്ളതിനാൽ ഭരണഘടനയുടെ 47ാം അനുഛേദത്തിന് എതിരാണെന്ന വിലയിരുത്തലുമുണ്ട്.

കേരളത്തിലെ വീടുകൾ ബാറാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി ആവശ്യപ്പെട്ടിരുന്നു. ബെവ്‌കോയിലെ ബെവ്‌കോയിലെ പ്രതിപക്ഷ യൂണിയനുകൾ ഹോം ഡെലിവറി നീക്കത്തെ എതിർക്കുകയുമാണ്.

കോവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിലെ കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായാണ് മദ്യവിൽപ്പനശാലകൾ അടച്ചത്. എന്നാൽ ബിവറേജസ് കോർപ്പറേഷന്റെ അടച്ചിടുമ്പോൾ ഉണ്ടാകുന്ന ഭീമമായ ധനനഷ്ടം മറികടക്കാനായിരുന്നു വകുപ്പ് ഹോം ഡെലിവറി സംവിധാനം നടപ്പാക്കാനൊരുങ്ങിയത്. കോർപ്പറേഷന്റെ വൈബ്‌സൈറ്റ് പരിഷ്‌കരിച്ച് ഇതിലൂടെ ബുക്കിങ് സംവിധാനമൊരുക്കാനായിരുന്നു നീക്കം. ബുക്ക് ചെയ്ത മദ്യം ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസികൾ വഴി വീട്ടിലെത്തിക്കാനാണ് ആലോചിച്ചിരുന്നത്. ഇതു സംബന്ധിച്ച് വിവിധ ഏജൻസികളുമായി ബെവ്‌കോ ചർച്ച തുടങ്ങിയിരുന്നു.