തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ തുടക്കമാകും. തൊഴിലാളികളേയും കർഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബിഎംഎസ് ഒഴികെയുള്ള പത്തോളം കേന്ദ്രട്രേഡ് യൂണിയനുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഇന്ന് അർദ്ധരാത്രി തുടങ്ങി, 29-ാം തീയതി വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക്. സർവീസ് സംഘടനകൾ ഉൾപ്പടെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിക്കും.

എൽഐസി ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയാണ് പ്രധാനമായും പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കർഷകസംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

അവശ്യപ്രതിരോധസേവനനിയമം പിൻവലിക്കുക, കോവിഡ് കാലപ്രതിസന്ധിയിൽ നട്ടം തിരിയുന്ന ആദായനികുതിയില്ലാത്ത പാവപ്പെട്ടവർക്ക് പ്രതിമാസം 7500 രൂപ നൽകുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്.

മോട്ടോർ വാഹന തൊഴിലാളികൾ,ബാങ്ക്, റെയിൽവേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നതോടെ സാധാരണ ജീവിതത്തെ കാര്യമായി ബാധിക്കും. സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും താളംതെറ്റും. കഴിഞ്ഞ നാല് ദിവസമായി സ്വകാര്യ ബസ് സമരത്തിൽ നട്ടം തിരിഞ്ഞ കേരളത്തിലെ സാധാരണക്കാരന് രണ്ടു ദിവസത്തെ പണിമുടക്ക് കൂടുതൽ ആഘാതം സൃഷ്ടിക്കും.

കൽക്കരി, ഉരുക്ക്, എണ്ണ, ടെലികോം, തപാൽ, ആദായ നികുതി, ഇൻഷുറൻസ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തൊഴിലാളി യൂണിയനുകൾ പ്രസ്താവനയിൽ അറിയിച്ചു.

48 മണിക്കൂർ ദേശീയ പണിമുടക്ക് ഞായറാഴ്ച അർദ്ധരാത്രിയോടെ തുടങ്ങി ചൊവ്വാഴ്ച അർദ്ധരാത്രി വരെ നീളും. പാൽ, പത്രം,ആശുപത്രി, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ,വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കരുതെന്ന് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. കട കമ്പോളങ്ങൾ അടച്ചിടണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. തുറക്കുന്ന കടകൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

കേരളത്തിൽ എന്തെല്ലാം പ്രവർത്തിക്കും?

സംസ്ഥാനത്ത് ജനജീവിത്തെ പണിമുടക്ക് സാരമായി ബാധിച്ചേക്കും. സംസ്ഥാനത്ത് 22 തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. വ്യാപാരസ്ഥാപനങ്ങൾക്ക് പുറമേ വാഹനഗതാഗതവും സ്തംഭിക്കും. റേഷൻകടകളും സഹകരണബാങ്കുകളും ഇന്ന് പ്രവർത്തിച്ചിരുന്നു. കൊച്ചി ബിപിസിഎല്ലിലെ പണിമുടക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാൽ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് യൂണിയനുകൾ.

സംസ്ഥാനത്ത് ബസ് ഗതാഗതം സ്തംഭിക്കുമെന്നുറപ്പാണ്. ഇന്ന് ഉച്ചയോടെ ബസ് സമരം പിൻവലിച്ചിരുന്നു. പല സ്വകാര്യബസ്സുകളും ഇന്ന് സർവീസ് നടത്തിയെങ്കിലും അർദ്ധരാത്രിയോടെ സർവീസ് അവസാനിപ്പിക്കുന്നതിനാൽ, നാളെക്കഴിഞ്ഞ് ബുധനാഴ്ചയോടെ മാത്രമേ സംസ്ഥാനത്ത് ബസ് ഗതാഗതം സാധാരണനിലയിലാകൂ. ഓട്ടോ, ടാക്‌സി സർവീസുകളും പണിമുടക്കിൽ പങ്കെടുക്കും.

പാൽ, പത്രം, ആശുപത്രികൾ, എയർപോർട്ട്, ഫയർ ആൻഡ് റെസ്‌ക്യൂ എന്നീ അവശ്യസർവീസുകൾ പണിമുടക്കിലുണ്ടാകില്ല. സ്വകാര്യവാഹനങ്ങൾ തടയില്ലെന്നാണ് സംഘടനകൾ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ കെഎസ്ആർടിസി അടക്കമുള്ള സർവീസുകളിലെ ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ ബസ് സർവീസുകൾ ഓടില്ലെന്നുറപ്പാണ്.

ദേശീയ പണിമുടക്ക് ട്രഷറികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ വ്യക്തമാക്കി. പണിമുടക്ക് മുന്നിൽ കണ്ട് ബില്ലുകൾ മാറുന്നതിൽ ക്രമീകരണങ്ങൾ നടത്തിയിരുന്നു. അവധി ദിവസമായ ഇന്നും ട്രഷറി പ്രവർത്തിച്ചിരുന്നു. എന്നാൽ, പദ്ധതി വിഹിതം ചെലവാക്കുന്നതിൽ പണിമുടക്ക് ബാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം, കഞ്ചിക്കോട് വ്യവസായ മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കണമെന്ന് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം. നാളെയും മറ്റെന്നാളും തുറന്നു പ്രവർത്തിക്കുന്ന കമ്പനികൾക്ക് സുരക്ഷ ഒരുക്കാൻ പൊലീസിനെ നിയോഗിക്കണമെന്നു കാണിച്ച് ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്ക് ഇൻഡസ്ട്രീസ് ഫോറം കത്ത് നൽകി. കോവിഡ് പ്രതിസന്ധിയെ ത്തുടർന്ന് തിരിച്ചടി നേരിട്ട വ്യവസായ മേഖലയ്ക്ക് കനത്ത ആഘാതമേൽപ്പിക്കുന്നതാണ് പണിമുടക്കെന്നും വ്യവസായികൾ പറഞ്ഞു

ബാങ്കുകൾ പ്രവർത്തിക്കുമോ?

വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലുള്ള ദ്വിദിന ദേശീയ പണിമുടക്കിൽ ബാങ്ക് തൊഴിലാളി യൂണിയനുകളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പൊതുമേഖല ബാങ്കുകളെ സ്വകാര്യ വത്കരിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

അതേസമയം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്‌ബിഐ അറിയിച്ചിരിക്കുന്നത്, പണിമുടക്ക് ദിവസങ്ങളിൽ തങ്ങളുടെ ശാഖകളിലും ഓഫീസുകളിലും സാധാരണ പ്രവർത്തനം ഉറപ്പാക്കാൻ ബാങ്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നാണ്. അതേ സമയം തന്നെ ബാങ്കിന്റെ പ്രവർത്തനത്തിൽ ഒരു പരിധിവരെ പണിമുടക്ക് ബാധിച്ചേക്കാമെന്നും എസ്‌ബിഐ അറിയിച്ചിട്ടുണ്ട്. മറ്റു ബാങ്കുകളുടെ പ്രവർത്തനത്തേയും പണിമുടക്ക് ബാധിച്ചേക്കും.

എന്നാൽ സഹരകണ മേഖലയിലെ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നതുകൊണ്ട് സഹകരണ ബാങ്കുകൾ നാളെയും മറ്റന്നാളും പ്രവർത്തിച്ചേക്കില്ല. പൊതുപണിമുടക്കിന്റെ പശ്ചാത്തലത്തിൽ ശനി, ഞായർ ദിവസങ്ങളിൽ സഹകരണ ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. പണിമുടക്കിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അടഞ്ഞുകിടക്കുന്നതിനാൽ സഹകരണ രജിസ്ട്രാറാണ് ശനി, ഞായർ ദിവസങ്ങളിൽ തുറക്കാൻ ഉത്തരവിറക്കിയത്.

കെഎസ്ആർടിസി അവശ്യസർവീസ് നടത്തും

പൊതുപണിമുടക്കുമായി ബന്ധപ്പട്ട് അവശ്യ സർവീസുകൾ അയക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. 'ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ സർവീസുകൾ പരമാവധി ക്രമീകരിക്കുന്നതാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതെ പൊലീസ് സഹായത്തോടെയും നിർദ്ദേശപ്രകാരവും ജീവനക്കാരുടെ ലഭ്യത അനുസരിച്ചും ട്രാഫിക് ഡിമാന്റ് അനുസരിച്ചും മറ്റ് പ്രധാന റൂട്ടുകളിൽ സർവീസുകൾ അയക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചു' കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചു.

പശ്ചിമ ബംഗാളിൽ എല്ലാ സർക്കാർ ഓഫീസുകളും തുറക്കും

പണിമുടക്ക് പ്രഖ്യാപിച്ച ദിവസങ്ങളിൽ സാധാരണ പോലെ എല്ലാ സർക്കാർ ഓഫീസുകളും തുറന്ന് പ്രവർത്തിക്കുമെന്നും എല്ലാ ജീവനക്കാരും നിർബന്ധമായും ജോലിക്ക് ഹാജരാകണമെന്നും ബംഗാൾ സർക്കാർ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഗ്രാൻഡോടെയും സഹായത്തോടും കൂടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കണമെന്ന് പശ്ചിമബംഗാൾ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

പണിമുടക്ക് ദിവസങ്ങളിൽ ഒരു ജീവനക്കാരും കാഷ്വൽ ലീവ് അനുവദിക്കില്ല. ജീവനക്കാർ ജോലിയിൽ ഹാജരായില്ലെങ്കിൽ ഡയസ് നോണായി കണ്ട് ശമ്പളം അനുവദിക്കില്ലെന്നുമാണ് മമതാ സർക്കാർ അറിയിച്ചിട്ടുള്ളത്.

സാധാരണ പ്രവർത്തനം ഉറപ്പാക്കണമെന്ന് ഊർജ മന്ത്രാലയം

ജീവനക്കാരുടെ പണിമുടക്കിനടയിലും സാധാരണ പ്രവർത്തനം ഉറപ്പാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര വൈദ്യുത മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആശുപത്രികൾ, പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ, റെയിൽവേ തുടങ്ങിയ അവശ്യ സർവീസുകളിൽ വൈദ്യുതി വിതരണം ഉറപ്പാക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

ഇവ പണിമുടക്കിൽ ഇളവുള്ളത്

1. ആശുപത്രി, മെഡിക്കൽ സ്റ്റോർ സേവനങ്ങൾ

2. പാൽ, പത്രം

3. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ

4. ആംബുലൻസ്

6.വിദേശ ടൂറിസ്റ്റുകളുടെ യാത്ര

7.ഫയർ റെസ്‌ക്യൂ തുടങ്ങിയ അവശ്യ സർവീസുകൾ

പൊതുപണിമുടക്കിന് കെഎസ്ആർടിസി അവശ്യസർവീസുകൾ

28, 29 തീയതികളിലെ പൊതുപണിമുടക്ക് കണക്കിലെടുത്ത് അവശ്യസർവീസുകൾ അയക്കുന്നതിന് കെഎസ്ആർടിസി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് അത്യാവശ്യ സർവീസുകൾ നടത്തും. പൊലീസ് സഹായത്തോടെയും ജീവനക്കാരുടെ ലഭ്യത, യാത്രക്കാരുടെ ആവശ്യകത എന്നിവ അനുസരിച്ചും പ്രധാന റൂട്ടുകളിൽ സർവീസുണ്ടാകും.

പണിമുടക്കൽ പങ്കെടുക്കുന്ന സംഘടനകൾ

ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകൾ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് പണിമുടക്കുന്ന തൊഴിലാളികൾ സമരകേന്ദ്രങ്ങളിൽ അണിനിരക്കും. ഓരോ ജില്ലയിലും 25ൽ കുറയാത്ത സമരകേന്ദ്രമുണ്ടാകും. തലസ്ഥാനത്തെ കേന്ദ്രത്തിൽ അയ്യായിരത്തിലധികം തൊഴിലാളികൾ മുഴുവൻ സമയംപങ്കെടുക്കും. പൊതുയോഗം തിങ്കൾ പകൽ 11ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്യും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ അധ്യക്ഷനാകും.