ന്യൂഡൽഹി: ഡൽഹിക്ക് കോവാക്സീൻ നൽകാൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് വിസമ്മതിച്ചെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. വാക്സീൻ വിതരണത്തിൽ കേന്ദ്രത്തിന്റെ പിടിപ്പുകേടാണിതെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രസർക്കാരിന്റെ നിർദേശങ്ങളും വാക്സീന്റെ ലഭ്യതക്കുറവും ചൂണ്ടിക്കാട്ടിയാണ് ഭാരത് ബയോടെക് വാക്സീൻ നൽകാതിരുന്നതെന്ന് മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. 6.6 കോടി ഡോസ് വാക്സീൻ കയറ്റുമതി ചെയ്തത് വലിയ തെറ്റായിപ്പോയി. വാക്സീൻ ദൗർലഭ്യം മൂലം 17 സ്‌കൂളുകളിലെ 100 വാക്സിനേഷൻ കേന്ദ്രങ്ങളാണ് അടച്ചുപൂട്ടിയതെന്നും സിസോദിയ വ്യക്തമാക്കി.

എന്നാൽ തങ്ങളുടെ ഉദ്ദേശ്യലക്ഷ്യത്തെ ചില സംസ്ഥാനങ്ങൾ ചോദ്യം ചെയ്യുന്നത് ഹൃദയഭേദകമാണെന്ന് ഭാരത് ബയോടെക് പ്രതികരിച്ചു.

18-44 വയസുള്ളവർക്കായി 1.34 കോടി ഡോസ് വാക്സീനാണ് ഡൽഹി ആവശ്യപ്പെട്ടത്. എന്നാൽ മേയിൽ കേന്ദ്രം അനുവദിച്ചത് 3.5 ലക്ഷം ഡോസ് മാത്രമാണ്. കേന്ദ്രത്തിന്റെ അനുമതി കൂടാതെ വാക്സീൻ നൽകാൻ കഴിയില്ലെന്നാണു ഭാരത് ബയോടെക് പറയുന്നത്.

ആർക്കൊക്കെ എത്രയൊക്കെ വാക്സീൻ ലഭിക്കണമെന്നു കേന്ദ്രമാണു തീരുമാനിക്കുന്നതെന്ന് കമ്പനി അറിയിച്ചുവെന്നും സിസോദിയ വ്യക്തമാക്കി. വാക്സീൻ കയറ്റുമതി എത്രയും പെട്ടെന്ന് കേന്ദ്രം അവസാനിപ്പിക്കണം. വാക്സീൻ ഫോർമുല മറ്റു കമ്പനികൾക്കു നൽകണമെന്നും സിസോദിയ ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങൾ കുറ്റപ്പെടുത്തുന്നതിൽ ദുഃഖമുണ്ടെന്ന് ഭാരത് ബയോടെക് സഹസ്ഥാപക സുചിത്ര എല്ല ട്വീറ്റ് ചെയ്തു. 50 ജീവനക്കാർക്കു കോവിഡ് ബാധിച്ചു. എന്നിട്ടും മുഴുവൻ സമയവും കമ്പനി പ്രവർത്തിക്കുകയാണെന്നും അവർ വ്യക്തമാക്കി.