തിരുവനന്തപുരം ഐഎംഎ യുടെയും പാങ്ങപ്പാറയിലെ മെഡിക്കൽ കോളജ് ഹെൽത്ത് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ശ്രീകാര്യം ഗവണ്മെന്റ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ജീവിത നൈപുണ്യ പരിശീലന പരിപാടി കടകംപള്ളി സുരേന്ദ്രൻ എംഎ‍ൽഎ ഉത്ഘാടനം ചെയ്തു.

ലഹരി മരുന്നുകൾക്കെതിരായി സംസ്ഥാനം നടത്തുന്ന യുദ്ധത്തിൽ ഐഎംഎ നിർവഹിക്കുന്ന പങ്കിനെ അദ്ദേഹം ശ്ലാഘിച്ചു.ലഹരി വസ്തുക്കളുടെ പ്രലോഭനമുൾപ്പടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന വ്യത്യസ്തങ്ങളായ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതാണ് ജീവിത നൈപുണ്യ പരിശീലന പരിപാടി

ഹൈസ്‌കൂൾ ക്ളാസുകളിലെ ഇരുന്നുറോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരിശീലന പരിപാടിക്ക് മെഡിക്കൽ കോളജ് മനോരോഗ ചികിത്സാ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അരുൺ ബി നായർ നേതൃത്വം നൽകി.

ഐഎംഎ പ്രസിഡന്റ് ഡോ.വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഎംഎ സെക്രട്ടറിയും പാങ്ങപ്പാറ ആരോഗ്യ കേന്ദ്രം അഡ്‌മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസറുമായ ഡോ എ. അൽത്താഫ്, ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഡോ.സുരേഷ് ബാബു, പിടിഎ പ്രസിഡന്റ് സുരേഷ് കുമാർ, ഡോ.പ്രതിഭ, ഡോ അനീഷ എന്നിവർ സംസാരിച്ചു. ഹെഡ്‌മിസ്ട്രസ്സ് സിന്ധു വി എസ് നന്ദി പ്രകാശിപ്പിച്ചു.