കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ആർട്ടിസ്റ്റ് ജി.എസ്. സ്മിതയെ ആദരിക്കുന്നതിനായി എയർ ഇന്ത്യ എക്സ്‌പ്രസ് കലാ അനുമോദന സായാഹ്നം സംഘടിപ്പിച്ചു. കൊച്ചി ബിനാലെയിലെ സ്മിതയുടെ ഏറ്റവും പുതിയ പെയിന്റിങ് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ബോയിങ് 737-800 വിമാനത്തിന്റെ ടെയിൽ ആർട്ട് ആയി പതിപ്പിച്ചിരുന്നു. ഈ ടെയിൽ ആർട്ടിന്റെ പകർപ്പ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിൽ ഇൻസ്റ്റാൾ ചെയ്തു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി മുഖ്യാതിഥിയായി. എയർ പോർട്ട് ഡയറക്ടർ മനു ജി പങ്കെടുത്തു.

എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ഓരോ വിമാനത്തിന്റേയും വാൽ ഭാഗം ഇന്ത്യൻ കലയുടേയും സംസ്‌ക്കാരത്തിന്റേയും പൈതൃകത്തിന്റേയും ചില ഘടകങ്ങൾ ഉൾക്കൊള്ളിച്ചുള്ള 25 അടി നീളമുള്ള കാൻവാസാണ്. ഈ ഓരോ ടെയിലും ഒരോ കഥകൾ പറയുകയാണ്. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ബോയിങ് 737-800 വിടി-എഎക്‌സ്എൻ വിമാനത്തിലുള്ള ടെയിൽ ആർട്ട് എയർലൈനും കലയുമായുള്ള ബന്ധം ആഘോഷിക്കുകയും കൊച്ചി മുസരിസ് ബിനാലെയുടെ 2023 പതിപ്പിനെ ആകാശങ്ങളിലേക്ക് എത്തിക്കുകയുമാണ്.

ജി എസ് സ്മിതയുടെ ഒറിജിനൽ അക്രലിക് പെയിന്റിങാണ് ടെയിൽ ആർട്ട് ആയി സ്വീകരിച്ചത്. ഓർമകൾ, വർണാഭമായ ഭൂപ്രകൃതി, അതിലെ സൂക്ഷ്മജീവികൾ, സമുദ്ര ജീവികൾ തുടങ്ങിയവയിലൂടെ സമാന്തര പ്രയാണം നടത്തുകയാണ് ഈ പെയിന്റിലൂടെ കലാകാരി ചെയ്യുന്നത്.