ന്യൂഡൽഹി: ഭീമാ കൊറേഗാവ് കേസിൽ വരവരറാവുവിനെതിരായ തെളിവുകളും കെട്ടിച്ചമച്ചതാണെന്ന് കുടുംബത്തിന്റെ ആരോപണം. ഇക്കാര്യം തെളിയിക്കാൻ കഴിയുമെന്നും വരവരറാവുവിന്റെ സഹോദരീപുത്രൻ വേണു​ഗോപാൽ അവകാശപ്പെടുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഭീമാ കോറേഗാവ് അക്രമങ്ങളിൽ റാവുവിനും പങ്കുണ്ട് എന്നാരോപിച്ചു കൊണ്ട് റാവുവിനെ 2018 -ൽ ഹൈദരാബാദിലെ സ്വന്തം വസതിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2017 ഡിസംബർ 31 -ന് നടന്ന ഒരു പരിപാടിയിൽ റാവു നടത്തിയ പ്രസംഗം ഭീമ കോറേഗാവ് അക്രമത്തിനു പ്രകോപനമായി എന്ന് പൊലീസ് പറയുന്നു. പലകുറി റാവുവിന്റെ ജാമ്യ ഹർജികൾ കോടതികളിൽ എത്തിയിരുന്നു എങ്കിലും അതെല്ലാം നിരസിക്കപ്പെടുകയാണ് ഉണ്ടായത്.

കേസിൽ അറസ്റ്റ് ചെയ്തവർക്കെതിരായ തെളിവുകൾ കെട്ടിച്ചമച്ചതെന്ന വാദം ശരിയെന്ന് തെളിഞ്ഞെന്ന് വേണു​ഗോപാൽ പറയുന്നു. തെളിവായി പൊലീസ് കണ്ടെത്തിയ ഇമെയിൽ സന്ദേശങ്ങളും ഹാക്കിംഗിലൂടെ ഉണ്ടാക്കിയതാണ്. വരവരറാവുവിനെതിരായ തെളിവും കെട്ടിച്ചമച്ചതെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ കഴിയും. തെളിവുകൾ കൈമാറിയാൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. എന്നാൽ, അന്വേഷണ ഏജൻസി തെളിവുകളുടെ പകർപ്പ് നൽകുന്നില്ലെന്നും വേണു​ഗോപാൽ പറഞ്ഞു.

തെലുങ്കിലെ അറിയപ്പെടുന്ന കവിയാണ് വരവര റാവു. പതിനഞ്ചോളം കവിതാ സമാഹാരങ്ങൾ അദ്ദേഹത്തിന്റേതായി അച്ചടിക്കപ്പെട്ടിട്ടുണ്ട്. 1940 -ൽ വാറങ്കലിലെ ഒരു മധ്യവർഗ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച റാവു തന്റെ പതിനേഴാം വയസ്സുമുതൽ തന്നെ കവിതകൾ എഴുതി പ്രസിദ്ധപ്പെടുത്താൻ തുടങ്ങിയിരുന്നു. ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് തെലുഗു സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം റാവു, ഹൈദരാബാദിലേക്ക് ചേക്കേറി. അവിടെ ഒരു സ്വകാര്യ കോളേജിൽ അദ്ധ്യാപകനായിട്ടായിരുന്നു തുടക്കം. പിന്നീട് ഡൽഹിയിൽ വാർത്താവിതരണമന്ത്രാലയത്തിന്റെ കീഴിൽ ഗുമസ്തനായി കുറേക്കാലം ജോലിചെയ്തു റാവു. അതിനു ശേഷം സിദ്ധിപ്പെട്ട്, ജാഡ്ചെർള, വാറങ്കൽ തുടങ്ങി പലയിടത്തുമായി വീണ്ടും കുറേനാൾ അദ്ധ്യാപകനായി ജോലിചെയ്തു.

പല സായുധ രാഷ്ട്രീയ സമരങ്ങളോടും അനുഭവം തുറന്നുതന്നെ പ്രകടിപ്പിച്ച വ്യക്തിയാണ് വരവര റാവു. കൃഷിചെയ്യുന്ന ഭൂമിക്കുമേൽ അവകാശമുന്നയിച്ചുകൊണ്ട് ആന്ധ്രയിലെ കർഷകർ 1967 -ൽ നടത്തിയ 'ശ്രീകാകുളം സായുധ കർഷകസമരം' ( Srikakulam Armed Peasants' Struggle (1967-70), പിന്നീട് 1969 -ൽ ആരംഭിച്ച തെലങ്കാന സമരം എന്നിവയോട് വരവരറാവു യോജിച്ചിരുന്നു. ഇക്കാലത്ത് വാറങ്കലിൽ, വരവര റാവുവും സഖാക്കളും ചേർന്ന് തിരുഗുബാട്ടു കാവുലു എന്ന വിപ്ലവ കവികളുടെ സംഘടനയ്ക്ക് രൂപം നൽകി. 1970 -ൽ, പിൽക്കാലത്ത് ആന്ധ്രാ സർക്കാർ നിരോധിച്ച, വിപ്ലവ രചയിതാല സംഘം അഥവാ റെവല്യൂഷനറി റൈറ്റേഴ്‌സ് അസോസിയേഷനിൽ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു റാവു. വി.ര.സം. എന്നായിരുന്നു ആ ജനപ്രിയ സംഘം ആന്ധ്രയിൽ അന്ന് അറിയപ്പെട്ടിരുന്നത്.

റാവു ആദ്യമായി അറസ്റ്റിൽ ആകുന്നത് 1973 -ലാണ്. അക്കൊല്ലം ആന്ധ്രാ സർക്കാർ റാവുവിനെ അറസ്റ്റു ചെയ്തത് കുപ്രസിദ്ധമായ മിസ എന്ന കരിനിയമം ചുമത്തിയാണ്. മാവോയിസ്റ്റ് സാഹിത്യം അച്ചടിച്ച് പ്രചരിപ്പിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ചാർജ്. ആന്ധ്ര പൊലീസിലെ കോൺസ്റ്റബിൾ സാംബയ്യയെയും, ഇൻസ്‌പെക്ടർ യാദാഗിരി റെഡ്ഢിയെയും കൊല്ലാൻ വേണ്ടി മാവോയിസ്റ്റുകൾ നടത്തിയ ഗൂഢാലോചനാ മീറ്റിങ്ങിൽ റാവുവും പങ്കെടുത്തിരുന്നു എന്ന് പൊലീസ് അന്ന് ആക്ഷേപിച്ചു. 2005 -ൽ ആന്ധ്രയിലെ നക്സലൈറ്റ് സംഘടനയായ പീപ്പിൾസ് വാർ ഗ്രൂപ്പും ആഭ്യന്തര വകുപ്പും തമ്മിൽ സമാധാനചർച്ചകൾ ഉണ്ടായപ്പോൾ PWG യെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുത്തത് വരവര റാവു ആയിരുന്നു. 2014 -ൽ തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ടതിനു ശേഷം നാലു തവണയെങ്കിലും റാവു അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്.