കോഴിക്കോട് : തനിക്കെതിരെ സംഘ പരിവാറിൽ നിന്നും വധഭീഷണിയും ആക്രമണവും ഉണ്ടായിട്ടും പരാതി സ്വീകരിക്കാൻ കൊയിലാണ്ടി പൊലീസ് തയ്യാറാകുന്നില്ലെന്ന് ബിന്ദു അമ്മിണി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

സംഘപരിവാർ നിരന്തരമായി വേട്ടയാടുകയാണ്. . ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളിൽ തനിക്ക് പൊലീസ് പ്രൊട്ടക്ഷൻ ഉണ്ട്. എന്നാൽ പ്രളയവും കോവിഡും വന്ന സാഹചര്യത്തിൽ സംരക്ഷണം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ദിലീപ് വേണുഗോപാൽ എന്നയാൾ നിരന്തരം വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാൽ പരാതി സ്വീകരിക്കുന്നതിനുപകരം പരാതിക്കാരിയുടെ ഫോൺ ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.

.സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോണിൽ വിളിച്ചും വധഭീഷണി നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറാവുന്നില്ല. ഡിജിപിക്ക് പരാതി നൽകിയിട്ട് പോലും ഫലം ഉണ്ടാകുന്നില്ല. 50 വയസ്സുള്ള അമ്മയെ പത്തനംതിട്ടയിൽ ഭീഷണിപ്പെടുത്തുകയും അതു വഴി ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നു ചികിത്സയിൽ കഴിയേണ്ടി വരികയും ചെയ്തു . മകളോട് പോലും സഭ്യത ഇ ല്ലാതെ പെരുമാറുന്നതായി ബിന്ദു അമ്മിണി ആരോപിച്ചു.

കഴിഞ്ഞ ഒന്നര വർഷമായിട്ടും ശരിയായ അന്വേഷണം നടത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വധ ഭീഷണി നടത്തിയ വ്യക്തിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അടുത്ത ശനിയാഴ്ച കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ സത്യഗ്രഹം ആരംഭിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമലയിൽ ഇനി പോകില്ലെന്നും പോയത് സംഘപരിവാർ അഴിഞ്ഞാട്ടത്തിന് മറുപടി നൽകാനാണെന്നും ബിന്ദു അറിയിച്ചു. പോയതിൽ പശ്ചാത്താപം ഇല്ലെന്നും ബിന്ദു അമ്മിണി കോഴിക്കോട് നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.