കൊച്ചി: അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട. പുലർച്ചെ രണ്ടരയോടെ നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് കാറുകളിൽ നിന്നായി 100 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശികളായ അൻസൽ, നിസാർ, അടിമാലി സ്വദേശി ചന്തു എന്നിവരാണ് അറസ്റ്റിലായത്.

രണ്ട് കിലോ തൂക്കം വരുന്ന 50 ഓളം പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. വാഹനങ്ങളുടെ ഡിക്കിയിലും പിൻസീറ്റിന്റെ അടിയിലും ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നും ഇടുക്കിയിലെത്തിച്ച് വിൽപ്പന നടത്താനായി കൊണ്ടുവന്നതാണ് കഞ്ചാവ്. പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴക്ക് സമീപം ആവോലിയിലെ ഒരു വീട്ടിൽ നിന്നും 35 കിലോ കഞ്ചാവു കൂടി കണ്ടെടുത്തു.