ചെന്നൈ: ബിഗ്‌ബോഗ് സീസൺ ത്രീയിലെ മുതിർന്ന മത്സരാർത്ഥി ഭാഗ്യലക്ഷമിയുടെ പുറത്താകലോടെയാണ് ഇന്നലത്തെ എപ്പിസോഡ് അവസാനിച്ചത്.എന്നാൽ അതിനേക്കാൾ പ്രേക്ഷകരുടെ ശ്രദ്ധനേടിയത് ഞായറാഴ്‌ച്ചയിലെ എപ്പിസോഡിന്റെ പ്രമോയായിരുന്നു.കാരണം ബിഗ്‌ബോസിന്റെ അമ്പതാം എപ്പിസോഡും ഈസ്റ്റർ ആഘോഷവുമായി എത്തുന്ന ഇന്നത്തെ എപ്പിസോഡിൽ ഒട്ടേറെ സസ്‌പെൻസുകളാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.അതിൽ ഏറ്റവും ശ്രദ്ധേയം ഈ സീസണിലെ മറ്റൊരു വൈൽഡ് കാർഡ് എൻട്രി ഇന്നുണ്ടാകും എന്നതാണ്.

ബിഗ് ബോസ് മലയാളം സീസൺ 3 മത്സരാർഥികളെയും ഷോയുടെ പ്രേക്ഷകരെയും സംബന്ധിച്ച് സന്തോഷകരമായ ഒരു ദിനമാണ് ഇന്ന്.പല മത്സരാർഥികളുടെയും ബന്ധുക്കളുടെ വീഡിയോ സന്ദേശങ്ങൾ അവർക്ക് കാണാൻ അവസരമുണ്ടാക്കി എന്നതാണ് അതിലൊന്ന്. ഡിംപൽ, നോബി, മണിക്കുട്ടൻ എന്നിവരുടെ പ്രിയപ്പെട്ടവരൊക്കെ വീഡിയോ സന്ദേശത്തിലൂടെ ഇന്നത്തെ എപ്പിസോഡിൽ സാന്നിധ്യമാവുന്നുണ്ട്. എലിമിനേറ്റ് ചെയ്യപ്പെടുന്ന ചില മത്സരാർഥികളെ വൈൽഡ് കാർഡിലൂടെ ബിഗ് ബോസ് വീണ്ടും ഹൗസിലേക്ക് എത്തിക്കാറുണ്ട്. ആദ്യ സീസണിൽ ഹിമ ശങ്കർ ഇത്തരത്തിൽ രണ്ടാം തവണയും അവസരം കിട്ടിയ മത്സരാർഥി ആയിരുന്നു

വൈൽഡ് കാർഡ് എൻട്രിയുടെ കാര്യത്തിൽ ആരാണ് വരുന്നതെന്ന് കാണിച്ചിട്ടില്ലെങ്കിലും ലഭ്യമായ ദൃശ്യങ്ങളിൽ നിന്ന് പ്രേക്ഷകർ ചില നിഗമനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. മൂന്ന് ആഴ്ചകൾക്ക് മുൻപ് ഷോയിൽ നിന്ന് എലിമിനേറ്റ് ചെയ്യപ്പെട്ട രമ്യ പണിക്കർ ആയിരിക്കും അതെന്നാണ് കാണികളിൽ പലരുടെയും പ്രവചനം.പ്രൊമോ വീഡിയോയിൽ മുൻവശത്തെ വാതിൽ തുറന്നെത്തുന്ന ആളെക്കണ്ടുകൊണ്ടുള്ള മണിക്കുട്ടന്റെ മുഖഭാവത്തിൽ നിന്നാണ് വരുന്നത് രമ്യ ആയിരിക്കാമെന്ന് പ്രേക്ഷകരിൽ പലരും പറയുന്നത്. 'രമ്യ' എന്നാണ് മണിക്കുട്ടൻ പറയുന്നതെന്നാണ് അവരുടെ കണ്ടെത്തൽ.

മൂന്ന് ആഴ്ചകൾക്കു മുൻപാണ് രമ്യ ബിഗ് ബോസിൽ നിന്ന് പുറത്തായത്. ഷോയിൽ ആക്റ്റീവ് ആയി നിന്ന സമയത്താണ് രമ്യ പുറത്തേക്ക് പോകുന്നതെന്ന് പ്രേക്ഷകരിൽ ഒരു വിഭാഗം സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ അതൃപ്തിയും അറിയിച്ചിരുന്നു. ഷോയിൽ താൻ തുറന്ന് സംസാരിച്ചിട്ടുണ്ടെന്നും അത് ചില മത്സരാർഥികൾക്ക് ഇഷ്ടമായില്ലെന്നുമായിരുന്നു പുറത്തായതിനു ശേഷം മോഹൻലാലിനോടുള്ള രമ്യയുടെ പ്രതികരണം.