ന്യൂഡൽഹി: ജാതി സെൻസസിന് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദവുമായി ബീഹാറിലെ കക്ഷിനേതാക്കൾ. ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സർവകക്ഷി സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി.

ജാതി സെൻസസ് എന്നത് ഒരുപാട് കാലത്തെ ആവശ്യമാണെന്നും ജാതിയുടെ അടിസ്ഥാനത്തിലുള്ള സെൻസസ് വഴി എല്ലാ വിഭാഗത്തിന്റെയും കണക്കുകൾ ലഭിക്കുമെന്നും അത് വഴി വിവിധ ക്ഷേമ പദ്ധതികൾ കൃത്യമായി നടപ്പിലാക്കുന്നതിന് സഹായകരമാകുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. രാജ്യത്തിന്റെ പ്രയോജനത്തിന് വേണ്ടിയാണിതെന്നും കേന്ദ്രം ജാതി സെൻസസിന് അനുവദിച്ചില്ലെങ്കിൽ ബീഹാർ സെൻസസുമായി മുന്നോട്ട് പോകുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.

ജാതി സെൻസസുമായി ബന്ധപ്പെട്ട് ചർച്ച നടത്തണമെന്ന് മോദിയോട് നിതീഷ് കുമാർ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും കൂടിക്കാഴ്ച നടത്താൻ നിതീഷിന് അനുമതി ലഭിച്ചിരുന്നില്ല. സെൻസസിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് നിതീഷ് സൂചന നൽകിയിരുന്നു.

ജാതി സെൻസസിന് ബിജെപി എതിരല്ലെന്ന് സുശീൽ മോദിയും പ്രതികരിച്ചു. ബിജെപി ഒരിക്കലും ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിന് എതിരല്ല, നിയമസഭയിലും കൗൺസിലിലും അതിനെ പിന്തുണയ്ക്കുന്ന പ്രമേയങ്ങളിൽ ഞങ്ങളും ഭാഗഭാക്കായിരുന്നു. - സുശീൽ മോദി പറഞ്ഞു.

ജാതി സെൻസസ് എന്നത് ചരിത്രപ്രധാനമായ കാര്യമാണെന്നും പാവപ്പെട്ടവരെ സഹായിക്കുന്നതിന് വളരെയധികം ഉപകരിക്കുമെന്നും ആർജെഡി നേതാവ് തേജസ്വി യാദവും അഭിപ്രായപ്പെട്ടു. വൃക്ഷങ്ങളും മരങ്ങളും എണ്ണി തിട്ടപ്പെടുത്താമെങ്കിൽ മനുഷ്യരെയും ആകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജെ.ഡി.യുവും ആർ.ജെ.ഡിയും ഒന്നിച്ച് സഹകരിക്കുന്നതിനെ പറ്റി ചോദ്യം ഉയർന്ന് വന്നപ്പോൾ ബീഹാറിലാണ് പ്രതിപക്ഷമെന്നും രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ ഒന്നിച്ച് മാത്രമേ നിന്നിട്ടുള്ളു എന്നും തേജസ്വി പ്രതികരിച്ചു.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ 10 പാർട്ടികളുടെ പ്രതിനിധികളാണ് ദേശീയ ജാതി സെൻസസിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യോഗം ചേർന്നത്. ജെ.ഡി.യു നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വിജയ് കുമാർ ചൗധരി, മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാമി മോർച്ച നേതാവുമായ ജിതൻ റാം മാഞ്ചി, കോൺഗ്രസ് നിയമസഭാ കക്ഷിനേതാവ് അജീത് ശർമ്മ, ബിജെപി നേതാവും മന്ത്രിയുമായ ജാനക്ക് റാം, സിപിഐ.എം.എൽ നിയമസഭാ കക്ഷിനേതാവ് മഹബൂബ് ആലം, എ.ഐ.എം.ഐ.എം നേതാവ് അക്താറുൽ ഇമാം, വി.ഐ.പിയുടെ മുകേഷ് സഹ്നി, സിപിഐയുടെ സുര്യകാന്ത് പാസ്വാൻ, സിപിഐ.എം നേതാവ് അജയ് കുമാർ തുടങ്ങിയവരാണ് സർവകക്ഷി യോഗത്തിൽ പങ്കെടുത്തത്.

സെൻസസിന്റെ കാര്യത്തിൽ ബിജെപി ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല. 1931നു ശേഷം രാജ്യത്ത് ജാതി സെൻസസ് നടന്നിട്ടില്ല.