പട്ന: ഉദ്യോഗസ്ഥർ തന്നെ അനുസരിക്കുന്നില്ലെന്നും തനിക്ക് അനുവദിച്ച സൗകര്യങ്ങൾ പോരെന്നും ആക്ഷേപം ഉന്നയിച്ച് ബിഹാർ സാമൂഹ്യനീതി വകുപ്പ് മന്ത്രി മദൻ സാഹ്നി സ്ഥാനം രാജിവെച്ചു. ജനപ്രതിതിനിധകളെ ഉദ്യോഗസ്ഥർ ഗൗനിക്കുന്നില്ലെന്നും അവർ സ്വേച്ഛാധിപതികളായി മാറിയിരിക്കുകയാണെന്നും മദൻ സാഹ്നി ആരോപിച്ചു.

ബഹാദുർപുർ മണ്ഡലത്തിൽ നിന്നുള്ള ജെഡിയു എംഎൽഎയാണ് മദൻ സാഹ്നി. തനിക്ക് അനുവദിച്ച ഔദ്യോഗിക വാഹനവും വീടും ഇഷ്ടമായില്ലെന്നും ഇതും തന്റെ രാജിക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്റെ രാജി തിടുക്കംപിടിച്ചുള്ളതല്ലെന്നും മദൻ സാഹ്നി വ്യക്തമാക്കി.

'ഉദ്യോഗസ്ഥരോടുള്ള എതിർപ്പ് മൂലമാണ് ഞാൻ രാജിവെയ്ക്കുന്നത്. എനിക്ക് ലഭിച്ച താമസ സ്ഥലത്തിലോ വാഹനത്തിലോ ഞാൻ സംതൃ്പതനല്ല. ഇതുകാരണം എനിക്ക് ജനങ്ങളെ സേവിക്കാൻ കഴിയുന്നില്ല. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമ്പോൾ ഉദ്യോഗസ്ഥർ ഞാൻ പറയുന്നത് അനുസരിക്കുന്നില്ല. അവരുടെ സഹകരണം വേണ്ടരീതിയിൽ കിട്ടുന്നില്ലെങ്കിൽ എനിക്ക് മന്ത്രിസ്ഥാനം വേണ്ട', വാർത്താ ഏജൻസിയായ എഎൻഐയോട് മദൻ സാഹ്നി പറഞ്ഞു.