തിരുവല്ല: ബിലീവേഴ്സ് ചർച്ചിന്റെ തിരുവല്ലയിലെ സഭാ ആസ്ഥാനത്തും ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി ആദായനികുതിവിഭാഗത്തിന്റെ നേതൃത്വത്തിൽ തുടരുന്ന റെയ്ഡ് ഇനിയും ദിവസങ്ങൾ നീളും. റെയ്ഡിൽ നിരോധിതനോട്ട് ഉൾപ്പെടെ 11 കോടി രൂപകൂടി പിടിച്ചെടുത്തതായി സൂചന. അതായത് പഴയ  നോട്ടുകളും ഇവിടെ ഉണ്ടായിരുന്നു. നോട്ട് നിരോധന കാലത്ത് മാറ്റിയെടുക്കാൻ കഴിയാത്തവയാണ് ഇതെന്നാണ് നിഗമനം. കൊച്ചിയിൽനിന്നുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ശനിയാഴ്ച പരിശോധനകൾക്ക് എത്തിയിട്ടുണ്ട്. ഇതോടെ, പരിശോധനകൾ നീളാനാണ് സാധ്യത. ഇഡിയും ബിലീവേഴ്‌സ് ചർച്ചിനെതിരെ നടപടി എടുക്കും.

വിദേശ ബന്ധമുള്ള സാമ്പത്തിക ക്രമക്കേട് സിബിഐയോ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ കേസ് ഏറ്റെടുത്ത് അന്വേഷിക്കാനുള്ള സാധ്യതയും തെളിയുകയാണ്. ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളും തെളിവുകളും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയേക്കും. ബിലീവേഴ്‌സ് സഭ തലവൻ ബിഷപ്പ് കെ പി യോഹന്നാൻ അമേരിക്കയിലാണ്. സ്ഥാപനത്തിന്റെ മറ്റ് നടത്തിപ്പുകരുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഐടി അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന് സിബിഐ എത്താനുള്ള സാധ്യതയുമുണ്ട്. ഇതും കേന്ദ്ര സർക്കാർ പരിശോധിക്കുന്നുണ്ട്. രണ്ട് കോടിയുടെ നിരോധിത നോട്ടുകൾ കണ്ടെത്തിയതിനെ ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസികൾ കാണുന്നത്.

വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് സഭാ ആസ്ഥാനത്ത് പാർക്ക് ചെയ്ത വാഹനത്തിൽനിന്നും കെട്ടിടത്തിൽ നിന്നുമായി കള്ള പണം പിടികൂടിയത്. ഇതിൽ രണ്ടുകോടി രൂപയുടെ നിരോധിത നോട്ടുകൾ സഭാ ആസ്ഥാനത്തെ കെട്ടിടത്തിൽനിന്നും ഒൻപതുകോടി രൂപ ആസ്ഥാനവളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽനിന്നുമാണ് കണ്ടെടുത്തത്. അഞ്ചുവർഷത്തിനിടെ ബിലീവേഴ്സ് ചർച്ച്, കണക്കിൽപ്പെടാത്ത 6000 കോടി രൂപ രാജ്യത്ത് എത്തിച്ചതായാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ, ഇക്കാര്യം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരോ എൻഫോഴ്സ്മെന്റ് അധികാരികളോ തിരുവല്ലയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പരിശോധനകൾ സംബന്ധിച്ച് സഭാനേതൃത്വത്തിന്റെ പ്രതികരണവും വന്നിട്ടില്ല. സഭാ ആസ്ഥാനത്ത് ശക്തമായ പൊലീസ് കാവലുണ്ട്.

അതിനിടെ ബിലിവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ മറവിൽനടന്ന അനധികൃത പണമിടപാടുകളെപ്പറ്റി സമഗ്ര അന്വേഷണംവേണമെന്ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം ഭാരവാഹികളായ അഡ്വ. സ്റ്റീഫൻ ഐസക്ക്, ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവർ ആവശ്യപ്പെട്ടു. സഭയെയും മെത്രാപ്പൊലീത്തയെയും വിശ്വാസിസമൂഹത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനമാണ് സഭയുെട ചുമതലവഹിക്കുന്ന ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇവർ ആരോപിച്ചു. സഭയിലെ ചില ഉന്നതർ, മെത്രാപ്പൊലീത്തയെ ഭീഷണിപ്പെടുത്തി അഴിമതി നടത്തുകയാണെന്നും ഇവർ കുറ്റപ്പെടുത്തി. ഇതോടെ കള്ളപ്പണത്തിന്റെ ഉത്തരവാദിത്തം ബിഷപ്പ് കെപി യോഹന്നാന് ഇല്ലെന്ന് വരുത്താനുള്ള ശ്രമം നടക്കുന്നുവെന്ന വിലയിരുത്തലും എത്തുകയാണ്.

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ എഫ്‌സിഐർഐ ലൈസൻസ് റദ്ദാക്കിയേക്കും. എഫ്‌സിആർഐയുടെ മറവിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കെത്തിയിരുന്ന പണം വിവിധ ആവശ്യങ്ങൾക്കായി വക മാറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണ് ബിലിവേഴ്‌സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിലൂടെ പുറത്ത് വരുന്നത്. ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്‌സ് ആഗോളതലത്തിൽ സഹായം സ്വീകരിച്ചത്. ലാസ്റ്റ് അവർ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിൾ ട്രസ്റ്റ്, എന്നീ പേരുകളിലാണ് സഭയുടെ ട്രസ്റ്റുകൾ പ്രവർത്തിക്കുന്നത്. എന്നാൽ 30 ഓളം പേപ്പർ ട്രസ്റ്റുകളുടെ രേഖകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ഈ ട്രസ്റ്റുകളുടെ പേരിലും സ്ഥാപനം പണമിടപാട് നടത്തിയിട്ടുണ്ട്. ഇതിന് പുറമെ വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടവും ലംഘിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക്ക് രേഖകളും ഫയലുകളും വിശദമായി പരിശോധിച്ച ശേഷമാകും എഫ്‌സിആർഐ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുക. റെയ്ഡ് മുന്നിൽ കണ്ട് സഭാ വൃത്തങ്ങൾ പണം കടത്താൻ ശ്രമിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബിലീവേഴ്‌സ് ധനകാര്യ വിഭാഗം മേധാവി ഫാ. ഡാനിയേൽ വർഗീസിന്റെ നേതൃത്വത്തിലാണ് പണം കടത്താൻ ശ്രമിച്ചത് പണം കടത്താൻ ശ്രമിച്ച കൂടുതൽ വാഹനങ്ങളും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. മറ്റൊരു സ്ഥാപനവും കൈവരിക്കാനാകാത്ത നേട്ടങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് ബിലീവേഴ്‌സ് കൈവരിച്ചത്. ഇതെല്ലാം വിദേശ സഹായമായി എത്തിയ പണം കൊണ്ടാണ്.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വിദേശ സഹായവുമായി എത്തിയത് 6000 കോടിയെന്നാണ് ആദായ നികുതിവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതെല്ലാം ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിലാണ് കൈമാറ്റം ചെയ്തിരിക്കുന്നത്. ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകൾ സർക്കാരിനു നൽകണമെന്നുമാണ് നിയമം. എന്നാൽ ചാരിറ്റിയുടെ പേരിൽ കൈപ്പറ്റിയ തുക റിയൽ എസ്റ്റിമേറ്റ് മേഖലയിൽ അടക്കമാണ് ബിലീവേഴ്‌സ് ചർച്ച് നിക്ഷേപിച്ചിരിക്കുന്നത്.