കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വെച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ മർദ്ദിച്ചയാളെ കണ്ടെത്തി. ബേപ്പൂർ സ്വദേശി മോഹൻദാസാണ് ബിന്ദു അമ്മിണിയെ മർദ്ദിച്ചത്. ബിന്ദു അമ്മിണിയുടെ ആക്രമണത്തിൽ മോഹൻദാസിന് കാര്യമായ പരിക്കുകളുണ്ട്. ഇതേ തുടർന്ന് മോഹൻദാസ് ആശുപത്രിയിൽ ചികിത്സ തേടി. വെള്ളയിൽ പൊലീസാണ് മോഹൻദാസിനെ കണ്ടെത്തിയത്. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. സംഭവ സമയം മോഹൻദാസ് മദ്യലഹരിയിൽ ആയിരുന്നുവെന്നും, ഇയാൾക്ക് രാഷ്ട്രീയ പശ്ചാത്തലമില്ലെന്നാണ് പൊലീസ് പറയുന്നത്. മത്സ്യത്തൊഴിലാളിയാണ് മോഹൻദാസ്.

അതേസമയം ബിന്ദു അമ്മിണിക്കു നേരെ നടുറോഡിൽ കയ്യേറ്റം നടത്തിയതരം ക്രിമിനലിസത്തെ കേരളത്തിൽ വളരാൻ അനുവദിക്കാനാവില്ലെന്ന് സാമൂഹ്യക്ഷേമ മന്ത്രി ആർ ബിന്ദു പറഞ്ഞു. വിശ്വാസമോ അഭിപ്രായവ്യത്യാസമോ ഒന്നുമല്ല അക്രമത്തിനു പിന്നിൽ; പരപീഡാ വ്യഗ്രതയും ഇഷ്ടമില്ലാത്തതിനെ അവസാനിപ്പിക്കുമെന്ന ഫാസിസ്റ്റ് മനസ്സുമാണ്. അസഹിഷ്ണുതയുടെ തീയെരിയിച്ച് ഇത്തരം ക്രിമിനൽ മനസ്സുകാർക്ക് പൊതുറോഡിൽ സമ്മാന്യത നൽകിയവർക്കും ഈ അക്രമത്തിൽ നേരിട്ട് ഉത്തരവാദിത്തമുണ്ട്. ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്തുകളയാം എന്നു തോന്നിയവനോട് ഒരു ദാക്ഷിണ്യവും സർക്കാർ കാട്ടില്ല, ശക്തമായ നടപടിയുണ്ടാവുമെന്നും ബിന്ദു വ്യക്തമാക്കി.

നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും നീതി ലഭിക്കുന്നില്ലെന്നുമായിരുന്നു ബിന്ദു അമ്മിണി അഭിപ്രായപ്പെട്ടത്. ആർഎസ്എസുകാരനാണ് തന്നെ ഇന്ന് ആക്രമിച്ചത്. പൊലീസ് എത്തിയത് താൻ വിളിച്ചിട്ടല്ല. തന്നെ അറസ്റ്റ് ചെയ്ത് പ്രതിയെ സംരക്ഷിക്കാനാണ് പൊലീസ് എത്തിയതെന്നും ബിന്ദു അമ്മിണി ആരോപിക്കുകയുണ്ടായി. ാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ വണ്ടി ഓടിക്കാനറിയാത്ത താനെങ്ങനെയാണ് വണ്ടിയുമായി ബന്ധപ്പെട്ട തർക്കത്തിലേക്ക് എത്തുന്നതെന്നും ബിന്ദു അമ്മിണി ചോദിക്കുന്നു.

പ്രതിയായ ആളെക്കുറിച്ച് വെളിപ്പെടുത്താനാവില്ലെന്നാണ് പൊലീസുകാർ പല മാധ്യമങ്ങളോടും പറഞ്ഞത്. പ്രതിയെ പൊലീസുകാർ സംരക്ഷിക്കുന്നത് എന്തിനാണ്. പൊലീസിന്റെ നിർദ്ദേശപ്രകാരമാണ് പ്രതി ആശുപത്രിയിലേക്ക് പോവുന്നത്. എന്നിട്ടും പ്രതിയെക്കുറിച്ച് അറിയില്ലെന്ന് പൊലീസ് പറയുന്നതിൽ ഒത്തുകളിയുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് ബിന്ദു അമ്മിണിക്ക് ബീച്ചിൽ വെച്ച് മർദ്ദനമേറ്റത്. ബിന്ദുവിന്റെ പരാതിയിൽ അടിപിടി, സ്ത്രീകളെ അപമാനിക്കൽ എന്നീ വകുപ്പുകളിൽ ഒരാൾക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ശബരിമല ദർശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു. ശബരിമല സംഭവത്തിന് ശേഷം കനക ദുർഗയ്ക്ക് ഒപ്പം ബിന്ദു അമ്മിണിക്കും പൊലീസ് സംരക്ഷണം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സംരക്ഷണ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയതിനെ തുടർന്ന് ബിന്ദു അവർക്കെതിരെ പരാതി നൽകി.

മറ്റൊരു ഉദ്യോഗസ്ഥയെ നിയമിക്കുന്നതിന് പകരം പൊലീസ് സംരക്ഷണം പിൻവലിക്കുകയാണ് ചെയ്തതെന്ന് ബിന്ദു ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.നേരത്തെ കൊച്ചിയിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ വെച്ച് ഒരാൾ ബിന്ദു അമ്മിണിയുടെ കണ്ണിൽ മുളകുവെള്ളം ഒഴിച്ചിരുന്നു. ഒരുമാസം മുമ്പ് കൊയിലാണ്ടിയിൽ ഓട്ടോ മനഃപൂർവം ഇടിപ്പിച്ചതിനെ തുടർന്ന് ബിന്ദുവിന്റെ മൂക്കിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.