കൊല്ലം: പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജിന് ആദ്യ പരാതി നൽകി കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ. കൊല്ലം ജില്ലാ ആശുപത്രിയിൽ വച്ച് കോവിഡ് രോഗം ബാധിച്ച് മരണപ്പെട്ട സഹപ്രവർത്തകനും കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമായ ശ്രീനിവാസന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ കാണാൻ ഇല്ല എന്നാണ് പരാതി.

ശ്രീനിവാസന്റെ മൃതശരീരം ഇന്നലെ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. മൃതശരീരം മറവ് ചെയ്യാനായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് യൂത്ത് കോൺഗ്രസ് നേതാക്കന്മാർ എത്തിയപ്പോഴാണ് മോർച്ചറിയിൽ മൃതശരീരം കാണാനില്ല എന്നുമനസ്സിലാക്കുന്നത്. കൊല്ലം ജില്ലയിലെ കിളികൊല്ലൂർ സ്വദേശിയാണ് ശ്രീനിവാസൻ. ജില്ലാ ആശുപത്രി മോർച്ചറിയിലെ നാലാം ബ്ലോക്കിലാണ് മൃതദേഹം സൂക്ഷിച്ചത്.

പൊലീസ് ക്ലിയറൻസും വാങ്ങി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മോർച്ചറിയിൽ എത്തിയപ്പോൾ മൃതദേഹം കാണാനില്ല. കാലിയായ ബ്ലോക്കാണ് കാണാൻ കഴിഞ്ഞത്. തുടർന്ന് അന്വേഷണം നടത്തിയപ്പോൾ സുകുമാരൻ എന്ന വ്യക്തിയുടെ മൃതശരീരത്തിന് പകരം അദ്ദേഹത്തിന്റെ ബന്ധുക്കൾക്ക് ശ്രീനിവാസന്റെ മൃതശരീരം മാറി നൽകി എന്നതാണ്. അവർ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ഇത് ഗുരുതര വീഴ്ചയാണെന്ന് ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി. 'നമ്പറെഴുതി, ഡേറ്റും സഹിതം വച്ചിട്ട് പോയിട്ടും ഇന്നുവന്നപ്പോൾ ബോഡി കാണാനില്ല. തികച്ചും നിരുത്തരവാദപരമായാണ് ജില്ലാ ആശുപത്രി അധികൃതർ പെരുമാറിയത്. സൂപ്രണ്ട് അടക്കമുള്ളവർ ബിഗ് സോറി പറഞ്ഞു. സോറി കൊണ്ടുതീരുന്നതാണോ ബന്ധുക്കളുടെയും പ്രവർത്തകരുടെയും വിഷമമെന്ന് '-ബിന്ദു കൃഷ്ണ ചോദിച്ചു.

'സർക്കാർ അനുശാസിക്കുന്ന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുപോലും മൃതശരീരം സംസ്‌കരിക്കാനുള്ള അവസരം ജില്ലാ ആശുപത്രി അധികതർ നൽകിയില്ല. ഇത് അങ്ങേയറ്റം ദയനീയമായ അവസ്ഥയാണ്. ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ല. കോവിഡ് മരണം തന്നെ നമ്മ വേദനിപ്പിക്കുന്നു. അതിന് പുറമേ അന്ത്യകർമങ്ങൾ ചെയ്യാൻ മൃതദേഹം വിട്ടുകിട്ടില്ല എന്നു പറഞ്ഞാൽ അത്യന്തം വേദനാജനകമാണ്.' വീഴ്ച വരുത്തിയവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും തുടർന്നും ഇത്തരം പിഴവുകൾ വരുത്താതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

സംഭവത്തിൽ വലിയ പ്രതിഷേധമുണ്ട്. നിരുത്തരവാദപരമായ സമീപനത്തിനെതിരെ എന്തുകോവിഡ് പ്രോട്ടോക്കോൾ പറഞ്ഞാലും മനുഷ്യത്വത്തിന്റെ പേരിൽ പ്രതിഷേധിക്കാതിരിക്കാൻ ആവില്ലെന്നും ബിന്ദുകൃഷ്ണ ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു. ആശുപത്രി പിആർഒയ്ക്ക് തങ്ങൾ എത്തിയത് തീരെ ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം തങ്ങളോട് തട്ടിക്കയറിയെന്നും ഡിസിസി പ്രസിഡന്റ പറഞ്ഞു. ഭരണം രണ്ടാമത് കിട്ടിയ സഖാവിന്റെ മുഷ്‌കായിരിക്കാം. പക്ഷേ അതിന് അരുനിന്ന് കൊടുക്കാൻ യൂത്ത് കോൺഗ്രസിന് ആവില്ല. ഭരണം പോയാലും, ഒരുതവണ ഭരണം കിട്ടിയില്ലെങ്കിലും അനീതിയോട് സമരസപ്പെടാൻ ആവില്ലെന്നും നടപടി എടുക്കും വരെ പ്രതിഷേധം തുടരുമെന്നും ബിന്ദുകൃഷ്ണപറഞ്ഞു