കൊച്ചി: സിപിഎം നേതൃത്വത്തെ വെട്ടിലാക്കി മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയുടെ മൊഴി. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമുണ്ട് എന്നാണ് നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയ്ക്ക് മുഹമ്മദ് അനൂപ് നൽകിയിരിക്കുന്ന് മൊഴി. ബാംഗ്ലൂർ കമ്മനഹള്ളിയിൽ ഹയാത്ത് എന്ന ഹോട്ടൽ തുടങ്ങുന്നതിന് ബിനീഷ് പണം നൽകി സഹായിച്ചിരുന്നു എന്നാണ് മൊഴി നൽകിയിരിക്കുന്നത്. പ്രതികൾക്കെതിരായി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച പരാമർശങ്ങൾ.

റിമാൻഡ് റിപ്പോർട്ടിന്റെ ഈ പകർപ്പ് മറുനാടന് കിട്ടി. 2015ലാണ് ബിനീഷ് പണം നൽകിയത്. 2018ൽ അനൂപ് ഹോട്ടൽ ബിസിനസിൽ തകർച്ച നേരിട്ടതോടെ ഹോട്ടൽ നടത്തിപ്പ് മറ്റൊരു ഗ്രൂപ്പിന് നടത്തുന്നതിനായി കൈമാറിയെന്നും പറയുന്നുണ്ട്. എന്നാൽ ഹോട്ടൽ നടത്തിപ്പിൽ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് മൊഴിയിൽ ഇല്ല. പലതവണകളായി ആറു ലക്ഷം രൂപയോളം കടം നൽകി സഹായിച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരിയും സമ്മതിച്ചതിന് പിന്നാലെയാണ് മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വരുന്നത്.

ഹെന്നൂർ റിങ് റോഡിൽ 2020 ൽ ആദ്യം തന്നെ രണ്ടുപേർക്കൊപ്പം പുതിയ ഹോട്ടൽ തുടങ്ങുന്നതിന് നടപടികൾ ആരംഭിച്ചെങ്കിലും കോവിഡായതിനാൽ പൂർത്തിയാക്കാനായില്ല. അപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഡ്രഗ് ബിസിനസ് പരീക്ഷിക്കുന്നതിന് തീരുമാനിച്ചതെന്ന് എൻ.സി.ബിക്കു മുഹമ്മദ് അനൂപ് നൽകിയ മൊഴിയിൽ പറയുന്നു. റിജേഷ് എന്നയാളുമായി ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിക്കുകയും ഇടപാടുകളെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. നാളുകൾക്ക് മുൻപ് ഗോവയിൽ ഒരു മ്യൂസിക് പരിപാടിയിൽ പങ്കെടുത്തപ്പോഴുള്ള സൗഹൃദമാണ് ഈ ഇടപാടിലേയ്ക്ക് നയിച്ചത്. ഇതിനായി തന്റെ ഹോട്ടലിന്റെ അടുക്കള ഉപകരണങ്ങൾ വിറ്റാണ് പണം കണ്ടെത്തിയത്. ഡ്രഗ് ഇടപാടു സംബന്ധിച്ച വിവരങ്ങൾ ബന്ധുക്കൾക്കൊ വീട്ടുകാർക്കൊ അറിയില്ലെന്നും അനൂപ് മൊഴിയിൽ പറയുന്നുണ്ട്.

ഇതോടെ മുഹമ്മദ് അനൂപിന്റെ ആത്മാർത്ഥ സുഹൃത്ത് ബിനേഷ് കോടിയേരി കൂടുതൽ വെട്ടിലേക്ക് വീഴുകയാണ്. റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമായി ബിനീഷിന്റെ പേര് പരാമർശിക്കുന്നുണ്ട്. അനൂപിന്റെ ലഹരി ഇടപാട് സംബന്ധിച്ച വിവരങ്ങൾ അറിയില്ലെന്നാണ് ബിനീഷ് പറഞ്ഞിരിക്കുന്നത്. മുഹമ്മദ് അനൂപിന്റെ വീട്ടുകാരുമായും അടുത്ത ബന്ധമാണുള്ളത്. ഇങ്ങനെ ഒരാളാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു ബന്ധത്തിന് തയാറാകുകയില്ലായിരുന്നെന്നുമാണ് ബിനീഷ് പ്രതികരിച്ചത്.

നിലവിലുള്ള സാഹചര്യത്തിൽ ബിനീഷ് കോടിയേരിക്ക് ലഹരിമരുന്നു ഇടപാടുമായി നേരിട്ട് എന്തെങ്കിലും ബന്ധമുണ്ടെന്ന വിവരം എൻ.സി.ബിക്കു ലഭിച്ചിട്ടില്ല. എന്നാൽ ഇതു സംബന്ധിച്ച വിവരങ്ങളും എൻ.സി.ബി വരും ദിവസങ്ങളിൽ പരിശോധിക്കും. ലഹരി ഇടപാട് വിഷയത്തിൽ മലയാള സിനിമയിലെ ഏതാനും നടന്മാരിലേയ്ക്കും വരും ദിവസങ്ങളിൽ അന്വേഷണം നീളുമെന്നാണ് വ്യക്താകുന്നത്.

ഇതിനിടയിൽ ബിനീഷ് ഹവാല സംഘവുമായി തെറ്റിപ്പിരിഞ്ഞ് അനൂപ് മുഹമ്മദിനൊപ്പം പോയതിലുള്ള കുടിപ്പകയാണ് ലഹരി സംഘം അറസ്റ്റിലാകാൻ കാരണമായി തീർന്നത്. കൊടുവള്ളി സംഘം മുഹമ്മദ് അനൂപിന്റെ ലഹരിക്കടത്ത് സംബന്ധിച്ച വിവരങ്ങൾ എൻ.സി.ബിക്ക് കൈമാറി. ആദ്യ ഘട്ടത്തിൽ നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കാര്യമായ താൽപര്യം കാണിച്ചിരുന്നില്ല. ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ മരണത്തോടെ സിനിമയിലെ ലഹരി സംഘത്തെ നിയന്ത്രിക്കണമെന്ന് എൻ.സി.ബിക്ക് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം ലഭിച്ചിരുന്നു. അങ്ങനെയാണ് ബാംഗ്ലൂരിൽ സിനിമാക്കാർക്കിടയിൽ ലഹരി വ്യാപാരം നടത്തുന്ന സംഘത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് എൻ.സി.ബി തീരുമാനിച്ചത്. അന്വേഷണത്തിൽ അനൂപ് മുഹമ്മദിനെയും സംഘത്തെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

അനൂപിന് മലയാള സിനിമാ മേഖലയുമായി വളരെ അടുത്ത ബന്ധമാണ് എന്നാണ് ഇയാളുടെ ഫെയ്സ് ബുക്ക് പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്. സിനിമാ നടന്മാരായ ആസിഫ് അലി, ഗണപതി, നിഖിൽ തുടങ്ങിയവരൊക്കെ ഇയാളുടെ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് ആശംസ അറിയിച്ചു കൊണ്ട് വീഡിയോ പങ്കു വച്ചിട്ടുണ്ട്. ഒരു കന്നഡ നടിയും ഇതിൽ ഉൾപ്പെടും.

അതിനാൽ ബംഗളൂരുവിൽ വൻ ഇടപാടാണ് മുഹമ്മദ് അനൂപ് നടത്തിയിരുന്നത് എന്ന് അനുമാനിക്കാനാവും. സിനിമാ മേഖലയിൽ വൻ തോതിലാണ് ലഹരി വികരണം ചെയ്തിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളുമായി ബന്ധമുള്ള എല്ലാവരെയും ചേദ്യം ചെയ്യാനാണ് എൻ.സി.ബിയുടെ അടുത്ത നീക്കം. കൊച്ചിയിലും ഇയാൾ ലഹരി വിതരണം ചെയ്തിട്ടുണ്ടന്നെ് സമ്മതിച്ചിട്ടുണ്ട്. കൊച്ചിയിലെ ഇടനമിലക്കാരെ കണ്ടെത്താനായി ഉടൻ കേരളത്തിലേക്ക് എത്തുമെന്നാണ് എൻ.സി.ബി അധികൃതർ നൽകുന്ന സൂചന. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. അങ്ങനെ വന്നാൽ പാർട്ടിക്ക് വലിയ തിരിച്ചടിയാകും. ഇലക്ഷൻ അടുത്ത് വരുന്ന സാഹചര്യത്തിൽ എങ്ങനെയും മുഖം രക്ഷിക്കാന് ശ്രമിക്കുമ്പോൾ ഇത്തരത്തിലുള്ള സംഭവങ്ങൾ സിപിഎമ്മിന് കടുത്ത തലവേദന സൃഷ്ടിക്കുകയാണ്.

മുസ്ലിം ലീഗ് നേതാവ് പികെ ഫിറോസാണ് ഈ വിവരം പുറത്തു വിട്ടത്. പിടിയിലായ അനിഖയ്ക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ട്. മുഹമ്മദ് അനൂപ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽനിന്ന് ഇക്കാര്യം വ്യക്തമാണ്. 2015-ൽ അനൂപ് കമ്മനഹള്ളിയിൽ തുടങ്ങിയ ഹയാത്ത് ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്. 2019-ൽ അനൂപ് തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയർപ്പിച്ച് ഫേസ്‌ബുക്ക് പേജിൽ ലൈവ് ഇടുകയും ചെയ്തിരുന്നു. പിടിയിലായവർക്കൊപ്പം ലോക്ക്ഡൗൺ കാലത്ത് ജൂൺ 19-ന് കുമരകത്തെ നൈറ്റ് പാർട്ടിയിൽ ബിനീഷ് കോടിയേരിയും പങ്കെടുത്തുവെന്നും പി.കെ ഫിറോസ് ഫോട്ടോയടക്കം പുറത്ത് വിട്ട് ആരോപിച്ചു.

പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് കേരളം വിട്ട ജൂലായ് പത്തിന് അനൂപും ബിനീഷും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. ജൂലായ് പത്താം തീയതി ബിനീഷ് കോടിയേരിയും ബെംഗളൂരുവിലാണുണ്ടായിരുന്നത്. പിടിയിലായവർക്ക് കേരളത്തിലെ സിനിമാ സംഘവുമായും രാഷ്ട്രീയ നേതൃത്വവുമായും സ്വർണക്കടത്തുകാരുമായെല്ലാം അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണെന്നും പി.കെ ഫിറോസ് പറഞ്ഞു.

പിടിയിലായവരുടെ റിമാൻഡ് റിപ്പോർട്ടിലും ഇത്തരം ബന്ധങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പി.കെ ഫിറോസ് ചൂണ്ടിക്കാട്ടി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) ആണ് ടെലിവിഷൻ സീരിയൽ നടി അനിഖയേയും മലയാളികളായ അനൂപ് മുഹമ്മദിനേയും റിജേഷ് രവീന്ദ്രനേയും അറസ്റ്റ് ചെയ്തത്. അനിഖയിൽ നിന്ന് മയക്കുമരുന്നുമായി ബന്ധപ്പെട്ട സിനിമ, സീരിയൽ രംഗത്തെ പ്രമുഖരുടെ പേരടങ്ങുന്ന ഡയറിയും കണ്ടെത്തിയിരുന്നു. അനിഖയുടെ നേതൃത്വത്തിലാണ് മുഴുവൻ ഇടപാടുകളും നടന്നിരുന്നത്.