തിരുവനന്തപുരം: കോടിയേരിയാണ് പാർട്ടി നേതാവ്. ബിനീഷ് കോടിയേരി ആരുമല്ല... ഇതാണ് ബിനീഷ് കോടിയേരി വിഷയത്തിൽ സിപിഎം ക്യാപ്‌സ്യൂൾ. എന്നാൽ ഇത് അനുസരിക്കാത്തവരും പാർട്ടിലുണ്ട്. മയക്കുമരുന്ന് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ പിന്തുണച്ച് തിരുവനന്തപുരത്തെ സിപിഎം നേതാവും തിരുവനന്തപുരം നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐ.പി. ബിനു രംഗത്ത് വന്നു.

കേന്ദ്ര ഏജൻസികളുടെ കള്ളക്കളിക്ക് ഇരയായിമാറിയ പ്രിയ സഖാവാണ് ബിനീഷ് എന്ന് 'ഞങ്ങൾ സഖാക്കൾ' എന്ന തലക്കെട്ടിൽ ഫേയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ ബിനു പറയുന്നു. ഐപി ബിനുവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ബിനീഷ്. ഐപി ബിനുവിനെ തിരുവനന്തപുരം മേയറാക്കാനും ബിനീഷ് കോടിയേരി ഒരു ഘട്ടത്തിൽ ശ്രമിച്ചു. എന്നാൽ ബിജെപി ഓഫീസിൽ ബോംബെറിഞ്ഞ കേസ് ഐപി ബിനുവിന് വിനയായി. കുമ്മനത്തെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസുയർത്തി ബിനുവിനെ മേയറാക്കാനുള്ള നടപടി സിപിഎമ്മിലെ ഒരു വിഭാഗം തടയുകയായിരുന്നു.

ഇത്തരത്തിലൊരു നേതാവാണ് ബിനീഷിനെ അനുകൂലിച്ച് പോസ്റ്റിടുന്നത്. എല്ലാ ആപത് ഘട്ടങ്ങളിലും കൂടെ നിൽക്കുന്ന അനുജൻ, എല്ലാകാര്യങ്ങളിലും ഓടിയെത്തി മുന്നിൽ നിൽക്കുന്ന സഖാവ്, അങ്ങനെ ഒരുപാടുണ്ട് ബിനീഷിനെ വിശേഷിപ്പിക്കാൻ. ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഞാനിതുവരെ കണ്ടിട്ടില്ലെന്നും രാഷ്ട്രീയ പകപോക്കലിന് ബിനീഷിനെ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും ബിനുവിന്റെ കുറിപ്പിൽ പറയുന്നു. 'എന്റെ ഡിങ്കിരി' എന്നാണ് ബിനീഷിനെ ബിനു വിശേഷിപ്പിക്കുന്നത്.

സിപിഎമ്മുമായി ബിനീഷ് കോടിയേരിക്ക് ബന്ധമില്ലെന്ന് സംസ്ഥാന നേതൃത്വം അടക്കം പ്രഖ്യാപിക്കുമ്പോഴാണ് ഐപി ബിനുവിന്റെ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. ബിനഷുമായി യൂണിവേഴ്‌സിറ്റി കോളേജിൽ തുടങ്ങിയ അടുപ്പമാണ് ഐപി ബിനുവിനുള്ളത്.

ഫേയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഞങ്ങൾ സഖാക്കൾ ...
എല്ലാക്കാലത്തും ചേർത്ത് തന്നെ പിടിക്കും...
ബിജെപിയുടെ രാഷ്ട്രീയ താത്പര്യം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസികളുടെ നെറികെട്ട കള്ള കളിക്ക് ഇരയായി മാറിയ പ്രിയ സഖാവാണ് ബിനിഷ് (എന്റെ ഡിങ്കിരി)
സിപിഐഎം വിരുദ്ധ രാഷ്ട്രീയ മാധ്യമ സംഘത്തിന്റെ കുപ്രചരണങ്ങൾ കണ്ട് തള്ളി പറയാനോ മൗനം പൂണ്ടിരിക്കാനോ മനസ്സില്ല.
അതിന്റെ പേരിൽ നഷ്ടപെടുന്നത് എന്തായാലും പുല്ല് പോട്ടേന്ന് വയ്ക്കും...
ബിനീഷ് എട്ടാം ക്ലാസിൽ പഠിക്കുന്നത് മുതൽ എനിക്ക് നേരിട്ട് അറിയാം. എല്ലാ ആപത് ഘട്ടങ്ങളിലും കൂടെ നിൽക്കുന്ന അനുജൻ, എല്ലാകാര്യങ്ങളിലും ഓടിയെത്തി മുന്നിൽ നിൽക്കുന്ന സഖാവ്, അങ്ങനെ ഒരുപാടുണ്ട് ബിനീഷിനെ വിശേഷിപ്പിക്കാൻ. ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഞാനിതുവരെ കണ്ടിട്ടില്ല. ബിനീഷിനെ അപമാനിക്കാൻ കള്ളക്കഥകൾ ചമയ്ക്കുന്ന രാഷ്ട്രീയ എതിരാളികളും അതിന് കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും നുണ പറഞ്ഞ് എത്രകാലം ജനത്തെ വിഡ്ഢികളാക്കും. രാഷ്ട്രീയ പകപോക്കലിന് ബിനീഷിനെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത്തരം നുണ ബോംബുകൾ പൊട്ടിച്ച് കമ്മ്യൂണിസ്റ്റുകാരുടെ ആത്മവീര്യം തകർക്കാമെന്ന് ആരും കരുതുകയും വേണ്ട.
ബിനീഷിന് ഐക്യദാർഢ്യവും അഭിവാദ്യങ്ങളും