ബംഗളൂരു: ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽ മോചിതനായി. ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്.

ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ബിനീഷ് പുറത്തിറങ്ങിയത്. സത്യം ജയിക്കുമെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥർക്ക് അറിയേണ്ടത്. കേരളത്തിൽ നടന്ന കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പേരുകളും അവർ പറയുന്നതുപോലെ പറയാൻ തയ്യാറാകാത്തതാണ് തന്നെ കേസിൽ പെടുത്താൻ കാരണമെന്നും ബിനീഷ് ആരോപിച്ചു.

തന്നെ കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാൻ ശ്രമിച്ചു. പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ചോദിച്ചതെന്നും ഭരണകൂടത്തിന് അനഭിമാതമായതുകൊണ്ട് വേട്ടയാടുന്നതെന്നും ബിനീഷ് പറഞ്ഞു. ഇഡി പറഞ്ഞത് കേട്ടിരുന്നെങ്കിൽ 10 ദിവസത്തിൽ ഇറങ്ങിയേന്നെ എന്നും കേരളത്തിൽ എത്തിയതിന് ശേഷം കൂടുതൽ കാര്യങ്ങഅള വെളിപ്പെടുത്താമെന്നും ബിനീഷ് പ്രതികരിച്ചു.

ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയതുകൊണ്ട് ബിനീഷിന് ഇന്നലെ പുറത്തിറങ്ങാൻ കഴിയാതിരുന്നത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം അടക്കമായിരുന്നു ഉപാധികൾ. കർശന കോടതി നിബന്ധനകൾ കണക്കിലെടുത്ത് ജാമ്യം നിൽക്കാൻ ഏറ്റവർ പിന്മാറി. പുതിയ ജാമ്യക്കാരെ ഹാജരാക്കാൻ എത്തിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു. സെഷൻസ് കോടതിയിലെ നടപടിക്രമങ്ങൾ നാളെ പൂർത്തിയാക്കാനാകുമെന്നാണ് അഭിഭാഷകരുടെ പ്രതീക്ഷ. നാളെ ഉച്ചയോടെ ബിനീഷിന് പുറത്തിറങ്ങാനാകുമെന്നാണ് കുടുംബാംഗങ്ങളുടെ കണക്കുകൂട്ടൽ.

ജാമ്യം ലഭിച്ചെങ്കിലും ബിനീഷിന് പൂർണമായും ആശ്വസിക്കാനായിട്ടില്ല. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ അന്വേഷണം ഏതെങ്കിലും സാഹചര്യത്തിൽ ബിനീഷിലേക്കെത്തിയാൽ വീണ്ടും കുരുക്ക് മുറുകും. ബിനീഷിന് ജാമ്യം നൽകിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചേക്കും. കോടതിയിൽ രണ്ട് കേന്ദ്ര ഏജൻസികളും ഇനി സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്.

ദക്ഷിണേന്ത്യൻ സിനിമാതാരങ്ങളുമായി നേരിട്ട് ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയെന്നവകാശപ്പെട്ടുകൊണ്ടാണ് ബെംഗളൂരു മയക്കുമരുന്ന് കേസ് നാർക്കോട്ടിക് കൺണ്ട്രോൾ ബ്യൂറോ അവതരിപ്പിച്ചത്. ബിനീഷിന്റെ അടുത്ത സുഹൃത്തും മലയാളിയുമായ മുഹമ്മദ് അനൂപും, റിജേഷ് രവീന്ദ്രനുമാണ് കേസിലെ പ്രധാന പ്രതികൾ. ഒരുതവണ ചോദ്യം ചെയ്തതല്ലാതെ ബിനീഷിനെതിരെ ഇതുവരെ ഒരു നടപടിയും എൻസിബി സ്വീകരിച്ചിട്ടില്ല.

അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോഴും എൻസിബി കോടതിയെ അറിയിച്ചത്. ബിനീഷിന്റെ അക്കൗണ്ടിൽനിന്നും ബിസിനസ് ആവശ്യങ്ങൾക്കെന്ന പേരിൽ മുഹമ്മദിന് അനൂപിന് കൈമാറിയ പണം ലഹരി ഇടപാടിന് ഉപയോഗിച്ചു എന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചാൽ കേസിൽ എൻസിബി ബിനീഷിനെ തേടി വീണ്ടുമെത്തിയേക്കും.

അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലെന്ന ബിനീഷിന്റെ വാദം ഇഡിയും എൻസിബിയും ഇതുവരെ വിശ്വസിച്ചിട്ടില്ല. ഇഡിയുടെ കേസിലെ തുടർ നടപടികളും നിർണായകമാണ്. ലഹരി ഇടപാടിൽ നേരിട്ട് പങ്കുള്ള മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാർഡിലെ ഒപ്പുപോലും ബിനീഷിന്റെതാണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. മാത്രമല്ല ഹോട്ടൽ വ്യവസായത്തിനെന്ന പേരിൽ പണം മയക്കുമരുന്നിടപാടുകാർക്ക് കൈമാറി, പേരിന് മാത്രം വ്യവസായം നടത്തി, ആ പണമുപയോഗിച്ച് ബിനീഷ് ലഹരി ഇടപാട് നടത്തി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡി കണ്ടെത്തൽ. കൂടുതൽ തെളിവുകളുമായി ജാമ്യം നൽകിയ കർണാടക ഹൈക്കോടതി നടപടിക്കെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

ചുരുക്കത്തിൽ, ജാമ്യം ലഭിച്ചെങ്കിലും കേസിലെ നിയമനടപടികളൊന്നും അവസാനിക്കുന്നില്ല. ഏത് നിമിഷവും രണ്ട് കേന്ദ്ര ഏജൻസികളും ബിനീഷിനെ തേടിയെത്തിയേക്കാം, കേന്ദ്ര ഏജൻസികളുടെ സമീപകാല ചരിത്രവും, ഏത് ചെറിയ തെളിവുകളെയും ആധാരമാക്കി കടുത്ത ആരോപണങ്ങളുന്നയിക്കുന്ന രീതിയും പരിശോധിക്കുമ്പോൾ ഈ സാധ്യതകളൊന്നും തള്ളിക്കളയാനുമാകില്ല.