തിരുവനന്തപുരം: യുഎഇ കോൺസുലെറ്റിലെ വിസ സ്റ്റാംപിങ് കരാറിന് വേണ്ടി കൊണ്ട് പിടിച്ച് ശ്രമം നടത്തിയത് ഗോകുലം ഗോപാലന്റെ ഗോകുലം ഗ്രൂപ്പും മുത്തൂറ്റ് ഗ്രൂപ്പും. വിസ സ്റ്റാംപിംഗിന്റെ പേരിൽ ഒരാൾക്ക് 15000 രൂപ മുതൽ 20000 രൂപ വരെ ഈടാക്കാൻ കഴിയുന്ന വൻ ലാഭം കിട്ടുന്ന ഈ സംരംഭത്തിനു വേണ്ടി ഇവർ കൊണ്ടുപിടിച്ച് ശ്രമം നടത്തിയെങ്കിലും കോൺസുലേറ്റ് അനുമതി നൽകിയത് യുഎഫ്എക്‌സ് സൊല്യൂഷൻസിനാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനേഷ് കോടിയേരിക്ക് ബന്ധമുള്ള കമ്പനി എന്ന വിവരമാണ് ഈ സ്ഥാപനത്തിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചിട്ടുള്ളത്.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് നിർമ്മാണ ഘട്ടത്തിൽ കോൺസുലെറ്റിനു വേണ്ടിയുള്ള സാധനങ്ങൾ പർച്ചേസ് ചെയ്തത് ബിനീഷിന് അടുപ്പമുള്ള സ്ഥാപനത്തിൽ നിന്നായിരുന്നു. കോടികളുടെ ലാഭമാണ് ഈ ഇടപാടിൽ സ്വപ്ന നേടിക്കൊടുത്തത്. ഇതോടെയാണ് ഈ ബന്ധം ഊഷമളമാകുന്നത്. സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായുമൊക്കെയുള്ള സ്വപ്നയുടെ ബന്ധം തുടങ്ങുന്നത് ഇങ്ങനെ എന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.

വിസ സ്റ്റാംപിങ് കരാർ എജൻസികളെ യുഎഇ കോൺസുലേറ്റ് തീരുമാനിക്കുമ്പോൾ സ്വപ്നയുടെ ഇടപെടൽ വരുകയും ഗോകുലം ഗ്രൂപ്പിനെയും മുത്തൂറ്റ് ഗ്രൂപ്പിനെയും വെട്ടി ബിനീഷിനു അടുപ്പമുള്ള യുഎഫ്എക്‌സ് സൊല്യൂഷൻസിനു സ്വപ്ന തന്റെ ഇടപെടൽ വഴി നൽകുകയായിരുന്നു. പേരിനു വേണ്ടിയാണ് തമിഴ്‌നാട് കമ്പനിയായ ഫോർത്ത് ഫോഴ്‌സിന് കൂടി കരാർ നൽകിയത്. ഫോർത്ത് ഫോഴ്‌സിൽ നിന്നും യുഎഫ്എക്‌സ് സൊല്യൂഷൻസിൽ നിന്നും താൻ കമ്മിഷൻ കൈപ്പറ്റുന്നുണ്ടെന്ന് സ്വപ്ന എൻഐഎയ്ക്കും കസ്റ്റംസിനും ഇഡിക്കും മൊഴി നൽകിയിട്ടുണ്ട്.

ബിനീഷിനെ കേന്ദ്ര ഏജൻസികൾ സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിൽ നിർത്തിയിരുന്നു. ഇതിന്നിടെയാണ് ബംഗളൂരു ലഹരി മരുന്ന് കടത്ത് കേസിൽ കൊച്ചി സ്വദേശിയായ മുഹമ്മദ് അനൂപ് പിടിയിലാകുന്നത്. ഇതോടെയാണ് അനൂപും ബിനീഷും തമ്മിലുള്ള ബന്ധം എൻസിബിക്ക് ബോധ്യമാകുന്നത്. ഇതോടെയാണ് ബിനീഷിന്റെ ഉന്നതന്റെ മകനെ ചോദ്യം ചെയ്യേണ്ടതിന്റെ അനിവാര്യത അന്വേഷണ ഏജൻസികൾക്ക് ബോധ്യമാകുന്നത്. അനീഷ് മുഹമ്മദിന് ബന്ധമുള്ള ആളാണ് ഫർണ്ണിച്ചർ നൽകിയ വ്യക്തിയെന്നും സൂചനയുണ്ട്.

ബിനീഷിനെ നാർക്കൊട്ടിക്‌സ് കൺട്രോൾ ബ്യൂറോ ആകും ആദ്യം ചോദ്യം ചെയ്യാൻ സാധ്യത. ഇത് ലഹരിമരുന്നു കടത്ത് കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപുമായുള്ള ബന്ധം മുൻനിർത്തിയാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ ബംഗ്ലൂർ ഡോൺ എന്നറിയപ്പെടുന്ന മുഹമ്മദ് അനൂപിനും ബിനീഷിനും ഉറ്റ ബന്ധമാണ്. ഇത് ബിനീഷ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അനൂപ് അറസ്റ്റിലായതോടെയാണ് ബിനീഷിന്റെ ശനിദശയും ആരംഭിച്ചിരിക്കുന്നത്.

അനൂപിന്റെ ബിസിനസ് പാർട്ണർ ആണ് ബിനീഷ് എന്ന് അന്വേഷണ ഏജൻസികൾക്ക് ബോധ്യമായിട്ടുണ്ട്. അനൂപ് ബംഗലൂരുവിൽ തുടങ്ങിയ റെസ്റ്റോറന്റിന്റെ മുതൽ മുടക്കിൽ ബിനീഷിനു നിക്ഷേപ പങ്കാളിത്തമുണ്ട്. ഇത് അനൂപ്‌ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ലഹരിമരുന്ന് കേസ് ആയതിനാൽ ചോദ്യം ചെയ്യലിൽ നിന്നും ഒഴിവാകുക എളുപ്പവുമില്ല. ചോദ്യം ചെയ്യൽ അധികം നീളില്ലെന്നാണ് വ്യക്തമാകുന്നത്. ചോദ്യം ചെയ്യൽ അറസ്റ്റിലേക്ക് നീണ്ടാൽ അത് കേരളത്തിൽ സിപിഎമ്മിന് അത് വൻ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.

സ്വപ്നയുമായും മുഹമ്മദ് അനൂപുമായും ബിനീഷിനുള്ള ബന്ധം പുറത്ത് വന്നതോടെ അത് സിപിഎമ്മിന് ഓർക്കാപ്പുറത്ത് വരുന്ന രാഷ്ട്രീയ ആഘാതമായി മാറിയിരിക്കുകയാണ്. സ്വർണ്ണക്കടത്ത് കേസിൽ മടിയിൽ കനമില്ലാത്തതിനാൽ പേടിക്കേണ്ടതില്ല എന്ന വാദം മുഖ്യമന്ത്രി പിണറായി വിജയന് ഇനി ആവർത്തിക്കാനും പ്രയാസമാണ്. സ്വപ്നാ സുരേഷുമായി ബിനീഷിനു അടുത്ത ബന്ധമുണ്ടെന്നു മുൻപ് തന്നെ എൻഐഎയ്ക്കും ഇഡിയും കണ്ടെത്തിയിട്ടുമുണ്ട്.

ബിനീഷിനു അനൂപുമായുള്ള ബന്ധം വെളിപ്പെടുത്തി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് രംഗത്ത് വന്നിരുന്നു. ബിനീഷ് കോടിയേരി-മുഹമ്മദ് അനൂപ് ബന്ധം ചൂണ്ടിക്കാട്ടി മറുനാടൻ വാർത്തകൾ പുറത്തു വിട്ടതോടെയാണ് പി.കെ.ഫിറോസ് രംഗത്ത് വന്നത്. ഇതിനുള്ള മറുപടിയിലാണ് തനിക്ക് അനൂപുമായുള്ളത് സ്വഭാവികമായ അടുപ്പം മാത്രമാണെന്നും ബിനീഷ് പ്രതികരിച്ചത്. ഫിറോസിന്റെ ആരോപണങ്ങളെയെല്ലാം നിഷേധിച്ചാണ് ബിനീഷിന്റെ പ്രതികരണം വന്നത്. അനൂപുമായുള്ള സൗഹൃദം മൂലം വിളിച്ചതാണ്.

കേസ് അന്വേഷിക്കുന്നത് എൻ.ഐഎ ആണ് അവർ തെളിയിക്കട്ടെയെന്നാണ് ബിനീഷ് പറഞ്ഞത്. അനൂപിന് ഞാനുമായി വീടുമായും അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ അയാളുടെ മയക്ക് മരുന്ന് ബന്ധം അറിയില്ലായിരുന്നെന്നാണ് ബിനീഷ് പറഞ്ഞത്. മയക്ക് മരുന്ന് കേസിൽ പിടിയിലായ അനൂപിനെ ചോദ്യം ചെയ്തതിന് പിന്നാലെ ബിനീഷ് കോടിയേരിയുമായുള്ള അടുപ്പവും ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ബിനീഷുമായി പ്രതിക്കുള്ള ബന്ധം മറുനാടൻ വാർത്തയാക്കിയതിന് പിന്നാലെയാണ് സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗും രംഗത്തെത്തിയത്.

ബെംഗളൂരുവിലെ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് ഉള്ളത് അടുത്ത ബന്ധമാണെന്നാണ് ഫിറോസ് ആരോപിച്ചത്. ബിനീഷ് കോടിയേരിയുടെ മൊഴി പരിശോധിക്കണം. 2015 മുതൽ അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമാണുള്ളത്. 2013 മുതൽ ലഹരി ബിസിനസ് ഉണ്ടെന്ന് അനൂപ് സമ്മതിക്കുന്നുണ്ട്. അന്നു മുതലെ ബീനിഷിന് അനൂപുമായി അടുത്ത ബന്ധമാണുള്ളത്. 2015ലാണ് അനൂപുമായി ചേർന്ന് ഹോട്ടലിനായി പണം മുടക്കുന്നത്. കഴിഞ്ഞ ജൂലൈ 10ന് അനൂപിന്റെ നമ്പറിലേക്ക് നിരവധി കോളുകൾ ചെന്നെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ജൂലൈ 10നാണ് സ്വപ്ന സുരേഷ് ബെംഗളൂരുവിൽ പിടിക്കപ്പെടുന്നത്. സ്വപ്നയും സംഘവും എന്തിനാണ് ബംഗളൂരുവിലേക്ക് പോയത് എന്നത് സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിരുന്നു.

മുഹമ്മദ് അനൂപിന്റെ ഫോൺനമ്പർ പരിശോധിച്ചപ്പോൾ സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്. സ്വർണക്കടത്ത് മാഫിയയുമായും മയക്ക് മരുന്ന് മാഫിയയുമായും ഭരണനേതൃത്വത്തിന് ബന്ധമുണ്ടെന്നതും പുറത്ത് വന്നിരിക്കുകയാണ്. ഈ കോൾ ഡീറ്റയിൽ അടക്കം പുറത്തുവിടാൻ തടസമുള്ളതുകൊണ്ടാണ് പുറത്ത് വിടാത്തത്. കോടതിയിൽ സമർപ്പിച്ച റിമാന്ഡ് റിപ്പോർട്ട് മൊഴിഅടക്കം ലഭ്യമാണ്. വലിയൊരു മയക്ക് മരുന്ന് മാഫിയയാണ് എന്നത് വ്യക്തമാണ്. മയക്ക് മരുന്ന് വിൽപന നടത്തുന്ന ഹോട്ടലിലേക്ക് ബിനീഷ് പണം മുടക്കി എന്ന മൊഴിയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

വലിയ അന്വേഷണം നടത്താതിരിക്കാൻ ഉന്നതതലത്തിലേക്ക് എത്താതിരിക്കാൻ സമ്മർദ്ദം ഈ അന്വേഷണ സംഘത്തിനുണ്ട്, ഗൗരവകരമായ അന്വേഷണം നടത്തണമെന്നുമാണ് ഫിറോസ് ആവശ്യപ്പെട്ടത്.