തിരുവനന്തപുരം: ബിനീഷ് കോടിയേരി ബോസ്സും ഡോണുമല്ലെന്നും തന്റെ രണ്ട് കുട്ടികളുടെ അച്ഛൻ മാത്രമാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുകൊണ്ട് ഭാര്യ. ബിനീഷിന് കുറച്ച് സുഹൃത്തുക്കൾ മാത്രമാണുള്ളത്. മറ്റെല്ലാം കളവാണെന്നും ഭാര്യ പറഞ്ഞു. ഇഡിക്ക് മുമ്പിൽ വലിയ പ്രതിരോധം തീർത്ത ശേഷമായിരുന്നു ബിനീഷിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ.

റെയ്ഡിനിടെ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഒരു കാർഡ് കിട്ടിയെന്നും അതിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ അത് ഉദ്യോഗസ്ഥർ ഇവിടെ മനഃപൂർവം കൊണ്ടയിട്ടതാണെന്നും ഒപ്പിട്ട് കൊടുത്തിട്ടില്ലെന്നും ഭാര്യ പറഞ്ഞു. ഒപ്പിട്ടില്ലെങ്കിൽ ബിനീഷ് കൂടുതൽ കുടുങ്ങുമെന്നാണ് പറഞ്ഞത്. എന്നാൽ കാർഡ് ഇവിടെയുള്ളതല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. ജീവൻ പോയാലും ഒപ്പിടില്ലെന്നും അവർ പറഞ്ഞു. ബിനീഷ് പുറത്തുവരണമെങ്കിൽ ഒപ്പിടണമെന്ന് സമ്മർദം ചെലുത്തി. ഇല്ലെങ്കിൽ പുറത്തിറങ്ങില്ല എന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പറഞ്ഞു

കുട്ടിയേയും തന്നേയും താഴത്തെ മുറിയിലാക്കി നേരെ ബിനീഷിന്റെ റൂമിലേക്ക് പോയിട്ടായിരുന്നു പരിശോധന. കാർഡല്ലാതെ ഒന്നും തന്നെ ഇവിടെ നിന്ന് കിട്ടിയില്ല. അമ്മയുടെ ഐ ഫോൺ പിടിച്ചെടുത്തുകൊണ്ടുപോയെന്നും ഭാര്യ ചൂണ്ടിക്കാട്ടി. അത് എന്തിനാണെന്ന് അറിയില്ലെന്നും ബിനീഷിന്റെ ഭാര്യ പറഞ്ഞു. അന്വേഷണത്തിന്റെ പേരിൽ ബിനീഷ് കോടിയേരിയുടെ കുടുംബത്തെ തടവിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ എടുത്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം ബിനീഷിന്റെ ഭാര്യയും രണ്ടര വയസുള്ള കുഞ്ഞും ഭാര്യയുടെ അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് കുടുംബത്തിനെതിരെ ഇഡി നടത്തുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു. 25 മണിക്കൂർ നീണ്ട പരിശോധന അവസാനിപ്പിച്ച് ഇഡി മടങ്ങി.

ഇഡി ഉദ്യോഗസ്ഥർ കാണിച്ച കാർഡിൽ മുഹമ്മദ് അനൂപിന്റെ പേരുണ്ടായിരുന്നു. കാർഡ് ഇവിടെ നിന്നാണ് കിട്ടിയതെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. കാർഡ് കണ്ടിട്ടില്ലെന്നും ഇവിടെ ഇല്ലായിരുന്നെന്നും പറഞ്ഞു. ഒപ്പിട്ടില്ലെങ്കിൽ ബിനീഷ് ഇറങ്ങാൻ പോകുന്നില്ലെന്നും ബിനീഷ് ഇനിയും കുടുങ്ങുമെന്നും രക്ഷപ്പെടണം എന്നുണ്ടെങ്കിൽ കാർഡിൽ ഒപ്പിടണമെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. കുടുങ്ങിയാലും സാരമില്ല. ഞാൻ ജയിലിൽ പോയാലും സാരമില്ല. ഒപ്പിടില്ലെന്ന് പറഞ്ഞു. അത് ഇവിടെ നിന്ന് കിട്ടയതല്ലെന്നും, നിങ്ങൾ കൊണ്ടുവന്നതാണെന്ന് എഴുതിയിട്ട് ഒപ്പിടാമെന്നും പറഞ്ഞു. ഒപ്പിട്ടില്ലെങ്കിൽ ബിനീഷ് അവിടത്തന്നെ നിൽക്കും. ശനിയാഴ്ച വരണം എന്നുണ്ടെങ്കിൽ ഒപ്പിടണം. ബിനീഷ് പറഞ്ഞാൽ ഒപ്പിടുമോ എന്നും ചോദിച്ചു. ആരു പറഞ്ഞാലും ഒപ്പിടില്ലെന്ന് പറഞ്ഞു-ഇതാണ് ബിനീഷിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ.

അമ്മയും കുഞ്ഞുമായി താഴത്തെ മുറിയിലാണ് ഇരുന്നത്. ഇഡി ഉദ്യോഗസ്ഥരും സിആർപിഎഫുമായിരുന്നു താഴെയും മുകളിലും ഉണ്ടായിരുന്നത്. ഇവിടെ നിന്ന് അവർക്ക് ഒരു സാധനവും കിട്ടിയിട്ടില്ല. ആകെ കിട്ടിയത് അമ്മയുടെ ഐഫോൺ മാത്രമാണ്. അത് എടുത്തുകൊണ്ടു പോയി. ബിനീഷ് ഒരു ബോസും അല്ല. ബിനീഷ് എന്റെ കുട്ടികളുടെ അച്ഛൻ മാത്രമാണ്. ഒരു സാധാരണ മനുഷ്യനാണ്. കുറച്ച് സുഹൃത്തുക്കൾ ഉണ്ടെന്ന് മാത്രമെയുള്ളൂ അവർ പറഞ്ഞു. അതേസമയം, ഇഡിയുടെ പരിശോധനയ്‌ക്കെതിരെ കുടുംബം സിജെഎം കോടതിയിൽ ഹർജി നൽകി . ബിനീഷിന്റെ കുട്ടിയെ അന്യായമായി തടവിൽ വച്ചുവെന്ന് അഭിഭാഷകൻ പറഞ്ഞു.

കുഞ്ഞിനെയടക്കം തടവിലാക്കിയെന്ന പരാതിയെത്തുടർന്ന് ബാലാവകാശ കമ്മിഷൻ ബിനീഷിന്റെ വീടിനുമുന്നിൽ എത്തിയെങ്കിലും ഇഡി ഉദ്യോഗസ്ഥർ കടത്തിവിട്ടില്ല. ബിനീഷിന്റെ കുട്ടിയുടെ അവകാശം ഉദ്യോഗസ്ഥർ നിഷേധിച്ചുവെന്നും നടപടിയെടുക്കുമെന്നും ബാലാവകാശ കമ്മിഷൻ ചെയർമാൻ പറഞ്ഞു. കുട്ടിയെയും രണ്ട് സ്ത്രീകളെയും അനധികൃതമായി തടവിലാക്കിയതിന് ഇഡിക്കെതിരെ പൂജപ്പുര പൊലീസിൽ ബന്ധുക്കൾ പരാതി നൽകി. ബിനീഷിന്റെ കുടുംബം മനുഷ്യാവകാശ കമീഷനേയും വനിതാ കമീഷനെയും സമീപിച്ചു. കുഞ്ഞിനെയടക്കം തടഞ്ഞുവെച്ചതിനെതിരെ സിജെഎം കോടതിയിൽ ഹർജി നൽകി. ഇതിനിടെയാണ് ഇഡി മടങ്ങിയത്. രേഖകളിൽ ബിനീഷിന്റെ ഭാര്യ ഒപ്പിട്ടില്ല.

പുറത്തെ പ്രതിഷേധം കടുത്തതോടെ കുടുംബത്തെ അൽപസമയം ഗേറ്റ് വരെ പോകാൻ അനുവദിച്ചു. തങ്ങളെ മുറിയിൽ പൂട്ടിയിട്ട ശേഷം രേഖകളുമായി വരികയും അതിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തിയെന്നും ബിനീഷിന്റെ ഭാര്യയുടെ അമ്മ പറഞ്ഞു. മരുന്നെടുക്കാൻ പോലും ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്നും കുടുംബം ആരോപിച്ചു. പുറത്തുനിന്ന ബാലാവകാശ കമ്മിഷൻ അംഗങ്ങളോട് സംസാരിക്കാൻ പോലും ബിനീഷിന്റെ ഭാര്യയെ അനുവദിച്ചില്ല. തലപോയാലും മഹസറിൽ ഒപ്പിടില്ലെന്നും, കണ്ടെടുത്ത വസ്തുക്കൾ തങ്ങളെ കാണിച്ചില്ലെന്നും ബിനീഷിന്റെ ഭാര്യാമാതാവ് പുറത്തുവന്ന് പറഞ്ഞു. ഒപ്പിട്ടില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. വക്കീലിനെ ബന്ധപ്പെടാൻ പോലും മൊബൈൽ ഫോൺ എടുക്കാൻ അനുവദിച്ചില്ല. ഒപ്പിട്ടില്ലെങ്കിൽ ബിനീഷിന് കൂടുതൽ പ്രശ്നമാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വീട്ടിൽ നിന്നും കണ്ടെടുക്കാത്തവ ഒപ്പിട്ട് നൽകില്ലെന്നും അതിന്റെ പേരിൽ അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്തോളാനും ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും കുടുംബം പറഞ്ഞു.

ബിനീഷിനെതിരെ കൃത്രിമ തെളിവുണ്ടാക്കാനുള്ള നീക്കമാണ് ഇഡി നടത്തുന്നതെന്ന് കുടുംബം പറയുന്നു. രാവിലെ തുടങ്ങി ഉച്ചയ്ക്ക് മൂന്നരയ്ക്ക് പരിശോധന അവസാനിച്ചെങ്കിലും രേഖയിൽ ഒപ്പുവാങ്ങാനുള്ള ഗൂഢനീക്കം നടക്കാതെ വന്നപ്പോൾ ഇഡി ഉദ്യോഗസ്ഥർ രാത്രി വൈകിയും വീട്ടിൽ തുടർന്നുവെന്നാണ് ആക്ഷേപം. കേന്ദ്രസേനയെ അടക്കം ഇറക്കി ഭീകരാവസ്ഥ സൃഷ്ടിച്ച് മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ഒരു ഡയറിമാത്രമാണ് ലഭിച്ചത്. അത് അവർ തിരികെ നൽകുകയും ചെയ്തു. എല്ലാവരും പരിശോധനയോട് പൂർണമായും സഹകരിച്ചു. എന്നാൽ, തെറ്റായ രേഖകളിൽ ഒപ്പിടണമെന്ന ആവശ്യം ഭാര്യ നിഷേധിച്ചതോടെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.