മുംബൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നടത്തിയ ഡി.എൻ.എ പരിശോധനയുടെ റിപ്പോർട്ട് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹരജിയിൽ ബോംബെ ഹൈക്കോടതി ബിനോയ് കോടിയേരിയുടെ പ്രതികരണം തേടി. ഫെബ്രുവരി 10നകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ബിഹാർ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പരാതിക്കാരിയുടെ മകന്റെ പിതൃത്വവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ബിനോയ് ഡി.എൻ.എ പരിശോധനക്ക് വിധേയനായത്.

കേസ് തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് പരിശോധനക്ക് ഹൈക്കോടതി ഉത്തരവിട്ടത്. പരിശോധനഫലം ഹൈക്കോടതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേസിൽ ബിനോയ് കോടിയേരിക്കെതിരായ വിചാരണ നടപടി നീളുകയാണ്. കഴിഞ്ഞമാസം വ്യാപാര ആവശ്യത്തിന് വിദേശയാത്രക്ക് അനുമതി തേടിയുള്ള ബിനോയിയുടെ അപേക്ഷ അംഗീകരിച്ച ദിൻദോഷി സെഷൻസ് കോടതി വിചാരണനടപടികൾ ജൂൺ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. ഫെബ്രുവരി 10 വരെ വിദേശയാത്രക്ക് അനുമതി തേടിയാണ് ബിനോയ് കോടതിയിൽ അപേക്ഷ നൽകിയത്.

വിവാഹ വാഗ്ദാനം നൽകി ബിനോയ് വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാണു ഡാൻസ് ബാർ നർത്തകി 2019ൽ പരാതി നൽകിയത്. ഡിഎൻഎ പരിശോധനാ ഫലം സിപിഎമ്മിനും ഏറെ നിർണ്ണായകമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടും ഇതിൽ നിർണ്ണായകമാകും.

പേരൂർക്കടയിലെ ദത്ത് കേസാണ് ഇതിനെല്ലാം കാരണം. അനുപമയുടേയും അജിത്തിന്റേയും കുട്ടിയുടെ പിതൃത്വ പരിശോധന ഒരു ദിവസം കൊണ്ട് പൂർത്തിയായി. അതിവേഗ ഫലം വന്നു. എന്നാൽ ബിനോയ് കേസിൽ വർഷങ്ങളെടുക്കുന്നു. ഈ സാഹചര്യത്തിലാണ് ബിഹാർ യുവതി ഹൈക്കോടതിയിൽ എത്തിയത്. ഡി.എൻ.എ. ഫലം പൊലീസ് മുദ്രവെച്ച കവറിൽ കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. 2020 ഡിസംബർ ഒൻപതിനാണ് ഓഷിവാര പൊലീസ് ഫലം സമർപ്പിച്ചത്. കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് കേസുകൾ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇപ്പോൾ കേസുകൾ പരിഗണിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഡി.എൻ.എ. ഫലം തുറക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.

ഈ ഫലം കേരള രാഷ്ട്രീയത്തേയും നിർണ്ണായകമായി സ്വാധീനിക്കും. അനുപമാ കേസിൽ അജിത്തിനെതിരെ സദാചാര കടന്നാക്രമണം നടത്തിയ സൈബർ സഖാക്കളും ഭീതിയിലാണ്. തനിക്കെതിരേ ബിഹാർ യുവതി ഓഷിവാര പൊലീസ് സ്റ്റേഷനിൽ നൽകിയ ബലാത്സംഗക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019 ജൂലായ് മാസത്തിലാണ് ബിനോയ് ഹൈക്കോടതിയെ സമീപിക്കുന്നത്. ജൂലായ് 29-ന് കേസ് പരിഗണിച്ച കോടതി ഡി.എൻ.എ. പരിശോധന നടത്താൻ ബിനോയിയോട് നിർദ്ദേശിക്കുകയായിരുന്നു. ബിനോയ് തൊട്ടടുത്ത ദിവസമായ ജൂലായ് 30-ന് ജെ.ജെ.ആശുപത്രിയിൽ രക്തസാംപിളുകൾ നൽകുകയും ചെയ്തു.

കലീന ഫൊറൻസിക് ലബോറട്ടറിയിൽ സമർപ്പിച്ച സാപിളുകളുടെ ഡി.എൻ.എ. ഫലം 17 മാസത്തിനുശേഷമാണ് മുംബൈ പൊലീസിന് ലഭിക്കുന്നത്. അത് പൊലീസ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ബിനോയിക്കെതിരേ മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഈ കേസിലും ഡിഎൻഎ ഫലം നിർണ്ണായകമാകും. മുംബൈയിലെ കേസിൽ അറസ്റ്റൊഴിവാക്കാൻ ബിനോയിക്ക് കഴിഞ്ഞിരുന്നു. എന്നാൽ കേസ് ഇനിയും ഒത്തുതീർപ്പിലായില്ലെന്നാണ് ബിഹാറി യുവതിയുടെ ഹർജിയോടെ തെളിയുന്നത്.

വിവാഹ വാഗ്ദാനം നൽകി ബിഹാറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഡിഎൻഎ പരിശോധനാ ഫലം ബിനോയ് കോടിയേരിക്ക് എതിരെന്നാണ് സൂചന. ഡി എൻ എ പരിശോധനയിലെ സൂചനകൾ മുംബൈ പൊലീസിന് കിട്ടി കഴിഞ്ഞു. യുവതിയുടെ പരാതിയിൽ നഗരത്തിലെ ഓഷിവാര പൊലീസാണ് ബിനോയിക്കെതിരെ കേസെടുത്തത്. ഈ വിവാദം സിപിഎമ്മിനും കടുത്ത വെല്ലുവിളിയായി മാറും.

കുട്ടിയുടെ അച്ഛൻ ബിനോയി ആണെന്നാണ് ആരോപണം. ഇതിൽ സ്ഥിരീകരണത്തിനാണ് ഡി എൻ എ പരിശോധന നടത്തിയത്. ഇതിൽ ബിനോയിക്കെതിരെ റിപ്പോർട്ട് വന്നാൽ മാത്രമേ കുറ്റപത്രം നൽകാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് ഡി എൻ എ ഫലം ബിനീഷിന് എതിരെന്ന സൂചന വരുന്നത്. എന്നാൽ പരിശോധന സത്യം പുറത്തു കൊണ്ടു വരുമെന്ന നിലപാടിൽ തന്നെയാണ് ബിനോയ് ഇപ്പോഴും. കുട്ടിയെ വളർത്താൻ ബിനോയ് കോടിയേരി ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് ബിഹാർ സ്വദേശി യുവതി അയച്ച കത്തിന്റെ പകർപ്പ് നേരത്തെ പുറത്തു വന്നിരുന്നു . 2018 ഡിസംബറിൽ അഭിഭാഷകൻ മുഖേനയാണ് യുവതി ബിനോയ്ക്ക് കത്ത് അയച്ചത് .കുട്ടിയെ വളർത്താനുള്ള ചെലവിനുള്ള തുക എന്ന നിലയിലാണ് യുവതി ബിനോയ് കോടിയേരിയോട് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നത്.